അബുദാബി : തലസ്ഥാന നഗരിയില്‍ 2022 ജനുവരി ഒന്നിനു പുലര്‍ച്ചെ ശക്തമായ മഴ പെയ്തു. കനത്ത ഇടി മിന്നലിന്‍റെയും ശക്തമായി വീശിയടിച്ച കാറ്റിന്‍റെയും അകമ്പടിയോടെ പെയ്ത മഴ നഗരത്തെ തണുപ്പിച്ചു. കഴിഞ്ഞ കുറെ ദിവസങ്ങളായി ആകെ മൂടിക്കെട്ടി നിന്ന അന്തരീക്ഷമായിരുന്നു. മഴ പെയ്തു മാനം തെളിഞ്ഞതോടെ പുതു വര്‍ഷം പിറന്ന പകലിനു നല്ല തെളിച്ചമായി.
പുതുവത്സര ദിനത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവധി ആയതിനാല്‍ മാളുകളും കച്ചവട സ്ഥാപനങ്ങളും പാര്‍ക്കു കളും ആളുകളെ കൊണ്ട് നിറഞ്ഞു. കൊവിഡ് പ്രൊട്ടോക്കോള്‍ പാലിക്കുവാനുള്ള കര്‍ശ്ശന നിര്‍ദ്ദേശങ്ങളുമായി സെക്യൂരിറ്റി ജീവനക്കാര്‍ പൊതു സ്ഥലങ്ങളില്‍ ആളുകളെ നിയന്ത്രിക്കുന്നുണ്ടായിരുന്നു.
അബുദാബിയുടെ എല്ലാ ഭാഗങ്ങളിലും ഭേദപ്പെട്ട മഴ ലഭിച്ചു. പലയുടത്തും റോഡുകളിലെ വെള്ളക്കെട്ടു കാരണം ഗതാഗത തടസ്സങ്ങള്‍ നേരിട്ടു.
യു. എ. ഇ. യിൽ കനത്ത മഴ പെയ്യും എന്നു സാമൂഹ്യ മാധ്യമങ്ങളിലൂടെ ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിരുന്നു. ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ് രംഗത്തുണ്ട്.
ദുബായ്, ഷാർജ, അജ്മാന്‍, ഫുജൈറ, റാസല്‍ ഖൈമ, ഖോർഫുക്കാൻ, ഉമ്മുല്‍ ഖുവൈന്‍ തുടങ്ങി മറ്റു എമിറേറ്റുകളില്‍ ഇന്നലെ തന്നെ ശക്തമായ മഴ പെയ്തു. വിവിധ എമിറേറ്റുകളിൽ ഞായറാഴ്ച വരെ മഴ തുടരും.
വാഹനം ഓടിക്കുന്നവരും കടലില്‍ ഇറങ്ങുന്നവരും കൂടുതല്‍ ജാഗ്രത പാലിക്കണം എന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.