അബുദാബി : ഭരത് മുരളി നാടകോത്സവം എട്ടാം ദിവസം ഓർമ്മ ദുബായ് അവതരിപ്പിച്ച ‘ഭൂതങ്ങൾ’ എന്ന നാടകം അരങ്ങിൽ എത്തി. കുടുംബ പശ്ചാത്തലത്തിലുള്ള ഒരു കഥയാണ് ഭൂതങ്ങൾ പറയുന്നത്. അപ്പൻ കൊണ്ട വെയിലാണ് മക്കൾ അനുഭവിക്കുന്ന തണൽ. എന്നാൽ മക്കളെയും ഭാര്യയെയും എല്ലാ കാലത്തും വെയിലത്ത് നിർത്തിയ ഒരു അപ്പൻ്റെ ജീവിതവും അന്ത്യവുമാണ് ഈ നാടകം പറയുന്നത്.
നമ്മുടെ സമൂഹത്തിൽ ഇത്തരത്തിലുള്ള അപ്പന്മാർ ഏറെയുണ്ട്. ഭർത്താവിൻ്റെ കൊള്ളരുതായ്മകൾ സഹിച്ച് നീറി ജീവിക്കുന്ന സ്ത്രീ ജന്മങ്ങളുടെയും അപ്പൻ്റെ ചെയ്തികളാൽ ജീവിതം തന്നെ കൈ വിട്ടു പോയ മക്കളുടെയും കഥ പറയുന്നു. 2022 ൽ പുറത്തിറങ്ങിയ ‘അപ്പൻ’ (സംവിധാനം: മജു) എന്ന സിനിമ യുടെ നാടക രൂപാന്തരമായ ഭൂതങ്ങൾ എന്ന നാടകം സംവിധാനം ചെയ്തത് യു. എ. ഇ. യിലെ പ്രശസ്ത നാടക പ്രവർത്തകൻ ഒ. ടി. ഷാജഹാൻ.
അമ്പു സതീഷ്, കലാമണ്ഡലം അമലു, ബാബുരാജ് ഉറവ്, രാജേഷ് കെ. കെ., പുതുമ ചന്ദ്ര ബാബു, അക്ഷയ് ലാൽ, ദിനേഷ് കൃഷ്ണ, പി. പി. അഷ്‌റഫ് തുടങ്ങിയവർ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. മിഥുൻ മലയാളം (സംഗീതം), സനേഷ് കെ. ഡി. (പ്രകാശം) അലിയാർ അലി (രംഗ സജ്ജീകരണം), ജിജിത (വേഷ വിതാനം), വചൻ കൃഷ്ണ (ചമയം) എന്നിവർ അണിയറയിൽ പ്രവർത്തിച്ചു
നാടകോത്സവം ഒൻപതാം ദിവസം ജനുവരി 19 വെള്ളിയാഴ്ച യുവ കലാ സാഹിതി അബുദാബി അവതരിപ്പിക്കുന്ന ‘ആറാം ദിവസം’ എന്ന നാടകം അരങ്ങേറും. ജനുവരി 20 ശനിയാഴ്ച കാമമോഹിതം എന്ന നാടകത്തോടെ നാടകോത്സവത്തിനു സമാപനം കുറിക്കും. ഫല പ്രഖ്യാപനം 2024 ജനുവരി 22 തിങ്കളാഴ്ച രാത്രി 8 മണിക്ക് നടക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സോഷ്യല്‍ സെന്റര്‍, ദുബായ്, നാടകം, പ്രവാസി, സംഘടന, സ്ത്രീ