അബുദാബി : ലോക റിക്കോര്‍ഡ് തകര്‍ത്തിട്ടും മല്‍സരം വിജയിക്കാനാവാത്ത ദൌര്ഭാഗ്യമായിരുന്നു ഈ കഴിഞ്ഞ ദിവസം അബുദാബി യാസ് മറീന സര്‍ക്യൂട്ടില്‍ നടന്ന 2011 എഫ് വണ്‍ ഇന്‍ സ്ക്കൂള്‍സ് യു. എ. ഇ. ദേശീയ ചാമ്പ്യന്‍ഷിപ്പ് മല്‍സരത്തില്‍ പങ്കെടുത്ത ദുബായ് ഇന്ത്യന്‍ ഹൈസ്ക്കൂള്‍ ടീമിന്.
ലോക റിക്കോര്‍ഡ് തകര്‍ത്ത ഇന്ത്യന്‍ ഹൈസ്ക്കൂളിന്റെ കാര്‍
നിലവിലുള്ള ലോക റിക്കോര്‍ഡ് ആയ 1.02 സെക്കണ്ടിനെ കടത്തി വെട്ടി ഇത്തവണത്തെ മത്സരത്തില്‍ ഇന്ത്യന്‍ ഹൈസ്ക്കളിന്റെ ടീമായ ബ്ലാക്ക് ബേര്‍ഡിന്റെ കാര്‍ 1.009 സെക്കണ്ടില്‍ ലക്‌ഷ്യം കണ്ടു. എന്നാല്‍ അന്താരാഷ്‌ട്ര മത്സരത്തിലെ വേഗത മാത്രമേ ലോക റിക്കോര്‍ഡിനായി പരിഗണിക്കൂ എന്നതിനാല്‍ ഈ നേട്ടം രേഖപ്പെടുത്തിയില്ല എന്ന് ടീമിന്റെ റിസോഴ്സ് മാനേജര്‍ ശ്രീകാന്ത് മോഹന്‍ കുമാര്‍ e-പത്രത്തോട് പറഞ്ഞു.
ശ്രീകാന്ത് മോഹന്‍ കുമാര്‍
കേവലം സാങ്കേതികമായ കാരണം പറഞ്ഞാണ് ലോക റിക്കോര്‍ഡ് തകര്ത്തിട്ടും തങ്ങള്‍ക്ക് ഒന്നാം സ്ഥാനം ലഭിക്കാതെ പോയത്. മത്സരത്തിലെ പ്രകടനത്തിന് പുറമേ രൂപകല്‍പ്പന, അതിന്റെ വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങള്‍ക്ക് ലഭിക്കുന്ന മൊത്തം മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് മല്‍സര വിജയിയെ പ്രഖ്യാപിക്കുന്നത്.
ലോക റിക്കോര്‍ഡ് തകര്‍ത്ത പ്രകടനം
ഇത്തരം ഒരു റിപ്പോര്‍ട്ട് അധികൃതര്‍ അവസാന ഘട്ടത്തില്‍ നിര്‍ദ്ദേശിച്ച രൂപകല്‍പ്പനയിലെ ചില മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സമയ പരിധിക്കുള്ളില്‍ സമര്‍പ്പിച്ചില്ല എന്ന കാരണത്താലാണ് ഇവരുടെ ടീമിന് പോയന്റുകളില്‍ കുറവ് വന്നതും ലോക റിക്കോര്‍ഡ് തന്നെ ഭേദിച്ചിട്ടും മല്‍സരത്തില്‍ മൂന്നാം സ്ഥാനം മാത്രം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നതും.
മല്‍സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചില്ലെങ്കിലും മറ്റ് രണ്ട് ഇനങ്ങളില്‍ ഒന്നാം സ്ഥാനം തങ്ങളുടെ ടീമിന് തന്നെ ലഭിച്ചു എന്ന് ശ്രീകാന്ത് പറഞ്ഞു. മികച്ച ടീം ഐഡന്റിറ്റി, മികച്ച ടീം ഡിസ്പ്ലേ എന്നിവയ്ക്കാണ് ഇവര്‍ക്ക് ഒന്നാം സ്ഥാനം ലഭിച്ചത്.
ഫോര്‍മുലാ വണ്‍ കാറിന്റെ ചെറു മാതൃക മരത്തില്‍ നിര്‍മ്മിച്ച് അതിനു പുറകില്‍ ഘടിപ്പിച്ച വാതക സിലിണ്ടറിലെ അതിമര്‍ദ്ദത്തിലുള്ള വാതകം തുറന്നു വിടുമ്പോള്‍ കാര്‍ മുന്നോട്ട് കുതിക്കും. ഇങ്ങനെയാണ് ഫോര്‍മുലാ വണ്‍ ഇന്‍ സ്ക്കൂള്‍സ് മല്‍സരം നടത്തുന്നത്.
കാറിന്റെ നിര്‍മ്മാണ ഘട്ടത്തില്‍
ഫിസിക്സും എയറോ ഡൈനാമിക്സും എല്ലാം ഉപയോഗിച്ച് കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറില്‍ കാറിന്റെ രൂപകല്‍പ്പന ചെയ്യുന്നത് മുതല്‍ കുട്ടികള്‍ മത്സരത്തിന്റെ ഓരോ ഘട്ടത്തിലും തങ്ങളുടെ കഴിവുകള്‍ തെളിയിക്കുന്നു. തങ്ങളുടെ കാറിന് മല്‍സരത്തില്‍ പങ്കെടുക്കാനുള്ള ചിലവും, അതിനുള്ള സ്പോണ്സര്‍മാരെ കണ്ടെത്തലും ബിസിനസ് പ്ലാന്‍ ഉണ്ടാക്കലും, പരസ്യം ചെയ്യലും, വിപണനവും എല്ലാം കുട്ടികള്‍ തന്നെയാണ് ചെയ്യുന്നത്. ജഡ്ജിമാരുടെ മുന്നില്‍ തങ്ങള്‍ ചെയ്ത കാര്യങ്ങള്‍ ഇവര്‍ അവതരിപ്പിക്കുകയും ചെയ്യുന്നു.
ഒരു സെക്കണ്ട് എന്ന സമയ പരിധി ലംഘിച്ച് പ്രശസ്തമായ ബെര്‍ണി എക്കിള്‍സ്റ്റോണ്‍ ട്രോഫി കരസ്ഥമാക്കുക എന്ന പരമമായ ലക്ഷ്യമാണ് ഇനി തങ്ങളുടെ മുന്നില്‍ എന്ന് ശ്രീകാന്ത് പറയുന്നു. ദുബായില്‍ എന്ജിനിയറായ കായംകുളം സ്വദേശി മോഹന്‍ കുമാര്‍, ബിന്ദു ദമ്പതിമാരുടെ മകനാണ് ശ്രീകാന്ത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കായികം, കുട്ടികള്‍, വിദ്യാഭ്യാസം