അബുദാബി : കേരള സോഷ്യൽ സെൻ്റർ സംഘടിപ്പിച്ച 24-ആമത് ജിമ്മി ജോർജ്ജ് മെമ്മോറിയൽ അന്താരാഷ്ട്ര റമദാൻ വോളി ബോൾ ടൂർണ്ണ മെന്റിൽ എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കളായി.
അബുദാബി അൽ ജസീറ സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ ഏക പക്ഷീയ മായ മൂന്നു സെറ്റുകൾക്ക് ലിറ്റിൽ സ്കോളർ ദുബായിയെ പരാജയപ്പെടുത്തിയാണ് എൽ. എൽ. എച്ച്. ഹോസ്പിറ്റൽ വിജയികളായത്.
എവർ റോളിംഗ് ട്രോഫിയും 20,000 ദിര്‍ഹവുമാണ് വിജയികള്‍ക്ക് സമ്മാനിച്ചത്. റണ്ണേഴ്‌സ് അപ്പിന് അയൂബ് മാസ്റ്റര്‍ സ്മാരക ട്രോഫിയും 15,000 ദിര്‍ഹവും സമ്മാനിച്ചു.
മികച്ച കളിക്കാരൻ, ഒഫെൻഡർ, ബ്ലോക്കർ, സെറ്റർ, ലിബറോ, ഭാവി വാഗ്ദാനം എന്നിവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് മുൻ വോളിബോൾ താരവും എം. എൽ.എ. യുമായ മാണി സി. കാപ്പനു സമ്മാനിച്ചു. ബുർജീൽ ഹോൾഡിംഗ്സിൻ്റെ എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ഗ്രൂപ്പുമായി സഹകരിച്ചു കൊണ്ടാണ് വോളിബോൾ ടൂർണ്ണ മെൻ്റ് സംഘടിപ്പിച്ചത്.
ഇന്ത്യ, യു. എ. ഇ, ഈജിപ്ത്, ബ്രസീൽ, കൊളംബിയ, ലെബനോൺ, ക്യൂബ, റഷ്യ, സെർബിയ, യു. എസ്. എ., ഇറാൻ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ ദേശീയ – അന്തർ ദേശീയ താരങ്ങൾ മത്സരത്തിൽ പങ്കെടുത്തു.
എൽ. എൽ. എച്ച്. ഹോസ്പിറ്റൽ, ഓൺലി ഫ്രഷ് ദുബായ്, പാല സിക്സ് മദിന ദുബായ്, ശ്രീലങ്കൻ ടീം, ലിറ്റിൽ സ്കോളർ നഴ്സറി ദുബായ്, ഖാൻ ക്ലബ്ബ് എന്നീ ആറ് ടീമുകളാണ് മാറ്റുരച്ചത്.
ഡോ. നരേന്ദ്ര (റീജണൽ ഡയറക്ടർ, ബുർജീൽ ഹോൾഡിംഗ്സ്), ഡോ. പത്മനാഭൻ (ഡയറക്ടർ, ക്ലിനിക്കൽ എക്സലന്റ്), വി. നന്ദ കുമാർ (ഡയറക്ടർ , മാർക്കറ്റിംഗ് കമ്മ്യൂണിക്കേഷൻ, ലുലു ഗ്രൂപ്പ്) തുടങ്ങിയവർ കളിക്കാരുമായി പരിചയപ്പെട്ടു.
കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി, ജനറല്‍ സെക്രട്ടറി കെ. സത്യൻ, സ്പോര്‍ട്സ് സെക്രട്ടറിമാരായ റഷീദ് അയിരൂർ, സുഭാഷ് മടേക്കടവ്, കൺവീനർ സലീം ചിറക്കൽ എന്നിവര്‍ നേതൃത്വം നല്‍കി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കായികം, കേരള സോഷ്യല്‍ സെന്റര്‍, സംഘടന