അബുദാബി : സുസ്ഥിര സന്ദേശവുമായി അബുദാബി ബുർജീൽ മെഡിക്കൽ സിറ്റിയിൽ സംഘടിപ്പിച്ച വേറിട്ട ഓണാഘോഷം ആരോഗ്യ പ്രവർത്തകരായ 31 രാജ്യക്കാരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. യു. എ. ഇ. യിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീർ, പത്നി വന്ദന സുധീർ എന്നിവര്‍ മുഖ്യ അതിഥികളായി എത്തി ഓണാശംസകള്‍ നേര്‍ന്നു.
യു. എ. ഇ. യുടെ സുസ്ഥിരത വര്‍ഷാചരണവും രാജ്യം ആഥിത്യം അരുളുന്ന കാലാവസ്ഥാ ഉച്ച കോടിയും (കോപ്-28) പ്രമേയമാക്കി 250 ചതുരശ്ര മീറ്ററിൽ തീര്‍ത്ത മെഗാ പൂക്കളം ഏറെ ശ്രദ്ധേയമായി.
1000 ആരോഗ്യ പ്രവര്‍ത്തകര്‍ 15 മണിക്കൂര്‍ കൊണ്ട് ഒരുക്കിയ പൂക്കളം, ആഗോള തലത്തില്‍ നേരിടുന്ന കാലാവസ്ഥ വെല്ലുവിളികളെ ക്കുറിച്ചും അവയെ നേരിടാനുള്ള കൂട്ടുത്തരവാദിത്വം എന്നിവയെയും ഓര്‍മ്മപ്പെടുത്തലായി.
വിവിധ രാജ്യക്കാര്‍ പങ്കാളികളായ ഒപ്പന, മാർഗ്ഗംകളി, ദഫ്മുട്ട്, പുലിക്കളി, കൂടാതെ കഥകളി, ഓട്ടന്‍തുള്ളൽ, തിരുവാതിരക്കളി, വള്ളം കളിപ്പാട്ട്, ചെണ്ടമേളം മാവേലി എഴുന്നെള്ളത്ത്, കളരിപ്പയറ്റ് തുടങ്ങി കേരള ത്തിന്‍റെ തനതു കലാ സാംസ്കാരിക പരിപാടികളും അരങ്ങേറി.
അറബ് പാര്‍ലിമെന്‍റ് ഡെപ്യൂട്ടി പ്രസിഡണ്ടും യു. എ. ഇ. ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍, ഇന്‍റര്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് ടോളറന്‍സ് അംഗവുമായ മുഹമ്മദ് അഹമ്മദ് അല്‍ യമാഹി, ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗം നെയ്മ അല്‍ ഷര്‍ഹാന്‍ എന്നിവര്‍ ഉള്‍പ്പെടെ വിശിഷ്ട അതിഥികളും പങ്കെടുത്തു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർക്കൊപ്പം ഓണാഘോഷത്തിൽ പങ്കെടുക്കാന്‍ കഴിഞ്ഞത് പുതിയ അനുഭവം എന്നും സുസ്ഥിരതക്കു വേണ്ടി കൈ കോർക്കാനുള്ള മികച്ച അവസരം എന്നും അൽ യമാഹി പറഞ്ഞു.
ആഘോഷങ്ങൾ സുസ്ഥിരതക്കു വേണ്ടിയുള്ള ഓർമ്മപ്പെടുത്തൽ ആകുന്നതിലൂടെ കൂട്ടായ പ്രവർത്തനങ്ങൾക്ക് വഴിയൊരുങ്ങും എന്ന് ബുർജീൽ ഹോൾഡിംഗ്സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സഫീർ അഹമ്മദ് പറഞ്ഞു.
ആരോഗ്യ പ്രവർത്തകർക്കൊപ്പം കുടുംബാംഗങ്ങൾ, രോഗികൾ, ബുർജീൽ മാനേജ് മെന്‍റ് പ്രതിനിധികൾ തുടങ്ങിയവരും ആഘോഷങ്ങളിൽ പങ്കെടുത്തു.