കൈറോ : വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പൌരന്മാർക്ക് സഹായങ്ങളും സേവനങ്ങളും എത്തിക്കുന്നതിൽ കാലവിളംബം പാടില്ല എന്ന് വിദേശ കാര്യ മന്ത്രി എസ്. എം. കൃഷ്ണ ഇന്ത്യൻ എംബസികൾക്ക് നിർദ്ദേശം നൽകി. മദ്ധ്യ പൂർവ്വേഷ്യൻ രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഈ നിർദ്ദേശം നൽകിയത്. മൂന്ന് ദിവസത്തെ ഈജിപ്റ്റ് സന്ദർശനത്തിന് എത്തിയതാണ് എസ്. എം. കൃഷ്ണ. പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി ഒരു ഉദ്യോഗസ്ഥനെ പ്രത്യേകമായി ചുമതലപ്പെടുത്തണം എന്നും മന്ത്രി നിർദ്ദേശിച്ചു. ക്ഷേമ ഉദ്യോഗസ്ഥൻ എന്ന് അറിയപ്പെടുന്ന ഈ ഉദ്യോഗസ്ഥൻ ആഴ്ച്ചയിൽ ഒരു ദിവസം പ്രവാസികളെ നേരിട്ട് കണ്ട് അവരുടെ പ്രശ്നങ്ങൾ ആരായുകയും അവയ്ക്ക് ദ്രുതഗതിയിൽ പരിഹാരം കാണുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും വേണം. പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനായി പുത്തൻ ആശയങ്ങൾ നടപ്പിലാക്കുവാൻ മന്ത്രി ഇന്ത്യൻ പ്രതിനിധികളോട് ആവശ്യപ്പെട്ടു. ക്ഷേമ പ്രവർത്തനങ്ങൾ ഫലപ്രദമാണോ എന്ന് അംബാസിഡർമാർ നിരീക്ഷണം നടത്തണം എന്നും മന്ത്രി ആവശ്യപ്പെട്ടു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രവാസി
ഇറ്റാലിയന്‍ മന്ത്രിയുടെയും നളിനി ജമീലയുടേക്കും വാക്കുകള്‍ക്ക് സത്യസന്ധതയുണ്ട്.