അബുദാബി: ലോക വനിതാ ദിനത്തിന്റെ നൂറാം വാര്‍ഷിക ത്തോടനുബന്ധിച്ച് പ്രസക്തിയും ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച ആര്‍ട്ടിസ്റ്റ് ക്യാമ്പും “ചരിത്രത്തിലെ സ്ത്രീ” എന്ന വിഷയത്തെ ആസ്പദമാക്കി അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ നടത്തിയ സെമിനാറും കവിയരങ്ങും വേറിട്ട അനുഭവമായി.
ക്യാമ്പ് രാവിലെ പത്തു മണിക്ക് ശാസ്ത്രജ്ഞയും പൊതു പ്രവര്ത്തകയുമായ പ്രൊഫ. ഡോ. ഉമാ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ. എസ്. സി. പ്രസിഡന്റ് കെ. ബി. മുരളി മുഖ്യാതിഥി യായിരുന്നു. ഇ. ആര്‍. ജോഷി സംസാരിച്ചു. തുടര്‍ന്ന് “പ്രതികരിക്കുന്ന സ്ത്രീ” എന്ന വിഷയത്തില്‍ മുപ്പതോളം ചിത്രകാരന്മാര്‍ തങ്ങളുടെ സര്‍ഗ്ഗാത്മക വൈഭവത്തെ കാന്‍വാസില്‍ പകര്‍ത്തി.
ക്യാമ്പ് അദ്ധ്യക്ഷനായ റോയിച്ചന്‍ റെയില്‍ പാളത്തില്‍ പീഡിക്കപ്പെട്ട് ജീവന്‍ നഷ്ടമായ സൌമ്യയുടെ വേദന പ്രതികരിക്കുന്ന സ്ത്രീയായി കടുത്ത വര്‍ണ്ണങ്ങളില്‍ പകര്‍ത്തിയപ്പോള്‍, ശശിന്‍സ് പ്രതികരിക്കുന്ന വിവിധ മുഖങ്ങളെയാണ് നിറങ്ങളുടെ സംയോജിത നിയമങ്ങളെ വെല്ലുവിളിച്ച് വരച്ചത്. സ്ത്രീ പ്രതികരണം എന്ന ശില്‍പം ചെയ്ത ജോഷി ഒഡേസയുടെ ചിത്രം പ്രതികരിക്കുന്ന സ്ത്രീയുടെ നേര്‍ചിത്രമായിരുന്നു. രാജീവ് മുളക്കുഴയുടെ ചിത്രം പ്രതികരിക്കുന്ന സ്ത്രീ തിന്മയുടെ കറുത്ത നിഴലില്‍ പിടയുമ്പോള്‍ ദു:ഖിതനായ പുരുഷ പ്രതിനിധിയെ കൂടി വെളുത്ത വര്‍ണ്ണത്തില്‍ പകര്‍ത്തി. മുരുകന്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ കത്തി കൊണ്ട് ത്രിമാന രൂപത്തില്‍ ക്യൂബിസത്തെ ഓര്‍മ്മിപ്പിച്ചു കൊണ്ട് വരച്ച ചിത്രം സ്ത്രീയുടെ വിവിധ ഭാവങ്ങള്‍ നിറഞ്ഞതായിരുന്നു.
ശ്രീകുമാര്‍, സാബു, ഹരീഷ് തച്ചോടി, ഷാഹുല്‍ ഹമീദ്, അപ്പു ആസാദ് തുടങ്ങിയ മുപ്പതോളം കലാകാരന്മാര്‍ ബ്രഷുകളില്‍ വര്‍ണ്ണങ്ങള്‍ ചാലിച്ച് കെ. എസ്. സി. യുടെ അങ്കണത്തില്‍ വേറിട്ട ഒരു അനുഭവം നല്‍കി. തുടര്‍ന്ന് നടന്ന ചിത്ര പ്രദര്‍ശനം കാണാന്‍ വിവിധ രാജ്യക്കാരായ നിരവധി പേരാണ് എത്തിയത്. അതിനോട നുബന്ധിച്ചു നടന്ന സെമിനാറില്‍ ചരിത്രത്തിലെ സ്ത്രീ എന്ന വിഷയം അജി രാധാകൃഷണന്‍ അവതരിപ്പിച്ചു.
ജപ്പാനില്‍ നടന്ന സുനാമി ദുരന്തത്തില്‍ ദു:ഖം രേഖപ്പെടുത്തി മൌന പ്രാര്‍ത്ഥനയില്‍ തുടങ്ങിയ സെമിനാറില്‍ റൂഷ് മെഹര്‍, ജലീല്‍, കെ. എസ്. സി. വനിതാ വിഭാഗം കണ്‍വീനര്‍ പ്രീത വസന്ത്, ഹഫീസ് മുഹമ്മദ്, മാദ്ധ്യമ പ്രവര്‍ത്തകനായ സഫറുള്ള പാലപെട്ടി, ആനന്ദ ലക്ഷ്മി, സിനിമാ പ്രവര്‍ത്തകനായ ഇസ്കന്ദര്‍ മിര്‍സ തുടങ്ങിയവര്‍ സംസാരിച്ചു. ഫൈസല്‍ ബാവ അദ്ധ്യക്ഷത വഹിച്ചു. കവി അരങ്ങിന്റെ ഉദ്ഘാടനം കവയത്രിയായ ദേവസേന നിര്‍വഹിച്ചു. അസ്മോ പുത്തന്‍ച്ചിറ, ശിവ പ്രസാദ്, നസീര്‍ കടിക്കാട്, ടി. എ. ശശി എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കല, കേരള സോഷ്യല്‍ സെന്റര്‍, സ്ത്രീ, സ്ത്രീ വിമോചനം