ഷാര്‍ജ : വര്‍ത്തമാന കാലത്തെ സാംസ്കാരിക പ്രതിസന്ധി സമൂഹത്തിന്റെ മൂല്യച്യുതിയില്‍ നിന്നുയിര്‍ഭവിച്ചതാണെന്നും , മനസ്സുകളെ വിമലീകരിക്കാന്‍ കഴിവുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അഭാവമാണ് ഇന്നത്തെ സംസ്കാരിക അധപതനത്തിന്റെ പ്രധാന കാരണമെന്നും പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള അഭിപ്രായപ്പെട്ടു. സാഹിത്യ പഠനത്തിലൂടെയും, മാതൃഭാഷാ പഠനത്തിലൂടെയും മനസ്സുകളിലേക്ക് വെളിച്ചം വീശുന്ന അത്തരം വിദ്യാഭ്യാസ രീതി തന്നെ ഇല്ലാതായിരിക്കുന്നു. കാലങ്ങള്‍ക്ക് മുന്‍പ് ശ്രീബുദ്ധന്‍ പോലും മാതൃഭാഷാ പഠനത്തിന്റെ പ്രാധാന്യം എടുത്തു പറഞ്ഞിട്ടുണ്ട്. കുറഞ്ഞത് നാലാം ക്ലാസ് വരെയെങ്കിലും കുഞ്ഞുങ്ങളെ മാതൃഭാഷ പഠിപ്പിച്ചു അവരെ നമ്മുടെ സംസ്കാരത്തിന്റെ നറുമണം ഉള്ളവരാക്കുന്നതിനു പകരം, അന്യ ഭാഷാ പഠനവും, എടുക്കാനാകാത്ത പഠന ഭാരവും നല്‍കി നാം അവരെ വളര്‍ത്തി എടുക്കുന്നത് സമൂഹത്തിനു ഗുണമില്ലാത്ത, വ്യക്തി ശുദ്ധിയില്ലാത്ത പൌരന്മാരായിട്ടാണ്. കളിയുടേയും സൌഹൃദങ്ങളുടെയും ലോകത്തു നിന്നും അടര്‍ത്തി മാറ്റി നാമവരെ വളര്‍ത്തുന്നത് ഏകാന്തതയുടെയും, സ്വാര്‍ത്ഥതയുടെയും രാജകുമാരന്മാരായാണ് എന്നും അദ്ദേഹം പറഞ്ഞു.
അസ്തിത്വ വാദികളായ സാഹിത്യകാരന്മാരും ആധുനിക സാഹിത്യകാരന്മാരുമൊക്കെ തന്നെ ഒരു പരിധി വരെ ഈ സംസ്കാരിക അധപതനത്തിനു ആക്കം കൂട്ടുകയാണ് ചെയ്യുന്നത്. അസ്തിത്വ വാദമെന്നത് തികച്ചും വ്യക്തി കേന്ദ്രീകൃതമാണ്. സമൂഹത്തിന് പ്രസക്തമായ സന്ദേശങ്ങള്‍ നല്‍കാത്ത, പൊതുവില്‍ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാക്കാത്ത ഇത്തരം സാഹിത്യം, പക്ഷെ ഒട്ടും പുരോഗമനപരമല്ല എന്ന് പറയുന്നത് അത് കൊണ്ടാണ്. ആധുനിക സാഹിത്യവും അസ്തിത്വ വാദവും മുന്നോട്ടു വയ്ക്കുന്ന സിദ്ധാന്തങ്ങളോട് എതിര്‍പ്പ് പ്രകടിപ്പിക്കുമ്പോള്‍ തന്നെ, അവരുടെ എഴുത്തിലെ ആര്‍ജ്ജവത്തെയും സത്യസന്ധതയെയും പുരോഗമന സാഹിത്യകാരന്മാര്‍ എന്നും അംഗീകരിച്ചിട്ടുണ്ട്. ഈ ആശയ സംഘര്‍ഷത്തില്‍ നിന്നും ഉണ്ടായ ഒരു തലമുറയെ നിഷ്ക്രിയരാക്കുന്നതാണ് ഇന്നത്തെ സാമൂഹ്യാവസ്ഥ എന്നത് തികച്ചും ഖേദകരമാണ്.
മാസ് ഷാര്‍ജയുടെ വേദിയില്‍ “വര്‍ത്തമാന കാലം സാംസ്കാരിക പ്രതിസന്ധി” എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൈരളി ടി. വി. ഡയറക്ടര്‍ എ. കെ. മൂസ മാസ്റ്റര്‍ അനുബന്ധ പ്രഭാഷണം നടത്തി. കൃത്യമായ ചതുര വടിവുകളുടെ അകത്തു നിന്നുള്ള ജീവിത വ്യാപാരം സാംസ്കാരികമായ ഉന്നമനത്തിനു തീര്‍ത്തും അനുഗുണമല്ലെന്നു അദ്ദേഹം പറഞ്ഞു. അത്തരം കണക്കു കൂട്ടലുകള്‍ ജീവിതത്തിന്റെ സ്നേഹ സമ്പന്നമല്ലാത്ത യാന്ത്രികതയിലേക്കു മാത്രമേ നമ്മെ എത്തിക്കൂ എന്ന് അദ്ദേഹം സൂചിപ്പിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ്റ് കെ. ബാലകൃഷ്ണന്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. മാസ് പ്രസിഡന്റ്റ് ശ്രീപ്രകാശ് അധ്യക്ഷത വഹിച്ച യോഗത്തിന് സെക്രട്ടറി അഫ്സല്‍ സ്വാഗതം ആശംസിച്ചു.
കാക്കനാടന്‍, മുല്ലനേഴി, കാര്‍ടൂണിസ്റ്റ് കുട്ടി, സി. പി. എം. നേതാവും മുന്‍ കാസര്‍ഗോഡ് എം. പി. യുമായ ഗോവിന്ദന്‍ എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. അനില്‍ അമ്പാട്ട് അനുശോചന പ്രമേയം അവതരിപ്പിച്ചു. രമേശ് പി. പി. നന്ദി രേഖപ്പെടുത്തി .
അയച്ചു തന്നത് : ശ്രീപ്രകാശ്