ലോക ജനസംഖ്യാ ദിനം

July 11th, 2012

population-india-epathram

ഇന്ന് ലോക ജനസംഖ്യ 7 ബില്യൺ കവിഞ്ഞു. അൻപത് വർഷം മുൻപത്തെ കണക്കിനേക്കാൾ രണ്ടര ഇരട്ടിയാണ് ഇത്. ഭൂമിയിൽ ലഭ്യമായ വിഭവങ്ങൾ കുറഞ്ഞു കൊണ്ടിരിക്കെ ഈ വളർച്ച ഭീതിദമാണ്. കോടിക്കണക്കിന് ആളുകൾ ദാരിദ്ര്യം, പട്ടിണി, പോഷകാഹാര കുറവ്, രോഗങ്ങൾ, മതിയായ ചികിൽസാ സൌകര്യങ്ങളുടെ അഭാവം, നിരക്ഷരത, യുദ്ധം എന്നിങ്ങനെ സാമൂഹികവും, സാമ്പത്തികവും, രാഷ്ട്രീയവുമായ അനീതികൾ ദിനംപ്രതി നേരിട്ട് കൊണ്ടിരിക്കുന്നു. ജനസംഖ്യാ പെരുപ്പവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലേക്ക് ശ്രദ്ധ തിരിക്കാനായാണ് 1989ൽ ഐക്യരാഷ്ട്ര സഭയുടെ വികസന പദ്ധതി ജൂലൈ 11 ലോക ജനസംഖ്യാ ദിനമായി ആചരിക്കാൻ നിർദ്ദേശിച്ചത്. 1987 ജൂലൈ 11ന് ലോക ജനസംഖ്യ 5 ബില്യൺ കവിഞ്ഞതാണ് ഈ ദിനത്തിന് പ്രചോദനമായത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഷാവേസിന്റെ ക്യാന്‍സര്‍ പൂര്‍ണ്ണമായും മാറി

July 10th, 2012
Hugo-Chavez-epathram
കാരക്കസ്: വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് പൂര്‍ണ്ണമായും കാന്‍സര്‍ രോഗ മുക്തനായി എന്ന് റിപ്പോര്‍ട്ട്. അദ്ദേഹം തന്നെയാണ് ഇക്കാര്യം സ്വ വസതിയില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞത്. 57-കാരനാണ് ഷാവേസ്. കഴിഞ്ഞ വര്‍ഷം മധ്യത്തിലാണ് ഷാവേസിന് ക്യാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് അദ്ദേഹം ക്യൂബയില്‍ ചികിത്സയിലായിരുന്നു. ഇതിനിടയില്‍ പലതവണ ഇദ്ദേഹം മരണമടഞ്ഞു എന്ന അഭ്യൂഹം പരന്നിരുന്നു. ഒക്ടോബറില്‍ വരാനിരിക്കുന്ന പ്രസിഡണ്ട്‌ തെരഞ്ഞെടുപ്പില്‍ അനായാസം വിജയിക്കുമെന്നും ഒരു കാരണവശാലും വെനസ്വേലയുടെ പ്രസിഡന്റ് പദത്തിലേക്ക് ബൂര്‍ഷ്വാ വര്‍ഗത്തിനു പ്രവേശനം അനുവദിക്കില്ലെന്നും ഷാവേസ് പറഞ്ഞു. കടുത്ത അമേരിക്കന്‍ വിരുദ്ധനായ ഷാവേസിനെ നിരവധി തവണ അപായപ്പെടുത്താന്‍ ശ്രമം നടത്തിയിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശാസ്ത്രജ്ഞരുടെ വധത്തിന് പിന്നിൽ ജർമ്മനിയും ഫ്രാൻസും എന്ന് ഇറാൻ

