ദുബായ് : ഇന്ത്യയുടെ 78 ആം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു വേറിട്ടൊരു സേവന പദ്ധതിയുമായി ഇ- നെസ്റ്റ് പ്രവർത്തകർ.
കോഴിക്കോട് കൊയിലാണ്ടിയിലെ നെസ്റ്റ് ഇന്‍റർ നാഷണൽ അക്കാദമി ആൻഡ് റിസർച്ച് സെന്‍റർ (നിയാർക്ക്)ലെ ഭിന്ന ശേഷി ക്കാരായ കുട്ടികളെയും നിർദ്ധനരായ കിടപ്പു രോഗികളെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെ ‘നെസ്റ്റ് ഹെൽപ്പ് ചലഞ്ച്’ എന്ന പേരിൽ സെപ്റ്റംബർ 15 വരെ ഒരു മാസം നീണ്ടു നിൽക്കുന്ന കാമ്പയിന് തുടക്കമിട്ടു. നെസ്റ്റ് അഭ്യുദയ കാംക്ഷികൾക്കു ഈ കാമ്പയിനിലൂടെ നെസ്റ്റിലെ കുരുന്നുകളെയും രോഗികളെയും വ്യക്തിപരമായി സഹായിക്കാം.
ഇ-നെസ്റ്റ് സ്വാതന്ത്ര്യ ദിന സംഗമത്തോട് അനുബന്ധിച്ചു സംഘടിപ്പിച്ച ചടങ്ങിൽ കാമ്പയിൻ്റെ പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചു. ബ്രോഷർ പ്രകാശനം പ്രമുഖ ശിശുരോഗ വിദഗ്ധൻ ഡോ. ബാബു റഫീഖ് നിർവ്വഹിച്ചു.
ഇ-നെസ്റ്റ് ചെയർമാൻ അഡ്വ.മുഹമ്മദ് സാജിദ് അദ്ധ്യക്ഷത വഹിച്ചു. നെസ്റ്റ്-നിയാർക് പദ്ധതികളെ കുറിച്ച് അബ്ദുൽ ഖാലിഖ് വിശദീകരിച്ചു. ജലീൽ മശ്ഹൂർ തങ്ങൾ, ഒ. പി. അബൂബക്കർ, പി. എം. ചന്ദ്രൻ, ശമീൽ പള്ളിക്കര, സുനിൽ, നിസാർ കളത്തിൽ, നബീൽ നാരങ്ങോളി, ഷഫീഖ് സംസം, മൊയ്‌ദു പേരാമ്പ്ര, സംജിദ്, അബ്ദുൽ ഗഫൂർ എന്നിവർ സംബന്ധിച്ചു. കാമ്പയിൻ കൺവീനർ ഷഹീർ പി. കെ. സ്വാഗതവും മുസ്തഫ പൂക്കാട് നന്ദിയും പറഞ്ഞു.
നെസ്റ്റിനു കീഴിൽ അന്താരാഷ്ട്ര നിലവാരത്തിൽ ഭിന്ന ശേഷി കുട്ടികൾക്കുള്ള ഉന്നമനത്തിനായുള്ള നിയാർക്കിനു പുറമെ അനാഥരായ ഭിന്ന ശേഷി കുട്ടികളെ പരിചരിക്കുന്ന നെസ്റ്റ് കെയർ ഹോം, 24 മണിക്കൂറും പ്രവർത്തിക്കുന്ന പാലിയേറ്റീവ് സെൻ്റർ എന്നിവ ഇപ്പോൾ പ്രവർത്തിച്ചു വരുന്നു.