അബുദാബി : സാംസ്കാരിക കൂട്ടായ്മ ടീം അബുദബിന്‍സ് രണ്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കുന്ന ‘ഓണ നിലാവ് സീസൺ-2’ വൈവിധ്യമാര്‍ന്ന കലാ പരിപാടികളോടെ 2023 ഒക്ടോബർ 21 ശനിയാഴ്ച വൈകുന്നേരം 6 മണി മുതൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ അരങ്ങേറും എന്നു ഭാര വാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പരിപാടിയുടെ പോസ്റ്റർ പ്രകാശനം സലിം ചിറക്കൽ, ലുലു പി ആർ ഒ അഷറഫ് എന്നിവര്‍ ചേര്‍ന്നു നിര്‍വ്വഹിച്ചു.
മാധ്യമ രംഗത്തെ സമഗ്ര സംഭാവനകളെ മാനിച്ച് മാധ്യമ പ്രവർത്തകരെ ആദരിക്കുന്നതിനായി ടീം അബുദബിൻസ് ഏർപ്പെടുത്തിയ മാധ്യമ പുരസ്‌കാരം എൻ. എം. അബൂബക്കർ (മലയാള മനോരമ), ഷിനോജ് കെ. ഷംസുദ്ദീൻ (മീഡിയ വൺ) എന്നിവര്‍ക്കും സ്പോർട്സ് എക്സലൻസ് അവാർഡ് സാദിഖ് അഹമ്മദിനും സമ്മാനിക്കും. ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) യുടെ പ്രസിഡണ്ട് കൂടിയാണ് എന്‍. എം. അബൂബക്കര്‍.
യു. എ. ഇ. ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ, സാമൂഹിക സാംസ്കാരിക പ്രവർത്തകരും സംബന്ധിക്കും.
ലക്ഷ്മി ജയൻ, നവാസ് കാസർഗോഡ്, ഷഹ്‌ജ, കലാഭവൻ ബിജു, അൻസാർ വെഞ്ഞാറമൂട്, റഷാ മറിയം, മഞ്ജുഷ, റഷീദ്, ഷാസിയ, നസ്മിജ തുടങ്ങിയ കലാകാരന്മാരും അണി നിരക്കുന്ന ഓണ നിലാവ് സീസണ്‍ രണ്ട് – കാണികള്‍ക്ക് വേറിട്ട അനുഭവം സമ്മാനിക്കും എന്നും സംഘാടകര്‍ അറിയിച്ചു.
ടീം അബുദബിന്‍സ് പ്രസിഡണ്ട് ഫൈസല്‍ അദൃശ്ശേരി, ജനറൽ സെക്രട്ടറി ജാഫർ റബീഹ്, വൈസ് പ്രസിഡണ്ട് മുനവ്വർ, ട്രഷറർ നജാഫ് മൊഗ്രാൽ, മുജീബ് റഹ്മാൻ, ഷാമി, ശബീർ, ജിമ്മി, മുഹമ്മദ്, യാസർ തുടങ്ങിയവർ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, ആഘോഷം, ഇന്ത്യന്‍ കോണ്‍സുലേറ്റ്, പ്രവാസി, ബഹുമതി, മാധ്യമങ്ങള്‍, സംഘടന, സാമൂഹ്യ സേവനം