അബുദബി : ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയായ ‘ടീം അബുദബിൻസ്’ ഒന്നാം വാർഷിക ആഘോഷ പരിപാടികള്‍ തിങ്ങി നിറഞ്ഞ സദസ്സിന്‍റെ ഹര്‍ഷാരവങ്ങളോടെ’ഓണ നിലാവ്’എന്ന പേരില്‍ അരങ്ങേറി.
രണ്ടു വര്‍ഷക്കാലം പൊതു പരിപാടികളില്‍ നിന്നും അകന്നു നിന്ന കുടുംബ പ്രേക്ഷകര്‍ ഒന്നാകെ ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ എത്തി ച്ചേര്‍ന്ന് വിജയിപ്പിച്ച ഓണ നിലാവില്‍ പ്രശസ്ത ഗായകരായ കണ്ണൂർ ഷരീഫ്, ഷാഫി കൊല്ലം, സജ് ല സലീം, അനഘ അജയ്, ശ്യാം ലാല്‍ എന്നിവരും യു. എ. ഇ. യിലെ ശ്രദ്ധേയ കലാ കാരന്മാരായ യൂസഫ് കാരക്കാട്, ആന്‍സര്‍ വെഞ്ഞാറമൂട്, റാഫി മുഹമ്മദ് എന്നിവരും ജനപ്രിയ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചു.
മാധ്യമ രംഗത്തെ സജീവ ഇടപെടലുകളെ മുന്‍ നിറുത്തി ദൃശ്യ മാധ്യമ രംഗത്തെ സമഗ്ര സംഭാവനക്ക് അബുദാബി 24/7 ന്യൂസ് ചാനൽ ചീഫ് റിപ്പോർട്ടർ സമീർ കല്ലറ, പ്രിന്‍റ് മീഡിയയില്‍ സിറാജ് ദിനപ്പത്രം സീനിയർ ന്യൂസ് റിപ്പോർട്ടറും അബുദാബി ബ്യൂറോ ചീഫുമായ റാഷിദ് പൂമാടം എന്നിവര്‍ക്ക് മാധ്യമ പുരസ്കാരം സമ്മാനിച്ചു.
എക്സ്പ്രസ്സ് സ്റ്റുഡിയോ നൽകുന്ന 10,001 രൂപയും ഫലകവും സമ്മാനിച്ചു. സാമൂഹ്യ പ്രവര്‍ത്തന മേഖലയിൽ ഡോക്ടർ ധനലക്ഷ്മിക്ക് എക്സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു. അവാർഡ് തുക, നീലേശ്വരം കോട്ടപ്പുറത്തെ നിർധനയായ സ്ത്രീ യുടെ വീട് നിർമ്മാണത്തിന് നല്‍കും എന്ന് റാഷിദ് പൂമാടം അറിയിച്ചു.
‘ടീം അബുദബിൻസ്’ വാർഷിക ആഘോഷ പരിപാടി കളുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തില്‍ അബുദബി ഇന്ത്യൻ എംബസ്സി കോൺസുലർ ഡോക്ടർ. ബാലാജി രാമസ്വാമി, മലയാളി സമാജം പ്രസിഡണ്ട് റഫീഖ്, സമാജം മീഡിയ കോഡിനേറ്റര്‍ പി. ടി. റഫീഖ്, ലുലു എക്സ് ചേഞ്ച് സ്ട്രാറ്റജിക് ബിസിനസ്സ് റിലേഷൻ ഹെഡ് അജിത് ജോൺസൺ, എൽ. എൽ. എച്ച്. ഹോസ്പിറ്റൽ യൂറോളജിസ്റ്റ് ഡോക്ടർ. മുഹമ്മദ് സഈദ്, ഇൻകാസ് അബുദാബി സെക്രട്ടറി സലിം ചിറക്കൽ, ലുലു പി. ആർ. ഒ. അഷ്റഫ്, ടീം അബുദബിൻസ് പ്രസിഡണ്ട് ഫൈസൽ അദൃശ്ശേരി, ജനറൽ സെക്രട്ടറി ജാഫർ റബീഹ്, വൈസ് പ്രസിഡണ്ട് മുനവ്വർ, ട്രഷറർ നജാഫ് മൊഗ്രാൽ, റെഡ് എക്സ് മീഡിയ എം. ഡി. ഹനീഫ് കുമരനെല്ലൂർ, ഇശല്‍ ബാന്‍ഡ് ചെയര്‍മാന്‍ റഫീഖ് ഹൈദ്രോസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ഷഫീല്‍ കണ്ണൂര്‍ സംവിധാനം ചെയ്ത ഓണ നിലാവില്‍ മലയാളി സമാജം വനിതാ അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിരയും അരങ്ങേറി. ഡോക്ടര്‍ അപര്‍ണ്ണ സത്യദാസ് അവതാരക ആയിരുന്നു.
- pma