അജ്മാന്‍ : കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ മുൻ കാല പ്രവർത്തകരുടെ യു. എ. ഇ. യി ലെ കൂട്ടായ്മ ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ പതിനെട്ടാം വാർഷിക സമ്മേളനം സംഘടനാ പ്രസിഡണ്ട് ഡോ. സിനി അച്യുതന്‍റെ അദ്ധ്യക്ഷതയിൽ നടന്നു. ‘പുത്തൻ സാങ്കേതിക വിദ്യകളും മാറുന്ന ലോകവും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി ക്കൊണ്ടു കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എറണാകുളം ജില്ലാ പ്രസിഡണ്ടും എറണാകുളം മഹാ രാജാസ് കോളേജ് ഭൗതിക ശാസ്ത്ര വിഭാഗം മുൻ തലവനുമായ ഡോ. എൻ. ഷാജി സമ്മേളനം ഉത്‌ഘാടനം ചെയ്തു.
അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ വനിതാ വിഭാഗം കണ്‍വീനര്‍ പ്രീത നാരായണൻ, ഹമീദ് (മാസ് ഷാർജ), വിജിൻ (ഫുജൈറ കൾചറൽ സൊസൈറ്റി), പ്രശാന്ത് ആലപ്പുഴ (യുവകലാസാഹിതി), സജീവൻ (ഓർമ), അനു സിനു ബാൽ (മാധ്യമ പ്രവർത്തകൻ) എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
അരുൺ പരവൂർ സ്വാഗതവും ഗഫൂർ കൊണ്ടോട്ടി കൃതജ്ഞതയും പറഞ്ഞു. നിതി ആയോഗിന്‍റെ ആരോഗ്യ നയത്തിൽ പൊതു ജനാരോഗ്യ മേഖല യിലെ സ്വകാര്യ വൽക്കരണത്തെയും വാണിജ്യ വൽക്കരണ ത്തെയും ന്യായീകരിക്കുന്നതിനെ സമ്മേളനം വിമർശിച്ചു.
പൊതു ജനാരോഗ്യത്തിന് കൂടുതൽ പ്രാധാന്യം നൽകി ക്കൊണ്ട്, സ്വകാര്യ പങ്കാളിത്തത്തെ നിയന്ത്രിച്ചു കൊണ്ടു സമഗ്രമായ ആരോഗ്യ നയം നടപ്പിലാക്കാൻ സമ്മേളനം പ്രമേയത്തിലൂടെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
ബ്രഹ്മപുരം മാലിന്യ നിർമ്മാണ പ്ലാന്‍റിലെ തീ പിടുത്ത വുമായി ബന്ധപ്പെട്ടു ഹ്രസ്വ-ദീർഘ കാലത്തേക്ക് ഉണ്ടാകുവാന്‍ ഇടയുള്ള ആരോഗ്യ പ്രശ്ന ങ്ങളെ ക്കുറിച്ചു സമഗ്രമായ പഠനം നടത്തണം എന്നും ഇതുമായി ബന്ധപ്പെട്ട ആശങ്കകൾ കാല താമസം കൂടാതെ ദൂരീകരിക്കണം എന്നും സമ്മേളനം കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. മനോജ് കുമാർ അരുൺ കെ. ആർ., ഗഫൂർ കൊണ്ടോട്ടി, ധനേഷ് എന്നിവർ സംസാരിച്ചു.