അബുദാബി : 1971 മുതല്‍ ഇറാന്‍ അന്യായമായി കൈവശം വെക്കുന്ന യു. എ. ഇ. യുടെ ഭാഗമായ അബു മൂസ ദ്വീപില്‍ സന്ദര്‍ശനം നടത്തിയ ഇറാന്‍ പ്രസിഡന്‍റ് അഹ്മദി നെജാദിന്‍െറ നടപടിയെ യു. എ. ഇ. ശക്തമായി അപലപിച്ചു. നെജാദ് പ്രകോപനപരമായ പദപ്രയോഗങ്ങള്‍ നടത്തിയ സാഹചര്യത്തില്‍ ഇറാനിലെ യു. എ. ഇ. അംബാസഡറെ അബുദാബിയിലേക്ക് വിളിപ്പിച്ചു. നെജാദിന്‍െറ നടപടിയെ തുടര്‍ന്നുണ്ടായ സാഹചര്യം ചര്‍ച്ച ചെയ്യാനാണ് അംബാസഡര്‍ സൈഫ് മുഹമ്മദ് ഉബൈദ് അല്‍ സഅബിയെ വിദേശകാര്യ മന്ത്രാലയം വിളിപ്പിച്ചത്. മൂന്നു ദ്വീപുകളുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാന്‍ യു.എ.ഇ ശ്രമം നടത്തുന്നതിനിടെയാണ് നെജാദിന്റെ സന്ദര്‍ശനം ഇത് യു. എ. ഇ. യുടെ പരമാധികാരം ലംഘിക്കുകയാണ് ചെയ്തതെന്ന് വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു. ഇതിനെ ശക്തമായി അപലപിക്കുന്നതായി പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കി.
‘ഇറാന്‍ കൈവശം വെച്ചിരിക്കുന്ന യു. എ. ഇ. യുടെ മൂന്നു ദ്വീപുകളായ അബു മൂസ, ഗ്രേറ്റര്‍ തുനുബ്, ലസര്‍ തുനുബ് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നം സൗഹാര്‍ദപരമായി പരിഹരിക്കാന്‍ നേരിട്ടും അല്ലാതെയും ദീര്‍ഘകാലമായി യു. എ. ഇ. ശ്രമിക്കുന്നുണ്ട്. ചര്‍ച്ചയിലൂടെ പരിഹാരം ഉണ്ടാകുന്നില്ലെങ്കില്‍ അന്തര്‍ദേശീയ കോടതി വിധി പ്രഖ്യാപിക്കട്ടെ എന്നാണ് ഞങ്ങളുടെ നിലപാട്. ഇതൊന്നും വകവെക്കാതെയാണ് നെജാദ് അബു മൂസ സന്ദര്‍ശിച്ചത് .ഇതുകൊണ്ടൊന്നും യു.എ.ഇ. യുടെ അവിഭാജ്യ ഘടകങ്ങളായ മൂന്നു ദ്വീപുകളുടെ നിയമപരമായ പദവിയും അവകാശവും ഇല്ലാതാകില്ല’ – അദ്ദേഹം വ്യക്തമാക്കി.