ടെലിഫോണ്‍ നയത്തില്‍ മാറ്റം വരുത്തിയതോടെ ഇനി യു.എ.ഇ. യിലെ പ്രവാസികള്‍ക്ക് നാട്ടിലേക്ക് ഇന്റര്‍നെറ്റ് വഴി ഫോണ്‍ ചെയ്യാന്‍ അവസരം ഒരുങ്ങുന്നു എന്ന പ്രതീക്ഷ പൂര്‍ണ്ണമായി നടപ്പിലാവാന്‍ വഴിയില്ല. ഇന്റര്‍നെറ്റ് വഴി നാട്ടിലേക്ക് വിളിക്കാന്‍ ഉപയോഗിക്കുന്ന വോയ്പ് (VOIP – Voice Over Internet Protocol) പ്രോഗ്രാമുകളില്‍ ഒന്നും തന്നെ ഇനിയും യു.എ.ഇ. യില്‍ നിയമ വിധേയമായി ഉപയോഗിക്കാന്‍ ആവില്ല. ഇത്തരം പ്രോഗ്രാമുകളില്‍ ഏറ്റവും ജനപ്രിയമായ സ്കൈപ്പ് ഉള്‍പ്പെടെ ഒരു കമ്പനിക്കും യു.എ.ഇ. യില്‍ തങ്ങളുടെ സേവനം ലഭ്യമാക്കാന്‍ ഉള്ള ലൈസന്‍സ് അധികൃതര്‍ നല്‍കിയിട്ടില്ല.
ടെലിഫോണ്‍ രംഗത്ത് ഏറെ നാളത്തെ കുത്തക ആയിരുന്ന എത്തിസലാത്തിനും, പിന്നീട് രംഗത്ത് വന്ന ഡു എന്ന കമ്പനിക്കും ആണ് ആദ്യ ഘട്ടത്തില്‍ ലൈസന്‍സ് അനുവദിച്ചിട്ടുള്ളത്. ഇതോടൊപ്പം ഉപഗ്രഹ ടെലിഫോണ്‍ സേവനം നല്‍കി വരുന്ന യാഹ്സാത്, തുരയ്യ എന്നീ കമ്പനികള്‍ക്കും ലൈസന്‍സ് നല്‍കിയിട്ടുണ്ട്.
ഈ കമ്പനികള്‍ക്ക് ഇനി മുതല്‍ നിയമ വിധേയമായി തങ്ങളുടെ ടെലിഫോണ്‍ സേവനത്തില്‍ VOIP സാങ്കേതിക വിദ്യ ഉപയോഗിച്ച് ടെലിഫോണ്‍ സിഗ്നല്‍ ഇന്റര്‍നെറ്റ് വഴി തിരിച്ചു വിടാനാകും. പരമ്പരാഗത ടെലിഫോണ്‍ വ്യവസ്തയെക്കാള്‍ അല്‍പ്പം ശബ്ദ മേന്മ ഈ സംവിധാനത്തില്‍ കുറവായിരിക്കും എങ്കിലും ഇത് രാജ്യാന്തര തലത്തില്‍ ഉള്ള വിനിമയ ബന്ധത്തിന്റെ ചിലവ് ഗണ്യമായി കുറയ്ക്കുകയും ചെയ്യും.
എന്നാല്‍ ഇതിന്റെ പൂര്‍ണ്ണമായ ലാഭം ഉപയോക്താക്കള്‍ക്ക് ലഭിക്കാന്‍ സാധ്യതയില്ല. ഇത്തരത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗം വഴി ലഭിക്കുന്ന ലാഭത്തിന്റെ ഒരു ചെറിയ അംശം മാത്രമാവും കമ്പനികള്‍ ഉപയോക്താക്കള്‍ക്ക് നല്‍കുക. കമ്പനികള്‍ നിശ്ചയിക്കുന്ന നിരക്കുകളില്‍ തന്നെയാവും ഈ സേവനം ഉപയോക്താവിന് ലഭിക്കുന്നത്.
വോയ്പ് രണ്ടു തരത്തില്‍ ഉപയോഗത്തില്‍ വരാനാണ് സാധ്യത. വോയ്പ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ടെലിഫോണ്‍ യന്ത്രമാവും ഒന്ന്. ഇത്തരം യന്ത്രങ്ങള്‍ നേരത്തെ തന്നെ അനധികൃതമായി വിപണിയില്‍ ലഭ്യമായിരുന്നു. ഇവ ഇന്റര്‍നെറ്റ് ലൈനില്‍ ഘടിപ്പിച്ച് വോയ്പ് ഉപയോഗിച്ച് സാധാരണ ഫോണിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഫോണ്‍ വിളിക്കാന്‍ കഴിയും. മറ്റൊന്ന് ഈ കമ്പനികള്‍ ലഭ്യമാക്കുന്ന സോഫ്റ്റ്‌വെയര്‍ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്ത് കമ്പ്യൂട്ടര്‍ വഴി ഫോണ്‍ വിളിക്കുന്ന സംവിധാനം. എന്നാല്‍ ഇതിന്റെ ചിലവ് സാധാരണ ഫോണിനേക്കാള്‍ ഒരല്‍പ്പം കുറവായിരിക്കും.
സ്കൈപ്പ് പോലുള്ള കമ്പനികള്‍ യു.എ.ഇ. യില്‍ തങ്ങളുടെ സേവനം ലഭ്യമാക്കുന്നത് നിയമത്തിന്റെ ദൃഷ്ടിയില്‍ നിയമ ലംഘനമാണ്. എന്നാല്‍ ലൈസന്‍സ് ലഭിച്ച കമ്പനികളുമായി വ്യാപാര കരാറുകളില്‍ ഏര്‍പ്പെട്ട് കൊണ്ട് ഈ കമ്പനികള്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനം നിയമ വിധേയമായി നടത്താനാവും. എന്നാല്‍ ഇതിനു വേണ്ടി വരുന്ന അധിക ചിലവ് കൂടി കണക്കില്‍ എടുക്കുമ്പോള്‍ അനധികൃതം ആയിട്ടാണെങ്കിലും ഇപ്പോള്‍ പലരും ഇന്റര്‍നെറ്റ് വഴി നാട്ടിലേക്ക് ഫോണ്‍ വിളിക്കുന്നത്ര ലാഭകരമായി ഏതായാലും ഇനിയും നിയമ വിധേയമായി ഫോണ്‍ വിളിക്കാന്‍ ആവില്ല എന്ന് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat