
ദേരാ: തന്റെ 11 വര്‍ഷത്തെ ഭരണത്തിനിടയില്‍ ഇത്രയും സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ തനിക്ക് നേരിടേണ്ടി വന്നിട്ടില്ല എന്ന് സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ ആസാദ്. വെള്ളിയാഴ്ച സിറിയയുടെ തെക്കന്‍ പട്ടണമായ ദേരയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിനൊടുവില്‍ 260 തടവുകാരെ വിട്ടയക്കേണ്ടി വന്നു.
എന്നിട്ടും തീരാത്ത പ്രക്ഷോഭം ഇപ്പോള്‍ രാജ്യമെമ്പാടും വ്യാപിക്കുകയാണ്. ജോര്‍ദാന്‍ അതിര്‍ത്തിക്കു സമീപമുള്ള സിറിയന്‍ പട്ടണമായ ദേരായിലെ ഒമാരി മോസ്‌കിനു സമീപമുണ്‌ടായ വെടിവയ്‌പ്പില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ ഒരു കുട്ടിയും സ്‌ത്രീയും രണ്‌ടു സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടും. ഏറ്റുമുട്ടലില്‍ മരിച്ചവരുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ ഉണ്ടായ വെടിവയ്‌പ്പില്‍ ആറു പേര്‍ മരിച്ചതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തി. സംഭവത്തില്‍ 13 പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. സുരക്ഷാ ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്കു നേരെ വെടി വെയ്ക്കുകയായിരുന്നെന്നു പ്രക്ഷോഭകര്‍. എന്നാല്‍ ഇതു സൈന്യം നിഷേധിച്ചു. അജ്ഞാതരാണു വെടി വെച്ചതെന്നാണ് അവരുടെ വാദം. സിറിയന്‍ സുരക്ഷാസേനയുടെ നടപടിയെ യൂറോപ്യന്‍ യൂണിയനും അമേരിക്കയും അപലപിച്ചു.




മനാമ : കുവൈറ്റ് രാജകുമാരന്‍ ശൈഖ് ബാസല്‍ സലിം സബാ അല്‍ സലിം അല്‍ സബാ (52) വെടിയേറ്റു മരിച്ചു. രാജകുമാരന്‍റെ ശരീരത്തില്‍ ഒട്ടേറെ ത്തവണ വെടിയുണ്ട തറച്ചതായി പറയപ്പെടുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയൊന്നും ഇറക്കിയിട്ടില്ല. കൊലപാതകിയെ പോലീസ് പിടി കൂടി യിട്ടുണ്ട്. സംഭവത്തെ ക്കുറിച്ച് അന്വേഷണം തുടങ്ങി.
























