അബുദാബി : മലയാളി സമാജത്തിന്റെ മുപ്പത്തി ഒന്‍പതാമത് സാഹിത്യ പുരസ്കാരം പ്രശസ്ത കവിയും കഥാകൃത്തും ഗ്രന്ഥകാരനും കേരള സാംസ്‌കാരിക രംഗത്തെ ശ്രദ്ധേയ സാന്നിദ്ധ്യവുമായ ആലങ്കോട് ലീലാകൃഷ്ണനു സമ്മാനിക്കും. പ്രൊഫസ്സര്‍ വി. മധു സുദനന്‍ നായര്‍ ജൂറി ചെയര്‍ മാനും മുന്‍ ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ്, കേരള കലാമണ്ഡലം ഡീന്‍ ഡോ. പി. വേണു ഗോപാലന്‍ എന്നിവര്‍ അംഗ ങ്ങളുമായ കമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് സമാജം സാഹിത്യ പുരസ്കാരം.
മലയാള കാവ്യ പാരമ്പര്യവും കേരളീയ പൈതൃകവും മാനുഷിക മൂല്യങ്ങളും കാലാനുകൂലം നവീകരിച്ച് നില നിര്‍ത്തുന്നതില്‍ ആലങ്കോട് ലീലാ കൃഷ്ണന്‍ നടത്തുന്ന പ്രയത്‌നങ്ങളെ ആദരിച്ചു കൊണ്ടാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത് എന്ന് വിധി കര്‍ത്താക്കാള്‍ പറഞ്ഞു. സെപ്റ്റംബറില്‍ അബുദാബിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.
അബുദാബി മലയാളി സമാജം സാഹിത്യ പുരസ്കാരം 1982 മുതല്‍ നല്‍കി വരുന്നു. വൈക്കം മുഹമ്മദ് ബഷീര്‍, സുകുമാര്‍ അഴിക്കോട്, കടമ്മനിട്ട, എം. ടി. വാസുദേവന്‍ നായര്‍, ഒ. എന്‍. വി., ടി. പത്മ നാഭന്‍, പ്രൊഫസര്‍ എം. എൻ. കാരശ്ശേരി, റഫീക്ക് അഹമ്മദ്, എസ്. വി. വേണു ഗോപന്‍ നായര്‍ തുടങ്ങി പ്രശസ്തരായ എഴുത്തുകാര്‍ സമാജം സാഹിത്യ പുരസ്കാരം കരസ്ഥമാക്കിയിട്ടുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ബഹുമതി, മലയാളി സമാജം, സംഘടന, സാഹിത്യം