അജ്മാന്‍ : നെടുമുടി വേണുവിന്‍റെ സ്മരണാര്‍ത്ഥം ഇന്ത്യൻ സോഷ്യൽ സെന്‍റർ അജ്മാന്‍ സംഘടിപ്പിച്ച എൻസെംബിൾ തിയ്യേറ്റർ ഫെസ്റ്റ് സമാപിച്ചു. ചടങ്ങിൽ മുഖ്യ അതിഥിയായ നടൻ ശിവജി ഗുരുവായൂർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
ചമയം തീയ്യേറ്റർ ഷാർജ അവതരിപ്പിച്ച ‘കൂമൻ’ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അൽ ഖൂസ് തീയ്യേറ്റർ ദുബായ് അവതരിപ്പിച്ച ‘വില്ലേജ് ന്യൂസ് എന്ന നാടകത്തിനാണ് രണ്ടാംസ്ഥാനം. മികച്ച സംവിധായകൻ പ്രകാശ് തച്ചങ്ങാട് (കൂമൻ), മികച്ച നടൻ നൗഷാദ് ഹസൻ, മികച്ച നടി ശീതൾ ചന്ദ്രൻ എന്നിവരാണ്.
മികച്ച നടിക്കുള്ള സ്‌പെഷ്യൽ ജൂറി അവാർഡിന് സോണിയ (വില്ലേജ് ന്യുസ്) അർഹയായി. സഹ നടനായി ‘പത്താം ഭവനം’ എന്ന നാടകത്തിലൂടെ സാജിദ് കൊടിഞ്ഞി യും സഹ നടിയായി ‘ആരാണ് കള്ളൻ’ എന്ന നാടകത്തിലെ ദിവ്യ ബാബുരാജിനെയും ബാല താരമായി അതുല്യ രാജി നെയും തെരഞ്ഞെടുത്തു.
‘ദ് ബ്‌ളാക്ക് ഡേ’ എന്ന നാടകത്തിൽ പ്രകാശ വിതാനം ചെയ്ത അസ്‌കർ, രംഗ സജ്ജീകരണം ചെയ്ത ശ്രീജിത്ത്, ചമയം ഒരുക്കിയ ഗോകുൽ അയ്യന്തോൾ എന്നിവരും പുരസ്‌കാര ങ്ങൾക്ക് അർഹരായി. മികച്ച പശ്ഛാത്തല സംഗീത ത്തിനു ഷെഫി അഹമദും മനോരഞ്ജനും പുരസ്കാരം നേടി (കൂമൻ).
ഇന്ത്യൻ സോഷ്യൽ സെന്‍റര്‍ പ്രസിഡണ്ട് ജാസിം മുഹമ്മദ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു. വിജയികള്‍ക്ക് ക്യാഷ് അവാർഡ്, പ്രശസ്തി പത്രം, ആര്‍ട്ടിസ്റ്റ് നിസ്സാർ ഇബ്രാഹിം രൂപ കൽപന ചെയ്ത ശില്പം എന്നിവ സമ്മാനിച്ചു. കേരളത്തിൽ നിന്നുള്ള നാടക പ്രവർത്തകരായ വാസൻ പുത്തൂർ, രാജു പൊടിയാൻ, ഐ. എസ്. സി. ജനറൽ ജനറൽ സെക്രട്ടറി സുജി കുമാർ പിള്ള, ട്രഷറർ ഗിരീഷൻ എന്നിവർ പ്രസംഗിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അജ്മാന്‍, ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍, നാടകം, സംഗീതം, സംഘടന