July 7th, 2012

iran-nuclear-scientist-killed-epathram

ടെഹ്റാൻ : തങ്ങളുടെ ആണവ ശാസ്ത്രജ്ഞരെ വധിച്ചതിന് പിന്നിൽ പാശ്ചാത്യ ശക്തികളാണ് എന്ന് ഇറാൻ. ഇറാന്റെ ഇന്റലിജൻസ് മന്ത്രി ഹെയ്ദർ മൊസ്ലേഹിയാണ് ഇന്നലെ ഈ വെളിപ്പെടുത്തൽ നടത്തിയത്. ജെർമ്മനി, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് പുറമെ ബ്രിട്ടൻ, ഇസ്രയേൽ, അമേരിക്ക എന്നീ രാജ്യങ്ങളിലെ ചാര സംഘടനകളും തങ്ങളുടെ ശാസ്ത്രജ്ഞന്മാരെ വധിക്കാനുള്ള പദ്ധതികളിൽ പങ്കെടുത്തിരുന്നു എന്നാണ് ഇറാൻ ചാര സംഘടനയുടെ മേധാവിയുടെ വെളിപ്പെടുത്തൽ. 2010 ജനുവരി മുതൽ ഇറാന്റെ 4 ആണവ ശാസ്ത്രജ്ഞരാണ് പലപ്പോഴായി കൊല്ലപ്പെട്ടത്. ഇതിൽ തങ്ങൾക്ക് പങ്കില്ല എന്ന് അമേരിക്ക നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇതേ പറ്റി എന്തെങ്കിലും അഭിപ്രായം പറയാൻ ഇസ്രയേൽ വിസമ്മതിക്കുന്നു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഫ്രാൻസ് സ്വവർഗ്ഗ വിവാഹം അംഗീകരിക്കും

July 3rd, 2012

same-sex-marriage-epathram

പാരീസ് : ഫ്രാൻസിലെ പുതിയ സർക്കാർ സ്വവർഗ്ഗ വിവാഹം നിയമ വിധേയമാക്കും. കത്തോലിക്ക വിഭാഗത്തിന് ഭൂരിപക്ഷമുള്ള ഫ്രാൻസിൽ ഇത് തികച്ചും വ്യത്യസ്തമായ ചലനങ്ങൾ സമൂഹത്തിൽ വരുന്നതിന്റെ ലക്ഷണമായാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ മാസം അധികാരത്തിൽ വന്ന പ്രസിഡണ്ട് ഫ്രാൻസ്വാ ഒലാൻഡ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സ്വവർഗ്ഗ വിവാഹങ്ങൾക്ക് നിയമ സാധുത നൽകും എന്ന് വാഗ്ദാനം നൽകി യിരുന്നു. ഇതിന് പിന്തുണ നൽകിക്കൊണ്ട് പ്രധാന മന്ത്രി ജോൺ മാർക്ക് കൂടി കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയതോടെ ഇത് യാഥാർത്ഥ്യമാവും എന്ന് ഉറപ്പായി. സോഷ്യലിസ്റ്റ് പാർട്ടി തെരഞ്ഞെടുപ്പിൽ സമ്പൂർണ്ണ ഭൂരിപക്ഷം നേടിയതോടെ മുൻ പ്രസിഡണ്ട് നിക്കോളാസ് സാർക്കോസിയുടെ ഭരണകാലത്ത് ഈ നീക്കത്തെ എതിർത്ത കൺസർവേറ്റിവ് പാർട്ടിക്ക് ഇനി ഇതിനെ തടയാൻ ആവില്ല എന്ന് വ്യക്തവുമായി.

ഫ്രാൻസിലെ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗം ഇപ്പോഴും റോമൻ കത്തോലിക്കരാണെന്ന് സ്വയം പറയുമ്പോഴും ഇവരിൽ ഭൂരിഭാഗവും സഭയിൽ നിന്നും ഏറെ അകന്നാണ് നിൽക്കുന്നത്. പള്ളിയിൽ കുർബാനയ്ക്ക് പോകുന്നവരുടെ എണ്ണം ദിനം പ്രതി ചുരുങ്ങി വരികയാണ്. ലൈംഗിക വിഷയങ്ങളിൽ റോമൻ കത്തോലിക്കാ സഭ നിഷ്കർഷിക്കുന്ന കർശനമായ നിയന്ത്രണങ്ങളോ സ്വവർഗ്ഗ രതിയ്ക്കെതിരെ വത്തിക്കാൻ എടുക്കുന്ന നിലപാടുകളോ മിക്കവാറും ഫ്രെഞ്ചുകാർ വില കൽപ്പിക്കുന്നില്ല.

