സംഗീത ആസ്വാദകരായ പ്രവാസികള്‍ ഈയിടെ ഏറ്റവും കൂടുതല്‍ ആസ്വദിച്ച മാപ്പിള പ്പാട്ട് ആല്‍ബം ഏതെന്നു ചോദിച്ചാല്‍ എല്ലാവരും പറയും ‘മാശാ അല്ലാഹ്’. ഗള്‍ഫിലെ റേഡിയോ നിലയങ്ങളിലെ മാപ്പിള പ്പാട്ട് പരിപാടികളില്‍ എപ്പോഴും ഇതിലെ ഗാനങ്ങള്‍ ഉള്‍ക്കൊ ള്ളിച്ചിരുന്നു. ‘മാശാ അല്ലാഹ്’ എന്ന സംഗീത ആല്‍ബത്തിന് രചനയും സംഗീതവും നിര്‍വ്വഹിച്ചത് സൈനുദ്ധീന്‍ ഖുറൈഷിയാണ്.
ശ്രദ്ധേയനായ കവി കൂടിയായ ഖുറൈഷി, മാപ്പിള പ്പാട്ട് രചനയിലേക്ക് വന്നത് യാദൃശ്ചികമല്ല. മാപ്പിള ഗാന രംഗത്ത് ആദ്യമായി കൊളമ്പിയ റിക്കാര്‍ഡില്‍ പാടിയ പ്രശസ്ത സംഗീതജ്ഞനും പണ്ഡിതനും ആയിരുന്ന മര്‍ഹൂം ഗുല്‍ മുഹമ്മദ് ബാവയുടെ പേര മകനും, മാപ്പിള പ്പാട്ടിലെ തന്നെ മറ്റൊരു ഇതിഹാസവും, മാപ്പിള പ്പാട്ട് ഗാന ശാഖയിലെ പഴയ തലമുറക്കാരനും, സംഗീത ലോകത്ത് പുതിയ തലമുറക്ക് വഴി കാട്ടി യുമായി നിരവധി കലാ കാരന്‍മാരെ ഗാനാസ്വാ ദകര്‍ക്ക് പരിചയ പ്പെടുത്തുകയും ചെയ്തിട്ടുള്ള കെ. ജി. സത്താറിന്റെ അനന്തര വനുമായ സൈനുദ്ധീന്‍ ഖുറൈഷി, പാരമ്പര്യ ത്തിന്റെ മേന്‍മകള്‍ അവകാശ പ്പെടാവുന്ന ഒരു കവിയും എഴുത്തു കാരനുമാണ്.
കവിയെന്ന നിലയില്‍ ഖുറൈഷിയെ e പത്രം വായനക്കാര്‍ക്ക് പരിചയ പ്പെടുത്തേണ്ടതില്ല. e പത്രം അക്ഷര ലോകത്തില്‍ പ്രസിദ്ധീകരിച്ച ഖുറൈഷിയുടെ വേലികള്‍, മാവേലിയുടെ ഓണം, കടല്‍, പാവം..!, പ്രണയത്തിന്‍റെ കാണാപ്പുറങ്ങള്‍, ഭ്രാന്തിന്‍റെ പുരാവൃത്തം, ഉമ്മ, പുഴ, കാബൂളില്‍ നിന്ന് ഖേദപൂര്‍വ്വം എന്നീ കവിതകള്‍ക്ക് അസ്വാദകര്‍ ഏറെയാണ്.
കവിത മാത്രമല്ല കഥയും, നോവലൈറ്റും തനിക്ക് വഴങ്ങുമെന്ന് സൈനുദ്ധീന്‍ ഖുറൈഷി തെളിയിച്ചു കഴിഞ്ഞു. “സുഹറ”, “മീസാന്‍ കല്ലുകള്‍”, “റൂഹാനി” എന്നീ കഥകളും “അവന്റെ കഥ ആരുടെയൊക്കെയോ കഥ”, “ആദര്‍ശങ്ങളില്‍ നഷ്ടപ്പെടുന്നവര്‍” എന്നീ നോവലൈറ്റുകളും ഇതിന് ഉദാഹരണമാണ്. കലാ കൗമുദിയുടെ കഥ എന്ന പ്രസിദ്ധീ കരണത്തില്‍ അച്ചടിച്ചു വന്ന “അവന്റെ കഥ ആരുടെ യൊക്കെയോ കഥ” എന്ന നോവലെറ്റ് വളരെയേറെ ശ്രദ്ധിക്ക പ്പെട്ടതായിരുന്നു. അദ്ദേഹത്തിന്റെ മറ്റു കവിതകളായ “യാത്രാ മൊഴി”, “സൊമാലിയ”, “കുരുത്തി”, “കടല്‍ കടന്നവര്‍”, “വിത്തു കാള”, “നിഴലുകള്‍”, “വഴികള്‍ മറന്നവരോട്”, “പഞ്ച നാദത്തിലെ മുത്തശ്ശി”, “അസ്തമയത്തിനു മുന്‍പ്” എന്നിവയും ഏറെ ശ്രദ്ധിക്കപെട്ടു.
