ഷാര്‍ജ : നാടിന്റെ വികസന രംഗത്തും, വിദ്യാഭ്യാസ പുരോഗതിക്കും വിരുദ്ധ നിലപാട് എടുത്ത ഇടതു പക്ഷ മുന്നണി ഭരണത്തിന് എതിരെ സമ്മതിദായകര്‍ തെരഞ്ഞെടുപ്പില്‍ രംഗത്ത് വരണമെന്ന് സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍ പ്രചാരണ യോഗം അഭ്യര്‍ത്ഥിച്ചു.
എല്ലാ രംഗത്തും പിന്നോക്ക അവസ്ഥയിലായ മുസ്‌ലിം കേരളത്തെ സീതി സാഹിബും, സി. എച്ചും നവോത്ഥാന പ്രവര്‍ത്തന ത്തിലൂടെ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്ന രീതിയില്‍ വിദ്യാഭ്യാസ സാംസ്‌കാരിക രംഗത്ത് ഉയര്‍ത്തി കൊണ്ടു വന്നപ്പോള്‍ വര്‍ത്തമാന കാലഘട്ടത്തില്‍ അതിന് എതിരെ കൊഞ്ഞനം കുത്തുന്ന പ്രസ്താവന നടത്തിയ മുഖ്യമന്ത്രി കേരളം ഭരിക്കുന്നത് അപഹാസ്യ മാണെന്ന് യോഗം വിലയിരുത്തി.
മലപ്പുറത്തെ കുട്ടികള്‍ കോപ്പിയടിച്ചു നേടിയതാണ് പഠന മികവെന്നു പറഞ്ഞ അച്യുതാനന്ദന്‍ എടുത്ത തുടര്‍ന്നുള്ള നിലപാടുകള്‍ മുസ്‌ലിം താല്പര്യങ്ങള്‍ക്ക് മാത്രമല്ല നിഷ്പക്ഷ നിലപാടുള്ള കേരളീയ പൊതു സമൂഹം ഒറ്റക്കെട്ടായി എതിര്‍ക്കുന്ന നിലക്കുള്ളതായിരുന്നു.
തൊഴിലുറപ്പ് പദ്ധതി അടക്കമുള്ള കേന്ദ്ര പരിപാടികള്‍ ലാപ്‌സാക്കി, സച്ചാര്‍ കമ്മിഷന്റെ പഠനത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ന്യുന പക്ഷ വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കിയ സ്കോളര്‍ ഷിപ്പ് സ്വന്തം പരിപാടി ആക്കിയതും, മദ്രസ നവീകരണ നടപടികള്‍ അവതാള ത്തിലാക്കിയതും, അലിഗഡ് ഓഫ് കാമ്പസിനെതിരെ പുറം തിരിഞ്ഞപ്പോള്‍ പ്രക്ഷോഭത്തിന് വഴങ്ങേണ്ടി വന്നതും മനസ്സിലാക്കി ഇടതു ഭരണ ത്തിനെതിരെ വോട്ടവകാശം വിനയോഗി ക്കണമെന്നു കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
ഷാര്‍ജ കെ. എം. സി. സി. ജനറല്‍ സെക്രട്ടറി സഅദ് പുറക്കാട് ഉദ്ഘാടനം ചെയ്തു. കെ. എച്. എം. അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. ആര്‍. ഓ. ബക്കര്‍, ബാവ തോട്ടത്തില്‍, മുസ്തഫ മുട്ടുങ്ങല്‍, പി. കെ. താഹ, ഹാഫിള്‍ തൃത്താല തുടങ്ങിയവര്‍ പ്രസംഗിച്ചു. അഷ്‌റഫ് കൊടുങ്ങല്ലൂര്‍ സ്വാഗതവും റസാക്ക് തൊഴിയൂര്‍ നന്ദിയും പറഞ്ഞു.