ദുബായ് : പന്ത്രണ്ടാമത് യു. എ. ഇ എയര്‍ഷോ ഇന്നലെ ആരംഭിച്ചു. യു. എ. ഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ദൂം ഉദ്ഘാടനം ചെയ്തു. അബുദാബി കിരീടാവകാശിയും സായുധ സേനഉപമേധാവിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ അഖ്യാന്‍, സ്പെയ്ന്‍ രാജാവ് ഇവാന്‍ കാര്‍ലോസ്, മറ്റു രാജ കുടുംബാംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. എമിരേറ്റ്സ് എയര്‍ലൈന്‍സ് പുതിയ ബോയിംഗ് 777 വിമാനങ്ങള്‍ കൂടി ഓര്‍ഡര്‍ നല്‍കുന്ന ചടങ്ങും നടന്നു.
ചരിത്രത്തിലെ ഏറ്റവും വലിയ എയര്‍ ഷോയാണ് ഇത്തവണനത്തേത്. യുദ്ധ വിമാനങ്ങളും ഹെലികോപ്റ്ററുകളും എക്സിക്യൂട്ടീവ് വിമാനങ്ങളുമടക്കം ഏകദേശം ഇരുന്നൂറോളം വിമാനങ്ങള്‍ ഇക്കുറി പ്രദര്‍ശനത്തില്‍ ഉണ്ട്. പൈലറ്റ് ഇല്ലാതെ പറക്കുന്ന യാബോണ്‍ ആര്‍ വിമാനങ്ങളും ഇപ്പ്രാവശ്യത്തെ സവിശേഷതയാണ്. മിക്ക എയര്‍ലൈന്‍ കമ്പനികളും തങ്ങളുടെ പുതിയ മോഡലുകളുമായി എത്തിയിട്ടുണ്ട്. ബോയിങ്ങിന്റെ ഡ്രീംലൈനര്‍ 787 എന്ന വിമാനം കാണാനാണ് ഏറ്റവും തിരക്ക്. ഇരട്ട എന്‍ജിനുള്ള ഈ ഭീമന്‍ വിമാനത്തിന് 240 സീറ്റുകള്‍ ഉണ്ട്. ഖത്തര്‍ എയര്‍വെയ്സും എത്തിഹാദും ഇതിനു ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച എയര്‍ ഷോകളില്‍ ഒന്നായ ദുബായ് എയര്‍ ഷോയില്‍ കോടികളുടെ ബിസിനെസ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആദ്യ ദിനം 30,000 ലധികം സന്ദര്‍ശകര്‍ എത്തി. വ്യാഴാഴ്ച വരെയാണ് എയര്‍ ഷോ ഉണ്ടാവുക. എല്ലാ ദിവസവും ഉച്ചക്ക് 2.30 മുതല്‍ 5 വരെ വ്യോമാഭ്യാസ പ്രകടനങ്ങളും ഉണ്ടാകും.
- ലിജി അരുണ്‍