അബുദാബി : പന്ത്രണ്ടാമത് ഭരത് മുരളി നാടകോത്സവം ഏഴാം ദിവസം ഇന്ത്യൻ സോഷ്യൽ സെൻ്റർ അൽഐൻ അവതരിപ്പിച്ച ‘ട്വിങ്കിൾ റോസയും 12 കാമുകന്മാരും’ എന്ന നാടകം ശ്രദ്ധേയമായി. ജി. ആർ. ഇന്ദു ഗോപൻ എഴുതിയ നോവലൈറ്റിനെ നാടക രൂപാന്തരം നൽകി ഒരുക്കിയത് പ്രശസ്ത സംവിധായകൻ ഷൈജു അന്തിക്കാട്. ലളിതമായ സംവിധാനവും ദൃശ്യ ചാരുതയും നാടകത്തെ മികവുറ്റതാക്കി.
പുരുഷത്വം എന്നതു കൊണ്ട് അർത്ഥമാക്കുന്നത് അധികാര മണ്ഡലം അരക്കിട്ടുറപ്പിക്കുക എന്നതോ സ്ത്രീയെ തൻ്റെ ചൊൽപ്പടിക്ക് നിർത്തുക എന്നതോ ഒന്നുമല്ല. മറിച്ച് അവളുടെ സ്നേഹത്തിൻ്റെ ആഴവും അർത്ഥവും ഒക്കെ അറിഞ്ഞ് ആദരിക്കുക എന്നതാണ്.
സ്ത്രീയുടെ സ്വാതന്ത്ര്യവും സ്വപ്‌നങ്ങളും സ്വാഭാവികതയും സ്നേഹത്തിൻ്റെ മനോഹരമായ ആവിഷ്കാരങ്ങൾ ആയി കാണുക എന്നത് പുരുഷത്വത്തിൻ്റെ പൂർണ്ണതയാണ്. സ്വന്തം മനോ സാമ്രാജ്യത്തെ വിപുലപ്പെടുത്താൻ ഒരു സ്ത്രീ തീരുമാനിച്ചാൽ പിന്നെ ഒരു ശക്തിക്കും തടയാൻ കഴിയില്ല എന്നും നാടകം പറയുന്നു.
ആദിത്യ പ്രകാശ്, നൗഷാദ് വളാഞ്ചേരി, ബൈജു പട്ടാളി, ഉല്ലാസ് തറയിൽ, ബാബൂസ് ചന്ദനക്കാവ്, ശ്രീകുമാർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ജോസ് കോശി (പ്രകാശ വിതാനം) ക്ലിൻറ് പവിത്രൻ (ചമയം) മിഥുൻ മലയാളം (സംഗീതം) ജിനേഷ് അമ്പല്ലൂർ (രംഗ സജ്ജീകരണം) എന്നിവരാണ് അണിയറക്കാർ. K S C , ISC AlAin
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: alain, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍, കേരള സോഷ്യല്‍ സെന്റര്‍, നാടകം, സംഗീതം, സംഘടന