അബുദാബി : മാറി മാറി വരുന്ന സംസ്ഥാന സര്‍ക്കാരുകള്‍ സഭയെ കബളിപ്പിച്ചു കൊണ്ടിരിക്കുക യാണ് എന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ മാര്‍ ബസേലിയോസ് മാര്‍തോമാ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ അബുദാബിയില്‍ പറഞ്ഞു.
കോലഞ്ചേരി പള്ളി തര്‍ക്കവുമായി ബന്ധപ്പെട്ടു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടാണ് ബാവാ തിരുമേനി സര്‍ക്കാരുകള്‍ക്ക് എതിരെ പ്രതികരിച്ചത്. ഗവണ്മെന്റിനു കഴിയാത്ത ഒരു ഉറപ്പ് ആര്‍ക്കും കൊടുക്കരുത്. എന്നാല്‍ എഴുതപ്പെട്ട രണ്ട് ഉറപ്പുകള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും സഭക്ക് നല്‍കിയിരുന്നു. അതൊന്നും പാലിക്കപ്പെട്ടില്ല. അധികാരം നില നിര്‍ത്തുക എന്നതാണ് സര്‍ക്കാരുകളുടെ ലക്‌ഷ്യം. അതിനു കോട്ടം തട്ടുന്ന പലതും അവര്‍ കണ്ടില്ലെന്നു നടിക്കും. ചില എം. എല്‍. എ. മാരുടെ തടവില്‍ ഒരു ഗവന്മേന്റ്റ് കഴിയുമ്പോള്‍ ആ സര്‍ക്കാരിന് സത്യസന്ധത ഉണ്ടാവില്ല. സഭാ തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാറിന് കഴിയില്ലാ എങ്കില്‍ അത് തുറന്നു പറയണം.
രാഷ്ട്രീയ സംഘര്‍ഷ ങ്ങളുടെ പേരില്‍ രക്ത രൂഷിതമായ കലാപങ്ങള്‍ പല സ്ഥലത്തും നടക്കുന്നുണ്ട്. പള്ളിത്തര്‍ക്ക ങ്ങളും ഈ രീതിയില്‍ കലാപ ത്തിലേക്ക് നീങ്ങാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. നമ്മള്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കരുത് എന്നും തിരുമേനി കൂട്ടിച്ചേര്‍ത്തു.
മത മണ്ഡലം എന്ന് പറയുന്നത് സമൂഹ ത്തിലെ മാലിന്യങ്ങള്‍ ശുദ്ധീകരി ക്കാനുള്ളതാണ്. ശരീരത്തിലെ അഴുക്ക് കളയാന്‍ സോപ്പ് ഉപയോഗി ക്കുന്നത് പോലെ. എന്നാല്‍ സോപ്പില്‍ തന്നെ അഴുക്ക് ഉണ്ടായാല്‍ എന്ത് ചെയ്യും? മതം ഒരു രാഷ്ട്രീയ ശക്തിയായി തീര്‍ന്നാല്‍ മതത്തിന്റെ പരിശുദ്ധി കാത്തു സൂക്ഷിക്കാന്‍ ആവില്ല – സഭയുടെ രാഷ്ട്രീയ നിലപാടിനെ കുറിച്ചു ചോദിച്ചപ്പോള്‍ തിരുമേനി പ്രതികരിച്ചു.
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയ്ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളില്ല. പിറവത്തായാലും നെയ്യാറ്റിന്‍കരയിലായാലും ഇന്നയാള്‍ക്ക് വോട്ട് ചെയ്യണമെന്ന് സഭ പറയില്ല. പക്ഷെ സഭാവിശ്വാസികള്‍ എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട്. പ്രാദേശിക മായ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഓരോ ഇടവകക്കും സന്ദര്‍ഭങ്ങള്‍ അനുസരിച്ച് അവരുടെതായ തീരുമാനം എടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്.
അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ആഘോഷ ത്തില്‍ പങ്കെടുക്കാനാണ് കാതോലിക്ക ബാവ അബുദാബിയില്‍ എത്തിയത്. വാര്‍ത്താ സമ്മേളന ത്തില്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയ നൊപ്പം യാക്കൂബ് മാര്‍ ഏലിയാസ്, തോമസ് മാര്‍ അത്താനിയോസ്, ഫാദര്‍ വി. സി. ജോസ് ചെമ്മനം, ട്രസ്റ്റി സ്റ്റീഫന്‍ കെ. കെ., സെക്രട്ടറി കെ .ഇ. തോമസ്, മീഡിയാ സെക്രട്ടറി ജോര്‍ജ് എബ്രഹാം എന്നിവരും പങ്കെടുത്തു.
ഏപ്രില്‍ 27 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് അബുദാബി നാഷണല്‍ തിയേറ്ററില്‍ കാതോലിക്ക ബാവയ്ക്ക് അബുദാബി ഇടവകയുടെ നേതൃത്വ ത്തില്‍ പൗരസ്വീകരണം നല്‍കും.
സ്വീകരണ സമ്മേളന ത്തില്‍ യു. എ. ഇ. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശൈഖ് മുബാറക് അല്‍ നഹ്യാന്‍, ഇന്ത്യന്‍ സ്ഥാനപതി എം. കെ. ലോകേഷ്, അബുദാബി പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് അലി അല്‍ഹാശ്മി, അബുദാബി ചേംബര്‍ ഡയറക്ടര്‍ യൂസഫലി എം. എ., ബ്രഹ്മവാര്‍ ഭദ്രാസനാധിപന്‍ യാക്കൂബ്മാര്‍ ഏലിയസ് മെത്രാപ്പൊലീത്ത, ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്താനിയോസ്, വിവിധ സഭാ നേതാക്കള്‍, സാമുദായിക നേതാക്കള്‍, വ്യവസായ പ്രമുഖര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവരും പങ്കെടുക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മതം