സാമ്പ്രദായിക കെട്ടുപാടുകളിൽ നിന്നും ഫ്രാൻസിനെ മോചിപ്പിച്ച് സാമൂഹിക മാറ്റത്തിന് ആക്കം നൽകുന്ന നിലപാടുകൾ സ്വീകരിക്കുക എന്ന ഒലാൻഡിന്റെ പ്രതിച്ഛായക്ക് ഏറെ ഗുണം ചെയ്യും ഈ നീക്കം എന്ന് കരുതപ്പെടുന്നു. ഫ്രാൻസിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയെ നിയമിക്കുകയും ഫ്രാൻസിൽ വധശിക്ഷ നിരോധിക്കുകയും ചെയ്ത അന്തരിച്ച സോഷ്യലിസ്റ്റ് പ്രസിഡണ്ട് ഫ്രാൻസ്വാ മിത്തറാൻഡിന്റെ പാത പിന്തുടരുകയാണ് ഒലാൻഡ്. തന്റെ പാർട്ടിക്കാരിയായ സെഗൊലെന് റൊയാലുമായുള്ള വിവാഹേതര ബന്ധത്തിൽ 4 കുട്ടികൾ ഉള്ള ഒലാൻഡ് സ്വതസിദ്ധമായ ശൈലിയിൽ വൻ സാമൂഹ്യ മാറ്റങ്ങളുടെ പ്രതീക്ഷയാണ് ഫ്രാൻസ് ജനതയ്ക്ക് നൽകുന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യൂറോ കപ്പ്: സ്പെയിന്‍ പുതിയ വീരചരിതമെഴുതി

July 2nd, 2012

spain-euro-cup-2012-epathram

കിയേവ്: യൂറോ കപ്പില്‍ മുത്തമിടാന്‍ വീണ്ടും പോരുകാളകളുടെ നാടിനു ഭാഗ്യം. മറുപടിയില്ലാത്ത നാല് ഗോളുകള്‍ നല്‍കി ഇറ്റലിയെ പരാജയപ്പെടുത്തി സ്പെയിന്‍ തുടര്‍ച്ചയായ രണ്ടാം തവണയും ചാമ്പ്യന്‍ മാരായി. ഇതോടെ തുടര്‍ച്ചയായി മൂന്നു വിഖ്യാത മത്സരങ്ങളില്‍ ചാമ്പ്യന്മാരാകുന്ന ടീം എന്ന ബഹുമതിയും ഇവര്‍ക്കായി. ജര്‍മ്മനിയെ രണ്ടു ഗോളുകള്‍ക്ക് തോൽപ്പിച്ചെത്തിയ ഇറ്റലിക്ക് കലാശക്കളിയില്‍ സ്പെയിനിന്റെ പോരാട്ട വീര്യത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. ആദ്യവസാനം കളിയിൽ മേല്‍കോയ്മ നിലനിര്‍ത്താന്‍ സ്പെയിനിനായി.

കിയേവിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ ഇറ്റലിയെ ഞെട്ടിച്ചു കൊണ്ട് ആദ്യ പകുതിയിലെ പതിനാലാം മിനുട്ടില്‍ തന്നെ സുന്ദരമായ ഹെഡിലൂടെ ഡേവിഡ് സില്‍വ വല കുലുക്കിയപ്പോള്‍ സ്പെയിനിന്റെ തേരോട്ടം തുടങ്ങുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ കറുത്ത കുതിരയായി ഇറ്റലിയെ വിജയ പഥത്തില്‍ എത്തിച്ച ബലോട്ടെല്ലിക്ക് മികച്ച ഫോം കണ്ടെത്താനാന്‍ കഴിയാതെ പോയി. സ്പെയിന്‍ പുൽതകിടിയില്‍ നെയ്തെടുത്ത പാസുകളുടെ വല പൊളിക്കാന്‍ ഇറ്റലിക്കായില്ല. മുന്നേറ്റ നിരയില്‍ ഡേവിഡ് സില്‍വയും ജോര്‍ഡി ആല്‍ബയും നിറഞ്ഞാടി. ഫാബ്രിഗാസ് അവസരത്തിനൊത്ത് ഉയര്‍ന്നു പാഴാക്കിയ അവസരങ്ങള്‍ ഗോളാക്കിയിരുന്നെങ്കില്‍ അര ഡസനില്‍ അധികം ഗോളുകള്‍ ഇറ്റലിക്ക് വീഴുമായിരുന്നു. 41ാം മിനിറ്റില്‍ രണ്ടാമത്തെ ഗോള്‍ ജോര്‍ഡി ആല്‍ബയുയുടെ ബൂട്ടില്‍ നിന്നും പിറന്നതോടെ ഇറ്റലി അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ഇതോടെ പ്രതിരോധത്തില്‍ ആയ ഇറ്റലിക്ക് പിന്നെ ആക്രമിച്ചു കളിക്കാന്‍ കഴിഞ്ഞില്ല. 75 ാം മിനിറ്റില്‍ ഫാബ്രിഗാസിന് പകരം ഇറങ്ങിയ ടോറസ് 83ാം മിനിറ്റില്‍ വീണ്ടും വല കുലുക്കിയപ്പോള്‍ ഇറ്റലിയുടെ പതനം ഉറപ്പായിരുന്നു. 88ാം മിനിറ്റില്‍ ടോറസിന്റെ സുന്ദരമായ പാസില്‍ അവസാന നിമിഷം കളത്തിലിറങ്ങിയ ജുവാന്‍ മാട്ട പായിച്ച ഗോളോടെ എണ്ണം പൂര്‍ത്തിയാക്കി. ചുവന്ന കുപ്പായമണിഞ്ഞു വന്ന സ്പെയിൻ നീല പടയായി വന്ന അസൂരികളെ വരിഞ്ഞു മുരുക്കിയതോടെ സ്പെയിൻ അനുകൂലികളായ കാണികള്‍ ചുവന്ന തിരമാലകള്‍ തീര്‍ത്തു. തുടര്‍ച്ചയായി കളിയഴകില്‍ കളം വാണ സ്പെയിന്‍ പുല്‍ത്തകിടിയില്‍ പുതിയ വീരചരിതമെഴുതി ചരിത്രത്തില്‍ ഇടം നേടി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

‘എന്നെ നോക്കരുത്, എന്റെ വാക്കുകളെ നോക്കൂ’ ഏണസ്റ്റ് ഹെമിങ്‌വേ

July 2nd, 2012

ernest-hemingway-epathram
സാന്തിയാഗോ എന്ന വൃദ്ധനെ എല്ലാവരും ഓര്‍ക്കുന്നുണ്ടാകും ഏണസ്റ്റ് ഹെമിങ്‌വേയുടെ കിഴവനും കടലും എന്ന നീണ്ട കഥയിലെ കഥാപാത്രം. ആ കഥാപാത്രത്തെ നമുക്ക് സമ്മാനിച്ച മഹാനായ സാഹിത്യകാരന്‍ സ്വയം ഇല്ലാതായിട്ട് 51 കഴിയുന്നു 61 വയസ്സുള്ളപ്പോൾ 1961 – ജൂലൈ രണ്ടാം തീയതി അമേരിക്കയിലെ ഐഡഹോയിലെ കെച്ചം എന്ന സ്ഥലത്തുവച്ച്‌ സ്വയം വെടിവെച്ചു മരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ സംഭവ ബഹുലമായ ജീവിതത്തിലൂടെ ഒരു യാത്ര. അമേരിക്കയിലെ ഇല്ലിനോയി സംസ്ഥാനത്തിലെ ഓക് പാർക്ക് എന്ന കൊച്ചു പട്ടണത്തിലാണ് ഹെമിങ്‌വേ ജനിച്ചത് യാഥാസ്ഥിതികമായ കുടുംബവും ഗ്രാമ പശ്ചാത്തലവുമായിരുന്നു അദ്ദേഹത്തിന്റേത്. ധാരാളം വായിക്കുന്ന പ്രകൃതക്കാരനായിരുന്ന ഏണസ്റ്റ് സ്കൂൾ മാസികയിൽ ലേഖനങ്ങളും കഥകളും എഴുതിത്തുടങ്ങി. ഒന്നാം ലോകമഹായുദ്ധത്തിൽ സൈനികനാകുവാൻ ആഗ്രഹിച്ചുവെങ്കിലും കാഴ്ച മോശമായതിനാൽ അതിനു കഴിഞ്ഞില്ല. എന്നാൽ റെഡ് ക്രോസ്-ൽ ചേർന്ന് ആംബുലൻസ് ഡ്രൈവറായി അദ്ദേഹം ഇറ്റലിയിൽ യുദ്ധമുഖത്തെത്തി. ജർമ്മൻ മുന്നണിയിലും പിന്നീട് ഇറ്റാലിയൻ മേഖലയിലും എത്തിയ യുവാവായ ഹെമിങ്‌വേക്ക്‌ ഓസ്ട്രിയൻ ആക്രമണങ്ങളിൽ മാരകമായ പരിക്കേറ്റു. മുന്നണിയിൽ സേവനം ചെയ്യുവാൻ കഴിയാതെ അമേരിക്കയിൽ തിരിച്ചെത്തിയ അദ്ദേഹത്തിന്റെ ശ്രദ്ധ പത്രപ്രവർത്തനരംഗത്തേക്ക് തിരിഞ്ഞു. 1936-37 കാലഘട്ടത്തിൽ സ്പെയിനിലെത്തി അവിടുത്തെ റിപ്പോർട്ടറായി പ്രവർത്തിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്തും അദ്ദേഹം യുദ്ധകാര്യലേഖകനായി പ്രവർത്തിച്ചു. ലോകമഹായുദ്ധങ്ങളും സ്പാ‍നിഷ് ആഭ്യന്തരസമരവും അദ്ദേഹത്തിന്റെ വീക്ഷണത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തി. പിന്നീട്‌ അദ്ദേഹം കഥാകാരനായി മാറുകയാണ് ഉണ്ടായത്. തുടർന്ന് വിശ്വപ്രസിദ്ധമായ കവിതകളും, നോവലുകളും എഴുതുകയുണ്ടായി. പുലിസ്റ്റർ സമ്മാനവും,1954ല്‍ നോബൽ സമ്മാനവും അദ്ദേഹത്തെ തേടിയെത്തി. ഹെമിങ്‌വേക്ക്‌ ലോകപ്രശസ്തി നേടിക്കൊടുത്ത കൃതിയാണ് ദ് ഓൾഡ് മാൻ ആന്റ് ദ് സീ (The Oldman and the Sea). ദ് സൺ ഓൾസോ റൈസസ് (The Sun Also Rises), എ ഫേർ‌വെൽ റ്റു ആംസ് (A Farewell to Arms), റ്റു ഹാവ് ഏൻഡ് ഹാവ് നോട്ട് (To Have and Have Not) എന്നീ നോവലുകളും, ദ് ഫിഫ്ത് കോളം (The Fifth Coulmn) എന്ന നാടകവും അദ്ദേഹത്തിന്റെ വളരെ ശ്രദ്ധേയങ്ങളായ കൃതികളായിരുന്നു. ഇദ്ദേഹത്തിന്റെ രചനാശൈലി പിന്നീട്‌ ഹെമിങ്‌വേ ശൈലി എന്നറിയപ്പെട്ടു.
