ദുബായ് : സംസ്കാരത്തെ കാത്തു സൂക്ഷിക്കുകയും സമൂഹത്തിന്റെ കാവല്‍ ഭടനായി നില്‍ക്കുകയും ചെയ്യേണ്ട മാധ്യമങ്ങള്‍ സമൂഹത്തിന് എതിര് നില്‍ക്കുന്ന ഒരു വിഭാഗത്തിന്റെ ഭാഗമായി മാറുന്നതോടെ സംസ്കാരത്തിന്റെ ധ്രുവീകരണം ഉണ്ടാവുകയും സമൂഹത്തിന് അനുസ്യൂതി നഷ്ടപ്പെടുകയും ചെയ്യുന്നു എന്ന് ദുബായില്‍ “നമ്മുടെ മാധ്യമങ്ങളും സാംസ്കാരികതയും” എന്ന വിഷയത്തില്‍ നടന്ന മാധ്യമ സിമ്പോസിയം അഭിപ്രായപ്പെട്ടു.
ഒരു സീസണില്‍ പത്തോ പതിനഞ്ചോ കോടി രൂപ മൂലധനം സംഭരിച്ചു നല്‍കുന്ന ഉപാധികളായി മാറുമ്പോള്‍ മാധ്യമങ്ങള്‍ക്ക് അവയുടെ ധര്‍മ്മം നിറവേറ്റാന്‍ കഴിയാതെ വരുന്നു. സമൂഹത്തിലെ ഉച്ചനീച്ചത്വങ്ങളെയും വിവേചനങ്ങളെയും ചോദ്യം ചെയ്യാനുള്ള ഉത്തരവാദിത്തം സമൂഹം ഏല്‍പ്പിച്ചു കൊടുത്ത പോലീസുകാരാണ് മാധ്യമങ്ങള്‍. എന്നാല്‍, സമൂഹത്തിന് എതിരെ നില്‍ക്കുന്ന മുതലാളിത്ത ക്യാമ്പിന്റെ ഭാഗമായി മാറുന്നതോടെ അത്തരമൊരു ദൌത്യം മാധ്യമങ്ങള്‍ കയ്യൊഴിയുകയും വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെടുകയും വാര്‍ത്തകള്‍ കിട്ടാതെ പോവുകയും ചെയ്യുന്നു.
കമ്പോള വല്‍ക്കരണം പിടി മുറുക്കിയ മാധ്യമങ്ങള്‍ക്ക് അവയുടെ യഥാര്‍ത്ഥ ദൌത്യം നിര്‍വഹിക്കാനുള്ള കരുത്തേകാന്‍ നവ മാധ്യമ സാങ്കേതിക വിദ്യക്ക് കഴിയും എന്ന് സിമ്പോസിയത്തില്‍ പങ്കെടുത്തവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ലൈവ് ടെലികാസ്റ്റ് സങ്കേതത്തിലൂടെ പാര്‍ശ്വവല്ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്കും സംസ്കാരങ്ങള്‍ക്കും പ്രതിനിധാനം നല്‍കാന്‍ കഴിഞ്ഞ മാധ്യമ വിപ്ലവത്തിന്റെ അടുത്ത മുന്നേറ്റമാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളും മറ്റ് നവ മാധ്യമ സാങ്കേതിക വിദ്യകളും. ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ വായനക്കാരന് തന്റെ പക്ഷവും പറയുവാനുള്ള മുന്‍പൊന്നും ലഭിച്ചിട്ടില്ലാത്ത അവസരമാണ് ലഭ്യമാകുന്നത്. ഇത് ആശയ വിനിമയത്തിന്റെ ഏറ്റവും ഉന്നതമായ തലമാണ് സാധ്യമാക്കിയിട്ടുള്ളത്.
അന്താരാഷ്‌ട്ര സാക്ഷരതാ ദിനാചരണത്തിന്റെ ഭാഗമായി “നമ്മുടെ മാധ്യമങ്ങളും സാംസ്ക്കാരികതയും“ എന്ന വിഷയത്തില്‍ നടന്ന സിമ്പോസിയം പ്രമുഖ എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ എ. റഷീദുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവര്‍ത്തകനായ മസ്ഹര്‍ മോഡറേറ്ററായിരുന്നു. സിമ്പോസിയത്തില്‍ ജലീല്‍ പട്ടാമ്പി (മിഡില്‍ ഈസ്റ്റ് ചന്ദ്രിക), റാം മോഹന്‍ പാലിയത്ത് (ബിസിനസ് ഗള്‍ഫ്), റീന സലീം, വി. എം. സതീഷ് (എമിറേറ്റ്സ് 24/7), ജിഷി സാമുവല്‍ (e പത്രം), നാരായണന്‍ വെളിയംകോട് (ജനശബ്ദം), പുന്നക്കന്‍ മുഹമ്മദലി (ചിരന്തന), കെ.പി.കെ. വേങ്ങര, നൌഷാദ് പുന്നത്തല (UMA – United Malayali Association) എന്നിവര്‍ സംസാരിച്ചു.
ജലീല്‍ പട്ടാമ്പിയുടെ “വാക്ക്” എന്ന കവിതാ സമാഹാരത്തില്‍ നിന്നുമുള്ള സാക്ഷരതാ ഗാനം അബ്ദുള്ളക്കുട്ടി ചേറ്റുവ ആലപിച്ചു.
ദുബായ് വായനക്കൂട്ടം പ്രസിഡണ്ട് കെ. എ. ജബ്ബാരി സ്വാഗതവും , ബഷീര്‍ മാമ്പ്ര കൃതജ്ഞതയും, പ്രീത ജിഷി, ഇസ്മായില്‍ ഏറാമല എന്നിവര്‍ ആശംസകളും നേര്‍ന്നു. നാസര്‍ ബേപ്പൂര്‍, അബൂബക്കര്‍ കണ്ണോത്ത് (ജീവന്‍ ടി. വി.), ഒ. കെ. ഇബ്രാഹിം (ദുബായ് കെ. എം. സി. സി. ആക്ടിംഗ് ജന. സെക്രട്ടറി), ഉബൈദ് ചേറ്റുവ (ദുബായ് കെ. എം. സി. സി. ആക്ടിംഗ് പ്രസിഡണ്ട്), മുഹമ്മദ് വെട്ടുകാട് (ദുബായ് തൃശ്ശൂര്‍ ജില്ലാ കെ. എം. സി. സി. ജന. സെക്രട്ടറി), ലത്തീഫ് തണ്ടിലം (പ്രസിഡണ്ട്, സ്വരുമ ദുബായ്), സാജിദ് ഗ്രേസ്, സി. പി. ജലീല്‍, എന്നിങ്ങനെ ദുബായിലെ മാധ്യമ സാമൂഹ്യ സാംസ്കാരിക രംഗത്തെ ഒട്ടേറെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മാധ്യമങ്ങള്‍