
അബുദാബി : ഭരത് മുരളി നാടകോത്സവം അഞ്ചാം ദിവസം അബുദാബി ശക്തി തിയ്യറ്റേഴ്‌സ് അവതരിപ്പിച്ച ‘സോവിയറ്റ് സ്റ്റേഷൻ കടവ്’ എന്ന നാടകം പ്രേക്ഷക പ്രശംസ ഏറ്റു വാങ്ങി. മലയാളത്തിലെ ആദ്യത്തെ ടൈം ട്രാവൽ നാടകം എന്ന് വിശേഷിപ്പിക്കാവുന്ന ‘സോവിയറ്റ് സ്റ്റേഷൻ കടവ്’ സമയത്തിലൂടെയും കാലത്തിലൂടെയും ഉള്ള ഒരു തിരിച്ചു പോക്കാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ഏകാധിപത്യത്തിനും ഫാസിസ ത്തിനും എതിരെ ഈ നാടകം ശബ്ദമുയർത്തുന്നുണ്ട്.
ജനാധിപത്യത്തെ അധികാര ദുർവിനിയോഗം എങ്ങിനെ ഉന്മൂല നാശനം ചെയ്യപ്പെടുന്നു എന്ന് നാടകം പറയുന്നു. ഒരു കള്ളം പലതവണ പറഞ്ഞ് സത്യമാക്കുന്ന തന്ത്രത്തെ നാടകം അനാവരണം ചെയ്യുന്നു. അധികാരം മനുഷ്യനെ മാറ്റുന്നത് എങ്ങനെ എന്നും രാഷ്ട്ര ത്തലവന്മാർ പൂർവ്വ കാലം ഓർക്കുവാൻ ആഗ്രഹിക്കുന്നില്ല എന്നും ആക്ഷേപ ഹാസ്യത്തിൽ പറയുമ്പോൾ സമകാലിക രാഷ്ട്രീയവും ഓർമ്മയിൽ എത്തും.
മുരളീ കൃഷ്ണൻ്റെ ചെറുകഥക്ക് നാടക ഭാഷ്യം നൽകി സംവിധാനം ചെയ്തിരിക്കുന്നത് ഹസീം അമര വിള. പ്രകാശ് തച്ചങ്ങാട്, ശ്രീബാബു പിലിക്കോട്, ജയേഷ് നിലമ്പൂർ, ഫൈസാൻ നൗഷാദ്, സേതു മാധവൻ പാലാഴി, വേണു, അനീഷ ഷഹീർ തുടങ്ങിയവർ പ്രധാന കഥാ പാത്രങ്ങളെ അവതരിപ്പിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സോഷ്യല്‍ സെന്റര്‍, നാടകം, ശക്തി തിയേറ്റഴ്സ്





