യുദ്ധത്തിൽ മുട്ടിനു പരിക്കേറ്റ അദ്ദേഹം ആശുപത്രിയിലാവുകയും തന്നെ ശുശ്രൂഷിച്ച നേഴ്സുമായി പ്രണയത്തിലാവുകയും ചെയ്തു. ഇത് ആയുധങ്ങളോട് വിട (A farewell to arms) എന്ന പ്രശസ്തമായ കൃതിക്കു കാരണമായി. ഈ നോവലിലെ കേന്ദ്ര കഥാപാത്രവും യുദ്ധത്തിൽ പരിക്കേറ്റ് ആശുപത്രിയിലാവുകയും നേഴ്സുമായി പ്രണയത്തിലാവുകയും ചെയ്യുന്നു. വേദനയുടെ കാലത്ത് പ്രണയത്തെ കണ്ടെത്തുകയും യുദ്ധത്തിന്റെ നിരർത്ഥകതയെയും രക്തച്ചൊരിച്ചിലിനെയും ചോദ്യം ചെയ്യുകയും ചെയ്യുന്ന ഈ പുസ്തകം 1927-ലാണ് എഴുതിയത്. അമേരിക്കയിൽ തിരിച്ചെത്തിയ അദ്ദേഹം പിന്നീട് മറ്റൊരു സ്ത്രീയുമായി വിവാഹിതനായി പാരീസ്, കാനഡ, ഇറ്റലി, സ്പെയിൻ എന്നീ സ്ഥലങ്ങളിൽ താമസിച്ചു. സ്പെയിനിലെ തന്റെ ജീവിതത്തിനെയും കാളപ്പോരിനെയും കുറിച്ച് എഴുതിയ ‘സൂര്യൻ ഉദിക്കുന്നു‘(The sun also rises)എന്ന പുസ്തകവും മരണത്തോടുള്ള അഭിനിവേശം പ്രകാശിപ്പിക്കുന്നുണ്ട്.
ഹെമിങ്‌വേ ജീവിതത്തിൽ ഏകാകിയായിരിക്കുവാൻ ഇഷ്ടപ്പെട്ടു. ‘എന്നെ നോക്കരുത്, എന്റെ വാക്കുകളെ നോക്കൂ’ എന്ന് അദ്ദേഹം പറയുമായിരുന്നു. സ്പെയിനിലെ കാളപ്പോരിനെക്കുറിച്ച് ‘അപരാഹ്നത്തിലെ മരണം’ (Death in the afternoon) എന്ന പുസ്തകം എഴുതി. 1927-ൽ അദ്ദേഹം ഒരു യുദ്ധവിരുദ്ധ പത്രപ്രവർത്തകനായി സ്പെയിനിലേക്കു പോയി. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ നോവൽ ഒരുപക്ഷേ സ്പെയിനിലെ ജനറൽ ഫ്രാങ്കോയുടെ ആഭ്യന്തരയുദ്ധത്തെക്കുറിച്ച് എഴുതിയ ‘മണിമുഴങ്ങുന്നത് ആർക്കുവേണ്ടി’ (For whom the bell tolls) എന്ന നോവലാണ്. ആദർശങ്ങൾക്കുവേണ്ടി ജീവിക്കുന്ന അമേരിക്കക്കാരനായ കേന്ദ്ര കഥാപാത്രം റോബർട്ട് ജോർഡാൻജനറൽ ഫ്രാങ്കോയ്ക്കെതിരെ ഒളിയുദ്ധം ചെയ്യുന്നതും മരിയ എന്ന യുവതിയുമായി പ്രണയത്തിലാവുന്നതും ഒടുവിൽ മരിക്കുന്നതുമാണ് കഥാതന്തു. ഇതിലെ കഥാപാത്രങ്ങൾ ആത്മഹത്യയെ ഭീരുത്വമായി വിശേഷിപ്പിക്കുനു. എങ്കിലും ഹെമിങ്‌വേ ഒടുവിൽ ആത്മഹത്യചെയ്തു എന്നത് വൈരുദ്ധ്യമാണ്. ആയുസ്സിന്റെ പകുതിഭാ‍ഗവും ഇദ്ദേഹം ചെലവഴിച്ചത്‌ ക്യൂബയിലാണ്. ഹെമിംഗ്‌വ്വേയുടെ പേരിൽ ക്യൂബയിൽ വ‌ർഷംതോറും മീൻപിടുത്തമത്സരം നടത്തിവരുന്നു.
ചെറുകഥാകൃത്ത്, പത്രപ്രവർത്തകൻ എന്നിങ്ങനെയുള്ള വിശേഷണങ്ങളും ഹെമിങ്‌വേയ്ക്കുണ്ട്. ദീർഘകാലം ‘ടോറന്റോ സ്റ്റാർ‘ എന്ന പത്രത്തിന്റെ ലേഖകനായിരുന്നു.
എ മൂവബിൾ ഫീസ്റ്റ്, ഹെമിംഗ്‌വേയുടെ സമ്പൂർണ ചെറുകഥകൾ (The complete short stories of Ernest Hemingway),
കിളിമഞ്ചാരോവിലെ മഞ്ഞും മറ്റുകഥകളും (The snows of Kilimanjaro, and other stories), നമ്മുടെ കാലത്ത് – കഥകൾ (In our time : stories), ഹെമിങ്‌വേയുടെ ചെറുകഥകൾ (The short stories of Ernest Hemingway), ഏദൻ തോട്ടം (The Garden of Eden), അരുവിയിലെ ദ്വീപുകൾ (Islands in the stream), ആഫ്രിക്കയിലെ പച്ച മലകൾ (Green hills of Africa), ആദ്യ പ്രകാശത്തിലെ സത്യം (True at first light), നദിക്കു കുറുകേ, മരങ്ങളിലേക്ക് (Across the river and into the trees), നിക്ക് ആദംസ് കഥകൾ (The Nick Adams stories) എന്നിവയാണ് ഇദ്ദേഹത്തിന്റെ മറ്റു പ്രശസ്ത കൃതികള്‍

