ദുബായ് : ശാന്തിഗിരി അന്താരാഷ്‌ട്ര സമ്മേളനത്തിന് അനുബന്ധമായി സെപ്റ്റംബര്‍ 10നു ശാന്തിഗിരിയില്‍ നടക്കുന്ന മിഡില്‍ ഈസ്റ്റ് ആരോഗ്യ സമ്മേളനം എന്‍. എം. സി. ആശുപത്രി ചീഫ് മാനേജിംഗ് ഡയറക്ടറും, യു. എ. ഇ. എക്സ്ചേഞ്ച് ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ പത്മശ്രീ ഡോ. ബി. ആര്‍. ഷെട്ടി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.
പ്രവാസികള്‍ അയക്കുന്ന പണം സമ്പദ് വ്യവസ്ഥയുടെ നെടും തൂണ്‍ ആണെന്ന് അംഗീകരിക്കുമ്പോഴും, അവര്‍ അനുഭവിക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ശരിയായ ശ്രദ്ധ ലഭിക്കാതെ പോകുന്നുണ്ട്. ഗള്‍ഫില്‍ മാത്രം 180തില്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. യു.അ.ഇ. യിലെ മൊത്തം പ്രവാസികളില്‍ 50% ഇന്ത്യക്കാരും അതില്‍ 50% മലയാളികളും ആണെന്ന് ഇന്ത്യന്‍ എംബസി പുറത്തു വിട്ട കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
വിവിധ സാമൂഹിക സാംസ്‌കാരിക പരിസ്ഥിതി ചുറ്റുപാടുകളില്‍ നിന്നും ഹ്രസ്വ ദീര്‍ഘ കാലങ്ങ ളിലേക്കായ് ജോലി നോക്കുന്ന പ്രവാസികള്‍ ജീവിത രീതിയിലും ജീവിത സാഹചര്യങ്ങളിലും കാലാവസ്ഥയിലും വരുന്ന വ്യതിയാനങ്ങള്‍ കാരണം പല വിധത്തിലുള്ള ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ശരി വെയ്ക്കുന്നതായിരുന്നു ശാന്തിഗിരി റിസര്‍ച്ച് ഫൌണ്ടേഷന്‍ (SRF – Santhigiri Research Foundation) നടത്തിയ പ്രാഥമിക അവലോകനത്തിലെ കണ്ടെത്തലുകള്‍.
ഈ സാഹചര്യങ്ങളില്‍, സമഗ്രമായ ഒരു ഇടപെടല്‍ നടത്താന്‍ ഉതകുന്ന വിവരങ്ങള്‍ സമാഹരിക്കുകയും, നയ പരിപാടികള്‍ രൂപപ്പെടുത്തുകയും ചെയ്യുക എന്നതാണ് പ്രസ്തുത ഗവേഷണം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ശാന്തിഗിരി റിസര്‍ച്ച് ഫൌണ്ടേഷന്‍ മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍ അറിയിച്ചു.
അലോപതി, ആയുര്‍വേദം, ഹോമിയോ, സിദ്ധ തുടങ്ങി വിവിധ ആരോഗ്യ ശ്രേണികളില്‍ നിന്നുള്ള വിദഗ്ദ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 350 ഓളം പ്രവാസികളും, വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥി പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കായ് 9287201275 എന്ന നമ്പരിലോ santhigirisis അറ്റ് gmail ഡോട്ട് കോം എന്ന ഈമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.