മനാമ : ബഹറിനില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പരിക്കേറ്റ പ്രക്ഷോഭകാരികളെ ചികില്‍സിച്ച ഇരുപതോളം ഡോക്ടര്‍മാരെയും നഴ്സുമാരെയും 15 വര്ഷം വരെ തടവിനു പട്ടാള കോടതി ശിക്ഷിച്ചു. ഈ വിധിയ്ക്കെതിരെ ലോകമെമ്പാടും നിന്നും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഐക്യ രാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഓഫീസ് ഈ വിധിയെ ചോദ്യം ചെയ്തിട്ടുണ്ട്. എല്ലാ രാഷ്ട്രീയ തടവുകാരെയും ഉടന്‍ വിട്ടയക്കണം എന്ന് ഐക്യ രാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു. പരിക്കേറ്റവരെ ചികില്‍സിച്ച ആരോഗ്യ പ്രവര്‍ത്തകരെ ദീര്‍ഘമായ തടവ് ശിക്ഷയ്ക്ക് വിധിച്ച നടപടിയില്‍ അദ്ദേഹം അഗാധമായ ആശങ്ക രേഖപ്പെടുത്തി. അന്താരാഷ്‌ട്ര മനുഷ്യാവകാശ തത്വങ്ങള്‍ ഇവരുടെ കാര്യത്തില്‍ സ്വീകരിക്കണം എന്ന് അദ്ദേഹം ബഹറിന്‍ അധികൃതരോട് ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചു.
- ജെ.എസ്.