
ഷാര്‍ജ : ശമ്പളം ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് തൊഴില്‍ വകുപ്പിന് പരാതി നല്‍കിയ തൊഴിലാളിയെ ക്രിമിനല്‍ കേസ് നല്‍കി കുടുക്കിയ കേസില്‍ ഷാര്‍ജ കോടതി തൊഴിലാളിയെ കുറ്റവിമുക്തനാക്കി. “സത്യ വിശ്വാസികളെ, അധിക ഊഹങ്ങള്‍ പാപമാണ്, അത് നിങ്ങള്‍ ഉപേക്ഷിക്കുക” എന്ന വിശുദ്ധ ഖുര്‍ആന്‍ വചനം ആധാരമാക്കി കോടതി പുറപ്പെടുവിച്ച ഉത്തരവ് ലഭിച്ചത് യുനൈറ്റഡ് അഡ്വക്കേറ്റ്സിലെ നിയമ പ്രതിനിധിയും, സാമൂഹ്യ പ്രവര്‍ത്തകനുമായ സലാം പാപ്പിനിശ്ശേരി യുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ്.

ഹക്കീം ശൈഖ് ഹംസ
ഷാര്‍ജയിലെ ഒരു പ്രിന്റിംഗ് പ്രസില്‍ ജോലി ചെയ്തു വന്ന പാലക്കാട് ഒലവക്കോട് സ്വദേശി ഹക്കീം ശൈഖ് ഹംസയാണ് മാസങ്ങളോളം ശമ്പളം കിട്ടാതായപ്പോഴാണ് തൊഴില്‍ വകുപ്പില്‍ പരാതിപ്പെട്ടത്. മലയാളികളായ കമ്പനി ഉടമകള്‍ ഹാജരാവാഞ്ഞതിനെ തുടര്‍ന്ന് തൊഴില്‍ വകുപ്പ് കേസ് കോടതിയുടെ പരിഗണനയ്ക്ക് വിട്ടു. എന്നാല്‍ കോടതിയില്‍ കേസ് തങ്ങള്‍ക്ക് പ്രതികൂലമാവും എന്ന് മനസിലാക്കിയ കമ്പനി ഉടമകള്‍ ഹക്കീമിനെതിരെ വഞ്ചന, പണം തിരിമറി, മോഷണം എന്നീ കുറ്റങ്ങള്‍ ആരോപിച്ച് കേസ് കൊടുത്തു. ആറു ലക്ഷത്തിലേറെ രൂപയുടെ തിരിമറി നടത്തി എന്നായിരുന്നു കേസ്.
കേസിന്റെ നടത്തിപ്പില്‍ ഉടനീളം ഹക്കീമിന് തുണയായി നിന്ന സലാം പാപ്പിനിശേരിയുടെ ശ്രമഫലമായി ഒടുവില്‍ ഹക്കീമിന് അനുകൂലമായി കോടതി വിധി പ്രസ്താവിച്ചു. വെറും ഊഹത്തിന്റെ പേരില്‍ ഒരാളുടെ പേരില്‍ കുറ്റം ചുമത്താന്‍ നിയമം അനുവദിക്കുന്നില്ലെന്ന് ഖുര്‍ആന്‍ വചനം ഉദ്ധരിച്ചു കൊണ്ട് കോടതി വ്യക്തമാക്കി.
കമ്പനി ഉടമകളും തൊഴിലാളികളും തമ്മില്‍ കോടതിക്ക് വെളിയില്‍ വെച്ച് തന്നെ പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്നങ്ങള്‍ അടുത്ത കാലത്തായി കോടതിയില്‍ എത്തുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി സലാം പാപ്പിനിശ്ശേരി പറഞ്ഞു. തൊഴിലാളികളും തൊഴില്‍ ഉടമകളും എടുക്കുന്ന നിലപാടുകളും കടുംപിടുത്തവും ഇവിടത്തെ കോടതികള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഭാവിയില്‍ പ്രവാസികളായ മലയാളികള്‍ക്ക് തന്നെ ഇത് ദോഷം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.





ദുബായ് : പ്രവാസികള്‍ക്ക് വോട്ടവകാശം ഉറപ്പാക്കുന്ന ബില്‍ ലോക് സഭ കഴിഞ്ഞ ദിവസം അംഗീകരിച്ചുവെങ്കിലും ഇത് ഭാഗികമായി മാത്രമേ തങ്ങളുടെ ആവശ്യത്തിന്റെ പൂര്‍ത്തീകരണം ആവുന്നുള്ളൂ എന്നാണ് പ്രവാസികള്‍ കരുതുന്നത്. പല രാജ്യങ്ങളിലെയും പൌരന്മാര്‍ അവരുടെ ഗള്‍ഫില്‍ ഉള്ള എംബസികളില്‍ ചെന്ന് വോട്ടു രേഖപ്പെടുത്തുന്നത് പോലെ ഇന്ത്യാക്കാര്‍ക്കും വോട്ടു രേഖപ്പെടുത്തുവാന്‍ ഉള്ള സംവിധാനം നടപ്പിലാകുമ്പോള്‍ മാത്രമേ പ്രവാസി വോട്ടവകാശം എന്ന ആശയം സമ്പൂര്‍ണ്ണം ആവുകയുള്ളൂ എന്നാണു ഭൂരിഭാഗം പ്രവാസികളും e പത്രം നടത്തിയ സര്‍വേയില്‍ അഭിപ്രായപ്പെട്ടത്.
അബൂദാബി : ആഗസ്റ്റ് 15 (ഞായറാഴ്ച) മുതല്‍ തലസ്ഥാനത്ത് സില്‍വര്‍ ടാക്‌സി കളുടെ നിരക്ക് വര്‍ദ്ധിപ്പിക്കുന്നു. നിലവില്‍ 1000 മീറ്റര്‍ യാത്രക്കാണ് ഒരു ദിര്‍ഹം ഈടാക്കുന്നത്. ഇനി മുതല്‍ 750 മീറ്ററിന് ഒരു ദിര്‍ഹം എന്ന നിരക്കില്‍ ഈടാക്കുവാനാണ് ടാക്‌സി റഗുലേറ്ററി അതോറിറ്റി യുടെ തീരുമാനം. ആദ്യ 250 മീറ്റര്‍ ദൂരത്തേക്കുള്ള നിശ്ചിത ചാര്‍ജ്ജ് രാവിലെ 6 മണി മുതല്‍ രാത്രി 9.59 വരെ മൂന്ന് ദിര്‍ഹമായും രാത്രി 10 മുതല്‍ പുലര്‍ച്ചെ 5.59 വരെ 3.60 ആയും തുടരും. നിരക്കു വര്‍ദ്ധന പേരിനു മാത്രം ആണെന്നും ഹ്രസ്വദൂര യാത്ര കള്‍ക്ക് ഒന്നോ രണ്ടോ ദിര്‍ഹം മാത്രമാണ് വര്‍ദ്ധിക്കുക എന്നും സെന്‍റര്‍ ഫോര്‍ റഗുലേഷന്‍ ഓഫ് ട്രാന്‍സ്‌പോര്‍ട്ട് ബൈ ഹയര്‍ കാര്‍സ് ( TransAD ) അധികൃതര്‍ വ്യക്തമാക്കി. എമിറേറ്റിലെ ഏഴ് ടാക്‌സി ഫ്രാഞ്ചൈസികള്‍ നേരിട്ടിരുന്ന നഷ്ടം കുറക്കാന്‍ നിരക്ക് വര്‍ദ്ധന സഹായിക്കും എന്നും അധികൃതര്‍ അറിയിച്ചു.

























