ദുബായ് : ഇസ്ലാമിനെ കുറിച്ചും, പ്രവാചകനെ കുറിച്ചുമുള്ള വിമര്‍ശനങ്ങള്‍ക്ക് വിലക്കുകളില്ലെന്നും, അതിന് വ്യക്തമായ മറുപടി നല്‍കാന്‍ ഇസ്ലാമിക പ്രവര്‍ത്തകര്‍ക്ക് കഴിയുമെന്നും നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടറും, സ്നേഹ സംവാദം പത്രാധിപരുമായ എം. എം. അക്ബര്‍ അഭിപ്രായപ്പെട്ടു. ദുബായ് ഹോളി ഖുര്‍ആന്‍ പുരസ്ക്കാര കമ്മറ്റി യുടെ ആഭിമുഖ്യത്തില്‍ “പ്രവാചക നിന്ദ : എന്തിനു വേണ്ടി ?” എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
“കേരളത്തില്‍ അടുത്ത കാലത്ത് നടന്ന കൈ വെട്ട് കേസ് അപലപനീയമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടരുത്. ഇന്ത്യ പോലുള്ള രാജ്യത്ത് നിയമം കൈയ്യില്‍ എടുക്കുവാന്‍ ഒരാള്‍ക്കും അവകാശമില്ല.
ചോദ്യ പേപ്പര്‍ വിവാദത്തില്‍ കേരളത്തിലെ ജുഡീഷ്യറി വ്യക്തമായ നടപെടിയെടുത്തു. ഹൈക്കോടതി വിധി തങ്ക ലിപികളാല്‍ എഴുതപ്പെടേണ്ടതാണ്. ചോദ്യ പേപ്പര്‍ എഴുതിയ ആളെ സസ്പെന്‍ഡ് ചെയ്തു. പോലീസ് അയാള്‍ക്കെതിരെ കേസുമെടുത്തു. എന്നാല്‍ ഇത്തരം അനുകൂല നടപടികള്‍ ഉണ്ടാകുമ്പോഴും ചിലര്‍ അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. ഇത് അപകടകരമായ പ്രവണതയാണ്.
ചില ആളുകള്‍ക്ക് മുസ്ലീംകള്‍ എപ്പോഴും പീഡിപ്പിക്ക പ്പെടണമെന്ന ആഗ്രഹമുണ്ടെന്ന് തോന്നി പോകുന്നു. ഇവരുടെ രാഷ്ട്രീയം നിലനില്‍ക്കാന്‍ ഇത് വേണമെന്ന സ്ഥിതിയാണ്. കോടതിയും ഭരണകൂടവും നല്ല നടപടികള്‍ സ്വീകരിക്കുമ്പോഴും കുറേയാളുകള്‍ നികൃഷ്ടമായ ആക്രമണങ്ങള്‍ നടത്തുന്നു. ഒരു മുസ്ലിമും ഇതിനെ അനുകൂലിക്കരുത്. മാത്രമല്ല, അവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ മുസ്ലീംകള്‍ മുന്നില്‍ നില്‍ക്കുകയും വേണം. അവരെ നിയമത്തിന് വിട്ട് കൊടുക്കണം. അവര്‍ ഇന്ത്യയുടെ ശത്രുക്കള്‍ മാത്രമല്ല ഇസ്ലാമിന്റെയും, മുസ്ലിമിന്റെയും ശത്രുക്കളാണ്. മുസ്ലീം ഒരു ക്രൂരത ചെയ്യുമ്പോള്‍ കൂടെ നില്‍ക്കുകയും അമുസ്ലിം ക്രൂരത ചെയ്യുമ്പോള്‍ അതിനെ പര്‍വ്വതീകരിക്കുകയും ചെയ്യുന്നത് മുഹമ്മദ് നബി (സ) യുടെ ഭാഷയില്‍ വര്‍ഗ്ഗീയതയാണ്. നീതിയേയും, അനീതിയേയും വ്യക്തമായി മനസ്സിലാക്കുവാനും എം. എം. അക്ബര്‍ ആഹ്വാനം ചെയ്തു.
“ക്രിസ്തുവിന്റെ ആറാം തിരുമുറിവ്” എന്ന പി. ജെ. ആന്റണിയുടെ പുസ്തകം നിരോധിക്കണ മെന്നാവശ്യപ്പെട്ട് ക്രൈസ്തവ നേതാക്കള്‍ തെരുവിലി റങ്ങിയപ്പോള്‍ അതിനെ അനുകൂലിക്കുകയാണ് മുസ്ലീം നേതാക്കള്‍ ചെയ്തത്. ക്രിസ്തുവായാലും, കൃഷ്ണനായാലും, മുഹമ്മദ് നബിയായാലും വിമര്‍ശനത്തിനുമപ്പുറം ദുഷിച്ച പ്രയോഗങ്ങള്‍ നടത്തിയാല്‍ സമൂഹം ഒന്നടങ്കം അതിനെ എതിര്‍ക്കേണ്ടതുണ്ട്. എം. എഫ്. ഹുസൈന്‍ ഹിന്ദു ദൈവങ്ങളുടെ നഗ്ന ചിത്രം വരച്ചപ്പോള്‍ അതിനെ മുസ്ലീകള്‍ എതിര്‍ത്തു. ഒരു മുസ്ലീം നേതാവും അതിനെ അനുകൂലിച്ചില്ല.
പ്രവാചക നിന്ദ ഈമെയിലിലൂടെ പ്രചരിക്കുന്നത് തെറ്റാണ്. പഠന ആവശ്യങ്ങള്‍ക്കല്ലാതെ ഒരാളും ഇത് മറ്റൊരാള്‍ക്ക് അയച്ച് കൊടുക്കരുത്. കേരളത്തിലെ ചില പ്രസിദ്ധീകരണങ്ങളും ഈ നീക്കത്തില്‍ നിന്ന് പിന്മാറണം.
യു. എ. ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്ററാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. പ്രധാന ഹാളിന് പുറമെ സ്ത്രീകള്‍ക്ക് പ്രത്യേകമായും, പുറത്ത് ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷനുകളിലൂടെ പരിപാടികള്‍ വീക്ഷിക്കാന്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞു
പ്രൌഡ ഗംഭീരമായ ഈ പ്രഭാഷണ വേദിയില്‍ സംഘാടനത്തിന്റെ പിഴവ് മൂലം ചില കല്ലുകടികളും ഉണ്ടായതായി പരാതികള്‍ ഉയര്‍ന്നു. 10 മണിക്ക് നിശ്ചയിച്ച പരിപാടിക്ക് മറ്റ് എമിറേറ്റുകളില്‍ നിന്ന് നേരത്തെ തന്നെ ആളുകള്‍ എത്തി തുടങ്ങിയിരുന്നു. സമീപത്തെ പള്ളിയില്‍ നിന്ന് രാത്രി നമസ്ക്കാരം കഴിഞ്ഞ് 9 മണിയോടെ പ്രധാന ഹാളില്‍ പ്രവേശിച്ച ഇവരെ സംഘാടകര്‍ പുറത്തേക്ക് മാറ്റി. കാരണം തിരക്കിയപ്പോള്‍ ഇനിയും ഹാളില്‍ സജ്ജീകരണങ്ങള്‍ ഒരുക്കാനുണ്ടെന്നായിരുന്നു ഇവരുടെ മറുപടി. പുറത്തെ മുറുമുറുപ്പുകള്‍ അധികമായപ്പോള്‍ സംഘാടകര്‍ തന്നെ ഇവരെ അകത്തേക്ക് വിളിക്കുകായും ചെയ്തു. അതിനോടൊപ്പം ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിപാടികള്‍ റിപ്പോര്‍ട്ട് ചെയ്യുവാനുള്ള അവസരവും നിഷേധി ക്കുകയുണ്ടായി. മുകളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രത്യേകം സജ്ജമാക്കിയ ഇടത്തേയ്ക്കുള്ള പ്രവേശന വാതില്‍ അകത്ത് നിന്ന് പൂട്ടിയതാണ് ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് തടസ്സമായത്. കൈരളി / പീപ്പിള്‍ ചാനലിന്റെ പ്രതിനിധി പല തവണ സംഘാടകരോട് അപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല. ഇത്തരത്തില്‍ പ്രവേശനം നിഷേധിക്കപ്പെട്ടവരില്‍ താനും ഉള്‍പ്പെടുന്നു എന്നും ഇത്തരം പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സംഘാടകര്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്നും യു. എ. ഇ. യിലെ മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകനായ കെ. എ. ജബ്ബാരി ചൂണ്ടിക്കാട്ടി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മതം