മാപ്പിള പ്പാട്ടിലെ സ്ഥിരം ശൈലിയില്‍ നിന്നും മാറി, ശുദ്ധ സാഹിത്യവും സംഗീതവും എന്തു കൊണ്ട് ഉപയോഗിച്ചു കൂടാ എന്ന ചോദ്യവുമായി പുറത്തിറക്കിയ ‘മെഹ്റാന്‍’ എന്ന ആല്‍ബം വിദ്യാധരന്‍ മാസ്റ്ററാണു സംഗീതം ചെയ്തത്. വിജയ് യേശുദാസ് ആദ്യമായി മാപ്പിള പ്പാട്ട് ആല്‍ബത്തില്‍ പാടുന്നതും സൈനുദ്ധീനു വേണ്ടിയാണ് . മാപ്പിള പ്പാട്ടിലെ ‘ടിപ്പിക്കല്‍ സംഗതികള്‍’ എല്ലാം തന്നെ ഒഴിവാക്കി പുറത്തു വന്ന മെഹ്റാന്‍, സംഗീത രംഗത്ത് വളരെ ശ്രദ്ധിക്കപ്പെട്ടു.
പിന്നീട് നൌഷാദ് ചാവക്കാട് സംഗീതം നല്‍കി സൈനുദ്ധീന്‍ ഖുറൈഷി രചിച്ച ഗാനങ്ങള്‍ ‘പൂ നിലാത്തട്ടം’ എന്ന ആല്‍ബത്തിനെ സൂപ്പര്‍ ഹിറ്റാക്കി മാറ്റി.
മാര്‍ക്കോസ് പാടിയ ആലം പടച്ച റബ്ബ് , അറിവിന്‍ വെളിച്ചമേ (കണ്ണൂര്‍ ഷരീഫ്, രഹന), കാല്‍ തളയിട്ടൊരു (കണ്ണൂര്‍ ഷരീഫ്), ഖല്‍ബിന്റെ ഉള്ളില്‍ (ശംസ് കുറ്റിപ്പുറം), അകതാരില്‍ നിറയുന്ന (അല്‍ക അജിത്ത് ) എന്നിവയായിരുന്നു പൂ നിലാത്തട്ട ത്തിലെ ശ്രദ്ധേയമായ പാട്ടുകള്‍.
തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാടിനു സമീപം തിരുനെല്ലൂര്‍ സ്വദേശിയായ സൈനുദ്ധീന്‍ ഖുറൈഷി, വിദ്യാഭ്യാ സത്തിനു ശേഷം 1989 ല്‍ പ്രവാസ ജീവിത ത്തിലേക്ക് ചേക്കേറി.
സ്കൂള്‍ പഠന കാലം മുതല്‍ ചിത്ര രചനയില്‍ താത്പര്യം കാണിച്ച സൈനുദ്ധീന്‍ ഖുറൈഷി കവിത യിലേക്കും കഥയിലേക്കും ചുവടു മാറുന്നതിനു മുന്‍പേ നാടക രംഗത്ത് അല്‍പം സജീവ മായിരുന്നു. സ്കൂള്‍ കോളേജ് നാടകങ്ങള്‍ സംവിധാനം ചെയ്ത് ശ്രദ്ധ നേടിയ അദ്ദേഹം എന്തു കൊണ്ടോ ആ രംഗത്ത് കൂടുതല്‍ നിന്നില്ല.