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചൈനീസ് ബഹിരാകാശ യാത്രിക തിരിച്ചെത്തി

July 1st, 2012

chinese-female-astronaut-epathram

ബെയ്ജിംഗ് : ചൈനയുടെ ചരിത്രത്തിലെ ആദ്യ വനിതാ ബഹിരാകാശ യാത്രിക ലിയു യാങ് ഭൂമിയിൽ തിരിച്ചെത്തി. 13 ദിവസത്തെ ബഹിരാകാശ യാത്ര വിജയകരമായി പൂർത്തിയാക്കിയ മൂന്നംഗ സംഘം വെള്ളിയാഴ്ച രാവിലെയാണ് മംഗോളിയയിൽ സുരക്ഷിതമായി എത്തിച്ചേർന്നത്. കാപ്സൂൾ രൂപത്തിലുള്ള ബഹിരാകാശയാനം ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണ പഥത്തിലാണ് സഞ്ചരിച്ചതെങ്കിലും ഇത് ഭാവിയിലെ ചൈനയുടെ ബഹിരാകാശ കേന്ദ്രത്തിന്റെ പ്രോട്ടോടൈപ്പ് ആണെന്ന് ചൈന അറിയിച്ചു. മംഗോളിയയിലെ ഹരിതാഭമായ പുൽമേടിൽ പാരഷൂട്ടിൽ വന്നിറങ്ങിയ കാപ്സൂളിൽ നിന്നും ഒരു മണിക്കൂറിന് ശേഷമാണ് കമാണ്ടർ ജിങ് ഹായ്പെങ് പുറത്തിറങ്ങിയത്. തുടർന്ന് ലിയു വാങ്, ലിയു യാങ് എന്നിവരും പുറത്തിറങ്ങി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അമേരിക്കയിൽ കൊടുങ്കാറ്റ് : 30 ലക്ഷം വീടുകൾ ഇരുട്ടിൽ

July 1st, 2012

washington-storm-epathram

വാഷിംഗ്ടൺ : കിഴക്കൻ അമേരിക്കയിൽ ആഞ്ഞടിച്ച കൊടുങ്കാറ്റിൽ 12 പേർ കൊല്ലപ്പെട്ടു. വൈദ്യുതി നിലച്ചതിനാൽ 30 ലക്ഷം വീടുകൾ ഇരുട്ടിലായി. ഇൻഡ്യാന മുതൽ മേരിലാൻഡ് വരെയുള്ള വൈദ്യുത ലൈനുകളാണ് പേമാരിയെ തുടർന്ന് പ്രവർത്തന രഹിതമായത്. വാഷിംഗ്ടൺ ഡി. സി., വെർജീനിയ, ഒഹായൊ എന്നിവിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. പലയിടങ്ങളിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ ആഴ്ചകൾ വേണ്ടി വരും. വെർജീനിയയിൽ 6ഉം, മേരിലാൻഡിൽ 2ഉം, ന്യൂ ജേഴ്സിയിൽ 2ഉം, ടെന്നെസീയിൽ 2ഉം ആളുകൾ കൊല്ലപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്നത്തെ രാവിന് ദൈർഘ്യമേറും

June 30th, 2012

the-persistence-of-memory-salvador-dali-epathram

പാരീസ് : അന്താരാഷ്ട്ര സമയ നിയന്ത്രണ സംഘടനയായ പാരീസിലെ ഏർത്ത് ഒറിയന്റേഷൻ സർവീസ് ഇന്നത്തെ രാത്രിക്ക് ഒരു സെക്കൻഡ് കൂടി അധികം നൽകും. അതായത് ഇന്നത്തെ രാത്രിക്ക് ഒരു സെക്കൻഡ് നീളം കൂടുതൽ ആയിരിക്കും എന്ന്. അഗോളമായി സമയം ക്രമപ്പെടുത്തുവാൻ ഉപയോഗിക്കുന്ന അറ്റോമിൿ ക്ലോക്ക് ഒരൽപ്പം വേഗത്തിൽ ചലിക്കുന്നതും, ചന്ദ്രന്റെ വേലിയേറ്റ ആകർഷണ ബലങ്ങളുടെ ഫലമായി ഭൂമിയുടെ കറക്കത്തിന്റെ വേഗതയിൽ വരുന്ന കുറവും എല്ലാം കൂടിച്ചേർന്ന് ഇടയ്ക്ക് ഇങ്ങനെ സമയം ക്രമപ്പെടുത്തേണ്ടി വരാറുണ്ട് എന്ന് പാരീസിലെ ഏർത്ത് ഒറിയന്റേഷൻ സർവീസ് അറിയിക്കുന്നു. ഭൂമി അതിന്റെ അച്ചുതണ്ടിൽ ഒരു തവണ കറങ്ങാൻ എടുക്കുന്ന സമയത്തെയാണ് ഒരു സമ്പൂർണ്ണ ദിനമായി കണക്കാക്കുന്നത്. എന്നാൽ നൂറ് വർഷം മുൻപ് ഇതിന് എടുത്ത സമയത്തേക്കാൾ രണ്ടര മില്ലി സെക്കൻഡ് സമയം ഇപ്പോൾ ഭൂമി കൂടുതലായി എടുക്കുന്നുണ്ട്. ഇത് ഒരു വർഷം കൊണ്ട് ഏതാണ്ട് ഒരു സെക്കൻഡിന്റെ മുക്കാൽ ഭാഗമായി മാറും. ഇത് സമയാസമയം അധികൃതർ ആഗോള സമയത്തിൽ കൂട്ടിച്ചേർക്കും. 2009 ജനുവരിയിലാണ് ഇതിന് മുൻപ് ഇങ്ങനെ ചേർത്തത്. ഇനി അടുത്തത് മിക്കവാറും 2015ലോ 2016ലോ ആയിരിക്കും.

മുകളിലെ ചിത്രം : സാലവഡോർ ഡാലിയുടെ “ദ പെർസിസ്റ്റൻസ് ഓഫ് മെമറി”

.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ശബ്ദത്തിന്‍റെ ഏഴിരട്ടി വേഗത്തിലുള്ള മിസൈലുകള്‍

June 29th, 2012
brahmos missile 2012-epathram
മോസ്കോ: ശബ്ദത്തിന്‍റെ ഏഴിരട്ടി വേഗത്തില്‍ പായുന്ന ഹൈപ്പര്‍സോണിക് ബ്രഹ്മോസ് മിസൈലുകള്‍ ഇന്ത്യയും റഷ്യയും ചേര്‍ന്ന് നിര്‍മ്മിക്കുന്നു. ഇവ 2017 ല്‍ പുറത്തിറങ്ങും എന്നാണ് കരുതുന്നത്. ഒരു മണിക്കൂറിനുള്ളില്‍ ലോകത്തെവിടെയും ആക്രമണം നടത്താന്‍ സാധിക്കുന്ന മിസൈലിന്റെ മുന്നോടിയാണ് ഇത്. ഇത് വികസിപ്പിച്ചെടുക്കാന്‍ അഞ്ചു വര്ഷം വേണം.
മിസൈലിന്റെ വിക്ഷേപണം 2017 ല്‍ നടത്താനാകുമെന്ന് ഇന്ത്യ – റഷ്യ സംയുക്ത സംരംഭമായ ബ്രഹ് മോസ് എയറോസ്പേസിന്റെ സി. ഈ. ഓ. ആയ ശിവതാണുപിള്ളയാണ് വ്യക്തമാക്കിയത്. കരയില്‍ നിന്നും കടലില്‍ നിന്നും ആകാശത്തുനിന്നും വിക്ഷേപിക്കാവുന്ന മിസൈലുകള്‍ ആണ് ഇവ.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഭോപ്പാല്‍ ദുരന്തം: യൂണിയന്‍ കാര്‍ബൈഡ് ഉത്തരവാദി അല്ലെന്നു കോടതി
Next »Next Page » ഇന്നത്തെ രാവിന് ദൈർഘ്യമേറും »



  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine