
അജ്മാൻ : മലയാളം മിഷൻ അജ്മാൻ ചാപ്റ്റർ കണി ക്കൊന്ന – സൂര്യ കാന്തി കോഴ്സുകളിൽ പഠനോത്സവം സംഘടിപ്പിച്ചു. കണി ക്കൊന്ന, സൂര്യ കാന്തി, ആമ്പൽ, നീല ക്കുറിഞ്ഞി എന്നിങ്ങനെ നാല് കോഴ്സുകളാണ് മലയാളം മിഷൻ നൽകുന്നത്. ഇവ പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് മലയാളത്തിൽ പത്താം ക്ലാസിന് തുല്യമായ സർട്ടിഫിക്കറ്റ് നൽകും.
പാട്ടും കളിയും ചിരിയുമായി ഉത്സവ ലഹരിയിലാണ് കുട്ടി കൾ പഠനോത്സവത്തിൽ പങ്കാളികളായത്. തുഞ്ചൻ പറമ്പ്, കേരള സാഹിത്യ അക്കാദമി, കേരള കലാമണ്ഡലം എന്നിവ പ്രതീകാത്മകമായി പഠനോത്സവ നഗരിയിൽ ഒരുക്കിയിരുന്നു.
തുഞ്ചൻ പറമ്പിൽ നിന്ന് ആരംഭിച്ച കുട്ടികളുടെ ഘോഷ യാത്ര കേരള സാഹിത്യ അക്കാദമി, കേരള കലാമണ്ഡലം എന്നിവ സന്ദർശിച്ച് ബലൂൺ വണ്ടി കളിൽ പഠനോത്സവ വേദികളിൽ എത്തിച്ചേർന്നു. ചെണ്ട മേളം, കുമ്മാട്ടി എന്നിവയുടെ അകമ്പടിയോടെ നാടൻ പാട്ടും പാടി രക്ഷിതാക്കളും അദ്ധ്യാപകരും അടങ്ങുന്ന നൂറു കണക്കിന് ആളുകൾ ഘോഷ യാത്ര യിൽ കുട്ടികളെ അനുഗമിച്ചു.
മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ ഭാഷാദ്ധ്യാപകൻ സതീഷ് കുമാർ, കോഡിനേറ്റർ കെ. എൽ. ഗോപി എന്നിവർ ആശംസകൾ നേര്‍ന്നു. ചാപ്റ്റർ പ്രസിഡണ്ട് ഫാമി ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജാസിം മുഹമ്മദ് സ്വാഗതവും കൺവീനർ ദീപ്തി ബിനു നന്ദിയും പറഞ്ഞു. ചാപ്റ്റർ കോഡിനേറ്റർ അഞ്ജു ജോസ്, ജോയിന്‍റ് സെക്രട്ടറി ഷെമിനി സനിൽ, വൈസ് പ്രസിഡണ്ട് പ്രജിത്ത് എന്നിവർ സംബന്ധിച്ചു.
ആർട്സ് കമ്മിറ്റി കൺവീനർ ശ്രീവിദ്യ രാജേഷ്, ഫുഡ് കമ്മറ്റി കൺവീനർ രതീഷ്, രജിസ്ട്രേഷൻ കമ്മിറ്റി കൺവീനർ സോന ജയൻ എന്നിവർ പഠനോത്സവ ത്തിനുള്ള സജ്ജീകരണങ്ങൾ ഒരുക്കി. അദ്ധ്യാപകരായ രാജേന്ദ്രൻ പുന്നപ്പള്ളി, നിഷാദ്, റഫിയ അസീസ്, ഷബ്ന നിഷാദ്, അഞ്ജു ജോസ് എന്നിവർ നിള, പമ്പ, പെരിയാർ, കാവേരി, കബനി എന്നീ പഠനോത്സവ കേന്ദ്രങ്ങളിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
വേറിട്ട ബോധന രീതിയിൽ ഭാഷാ പഠനം സാദ്ധ്യമാകും വിധം ഭാഷാ പരിജ്ഞാനവും അതോടൊപ്പം കുട്ടികളുടെ സാഹിത്യ അഭിരുചിയും സർഗാത്മക കഴിവുകളും വികസിപ്പിച്ച് എടുക്കാൻ പര്യാപ്തമാകും വിധത്തിലാണ് മലയാളം മിഷൻ ക്ലാസുകൾ സംഘടിപ്പിക്കുന്നത്. ഇതിനായി മലയാളം മിഷൻ അദ്ധ്യാപകർക്ക് പ്രത്യേക പരിശീലനം നല്‍കി വരുന്നു. FB PAGE