എട്ടാം ക്ളാസ്സ് വിദ്യാര്‍ത്ഥി ആയിരി ക്കുമ്പോള്‍ , തൃശ്ശൂരില്‍ നിന്നും പ്രസിദ്ധീകരിച്ചു വന്നിരുന്ന എക്സ്സ് പ്രസ്സ് ദിനപ്പത്ര ത്തില്‍ ആദ്യ കഥ അച്ചടിച്ചു വന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട അദ്ധ്യാപകര്‍, സൈനുദ്ധീനില്‍ വളരുന്ന സാഹിത്യ കാരനെ വീട്ടുകാര്‍ക്ക് പരിചയ പ്പെടുത്തു കയായിരുന്നു. ഇപ്പോള്‍ പ്രവാസ ജീവിതത്തിലെ തിരക്കു കള്‍ക്കിടയിലും എഴുത്തിനു വേണ്ടി സമയം കണ്ടെത്തുന്നു. ‘ബൂലോഗ’ ത്തും ഇദ്ദേഹത്തിനു ഒട്ടേറെ വായനക്കാര്‍ ഉണ്ട്. ശ്രദ്ധേയനായ ഒരു ബ്ലോഗ്ഗര്‍ കൂടിയാണ് സൈനുദ്ധീന്‍. അദ്ദേഹത്തിന്റെ ബ്ലോഗ് : മുല്ലപ്പൂക്കള്‍
സോഷ്യല്‍ നെറ്റ് വര്‍ക്ക് രംഗത്തെ മലയാള ത്തിലെ ഏറ്റവും വലിയ കൂട്ടായ്മയായ കൂട്ടം ഡോട്ട് കോം, ചാവക്കാട് സോഷ്യല്‍ നെറ്റ് വര്‍ക്ക് എന്നിവയിലും ഇദ്ദേഹത്തിന്റെ ബ്ലോഗ്ഗുകള്‍ വായിക്കാം. കൂട്ടം ഡോട്ട് കോം യു. എ. ഇ. യിലെ മെംബര്‍മാര്‍ക്കു വേണ്ടി സംഘടിപ്പിച്ച “കൂട്ടം യു.എ.ഇ. മീറ്റ്” അബുദാബിയില്‍ വന്‍ വിജയമായി തീര്‍ന്നതില്‍ സൈനുദ്ധീന്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നു.
സൈനുദ്ധീന്‍ ഖുറൈഷി രചനയും, സംഗീതവും നിര്‍വ്വഹിച്ച്, “വ്യത്യസ്ഥ മായ പ്രണയ ശീലുകളുമായി ഒരു മാപ്പിള പ്പാട്ട് ആല്‍ബം” എന്ന ആമുഖത്തോടെ ഈയിടെ ഈസ്റ്റ് കോസ്റ്റ് ആഡിയോസ് പുറത്തിറക്കിയ സൂപ്പര്‍ ഹിറ്റ് ആല്‍ബം ‘മാശാ അല്ലാഹ് ’ ഓഡിയോ വിതരണ രംഗത്ത് ചലനം സൃഷ്ടിച്ചു കഴിഞ്ഞു.
അന്‍വര്‍ സാദാത്ത്, വിധു പ്രതാപ് എന്നീ പ്രശസ്ത പിന്നണി ഗായകരോടൊപ്പം യു. എ. ഇ. യിലെ വേദികളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച, പ്രശസ്ത കലാ കാരന്‍ മാരായ റാഫി പാവറട്ടി, കബീര്‍ തളിക്കുളം, ശംസ് കുറ്റിപ്പുറം, ഷഹീന്‍ ഫരീദ് എന്നിവരും പാട്ടുകള്‍ പാടിയിരിക്കുന്നു. തന്റെ പുതിയ സംരംഭത്തിലും പ്രവാസി കലാകാരന്‍ മാര്‍ക്ക് അവസരം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ കാല മുസ്ലിം ലീഗ് പ്രവര്‍ത്ത കനായ മര്‍ഹൂം കെ. വി.അബൂബക്കര്‍ – കെ. ജി. സൈനബാ ബായി ദമ്പതികളുടെ ഏറ്റവും ഇളയ മകനാണ് സൈനുദ്ധീന്‍ ഖുറൈഷി. സഹോദരന്‍ ഷംസുദ്ധീന്‍, സഹോദരിമാര്‍ നെജ്മ, ബഷീറ, സുഹറ എന്നിവര്‍.
ഭാര്യ ജാസ്മിന്‍, മകന്‍ സുഹൈല്‍, പെണ്മക്കള്‍ സര്‍മീന സൈനബ്, സുഹൈറ സൈനബ്. കഴിഞ്ഞ 19 വര്‍ഷങ്ങളായി കുടുംബ സമേതം അബുദാബിയില്‍ കഴിയുന്നു.
eMail: suhailzz3 at gmail dot com
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി