ഷാര്‍ജ : വരേണ്യ വര്‍ഗ്ഗത്തിന്റെ പുരസ്ക്കാരങ്ങളുടെ പത്മ പ്രഭയില്‍ നിന്നും പൊന്നാടകളില്‍ നിന്നും തെരുവിലെ സാധാരണക്കാരന്റെ വേഷ ഭൂഷകളിലേക്ക് കലയെയും സാഹിത്യത്തെയും ഇറക്കി പ്രതിഷ്ഠിക്കുകയും, കലയെയും സാഹിത്യത്തെയും മതേതരവും, അധിനിവേശ വിരുദ്ധവും സമത്വത്തില്‍ അധിഷ്ഠിതവുമായ ഒരു സമഗ്രമായ ജീവിത ദര്‍ശനമാക്കുകയും വേണം എന്ന ആഹ്വാനവുമായി പ്രേരണ യു.എ.ഇ. ഏക ദിന സാഹിത്യ സമ്മേളനം സംഘടിപ്പിക്കുന്നു.
സാഹിത്യത്തിന് മനുഷ്യ ജീവിതത്തില്‍ നിന്ന് വേറിട്ട് സ്വതന്ത്രവും, യാന്ത്രികവുമായ ഒരു അസ്തിത്വവുമില്ലെന്ന തിരിച്ചറിവായിരുന്നു പുരോഗമന സാഹിത്യ ത്തിന്റെയും അതിന്റെ വക്താക്കളുടെയും കാതല്‍. ആഗോള തലത്തില്‍ തന്നെ നിശിതമായ വിമര്‍ശനങ്ങളായിരുന്നു ആ വാദത്തിന് നേരിടേണ്ടി വന്നത്. ഉത്തരാധുനികതയുടെ ഈ കാലത്തും ജീവത്സാഹിത്യം വിവിധ കോണുകളില്‍ നിന്ന് നിരന്തരമായ ആക്രമണങ്ങള്‍ക്ക് വിധേയമായി ക്കൊണ്ടിരിക്കുന്നു എന്നു കാണാം.
സാഹിത്യ മടക്കമുള്ള കലകളെ സാമാന്യ മനുഷ്യന്റെ ജീവിതാ വിഷ്ക്കാരത്തില്‍ നിന്ന് അകറ്റുക വഴി, ഒരു വരേണ്യ വര്‍ഗ്ഗത്തിന്റെ കൈപ്പിടിയില്‍ ഒതുക്കുക എന്ന ലക്ഷ്യമാണ് കല കലയ്ക്കു വേണ്ടി എന്ന വാദത്തിന്റെ അണിയറയിലും അടിത്തറയിലും പ്രവര്‍ത്തിക്കുന്ന ചാലക ശക്തി.
നിലവിലുള്ള സാഹിത്യ ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും അരങ്ങുകളുടെയും മുഖ്യ ധാരയില്‍ നിന്നകന്ന്, മനുഷ്യനെയും അവന്റെ സാമൂഹികതയെയും സമഗ്രമായി ആശ്ളേഷിക്കുന്ന സമഗ്രമായ ഒരു സാഹിത്യ ദര്‍ശനത്തെയാണ് പ്രേരണ സാക്ഷാത്ക്കരിക്കാന്‍ ശ്രമിക്കുന്നത്. സാഹിത്യത്തെ ഈയൊരു ലക്ഷ്യത്തിലേക്കു വേണ്ടി ഉപയോഗിക്കുന്ന ചില ന്യൂനപക്ഷങ്ങള്‍ നമുക്കിട യിലുണ്ടെങ്കിലും, അവയെയെല്ലാം സമര്‍ത്ഥമായി തിരസ്ക്കരിക്കാന്‍ പ്രതിജ്ഞാ ബദ്ധമായ മുഖ്യധാരാ സാഹിത്യ പ്രസ്ഥാനങ്ങളും, വക്താക്കളുമാണ് ഇന്ന് അരങ്ങു വാഴുന്നത്.
കലയുടെയും കവിതയടക്കമുള്ള സാഹിത്യ രൂപങ്ങളുടെയും നൈതികതയെ നമ്മള്‍ അഭിസംബോധന ചെയ്യേണ്ടിയിരിക്കുന്നു.
ഈയൊരു പശ്ചാത്തലത്തില്‍ വേണം ഏറെ കൊട്ടിഘോഷിക്കപ്പെട്ടു കൊണ്ട് മുഖ്യധാരയില്‍ നടത്തപ്പെടുന്ന സാഹിത്യ ചര്‍ച്ചകളെയും പ്രവര്‍ത്തനങ്ങളെയും ഇന്നു നമ്മള്‍ വിലയിരുത്തേണ്ടത്.
ആ ദൌത്യം അത്ര എളുപ്പമല്ല. നടന്നു തീര്‍ക്കേണ്ട വഴികള്‍ അതിദീര്‍ഘമാണ്. നഷ്ടപ്പെട്ട മേല്‍വിലാസങ്ങളില്‍ കുരുങ്ങി ക്കിടക്കാന്‍ ഒരു നാട്ടിലെയും ഒരു കലാ സാഹിത്യ ദര്‍ശനങ്ങള്‍ക്കും ഏറെക്കാലം സാധ്യമല്ല. യഥാര്‍ത്ഥത്തില്‍ നമുക്ക് നമ്മുടെ മേല്‍വിലാസങ്ങള്‍ നഷ്ടപ്പെടുകയല്ല, അത് നമ്മില്‍ നിന്നും കവര്‍ച്ച ചെയ്യപ്പെടുക യാണുണ്ടായത്. മേല്‍വിലാസങ്ങള്‍ തിരിച്ചു പിടിക്കുക എന്നതിന്റെ അര്‍ത്ഥം നമ്മുടെ നൈതികതയെ തിരിച്ചു പിടിക്കുക എന്ന് തന്നെയാണ്.
മലയാളത്തില്‍ കവിതയുടെ ചരിത്രവും നൈതികതയുടെ ചരിത്രവും അത്രമേല്‍ ഇഴ ചേര്‍ന്നു കിടക്കുന്നു. ശ്രീനാരായണന്‍ അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തുമ്പോള്‍ തന്നെ “ജാതിഭേദം മതദ്വേഷം / ഏതുമില്ലാതെ സര്‍വ്വരും / സോദരത്വേന വാഴുന്ന / മാതൃകാസ്ഥാനമാണിത്” എന്ന് കവിതയും കുറിക്കുന്നുണ്ട്. അതിനാല്‍ തന്നെ കവിത ചര്‍ച്ചാ വിഷയമാകുമ്പോള്‍ നൈതികതയും ചര്‍ച്ചാ വിഷയമായി തീരുന്നു.
കവിതയില്‍ അയ്യപ്പനിലേക്കും, നാടകത്തില്‍ പി. എം. താജിലേക്കും, സിനിമയില്‍ ജോണ്‍ എബ്രഹാമിലേക്കും അവര്‍ക്കുമപ്പുറത്തേക്കും ചെന്ന് നമുക്ക് നമുടെ സാഹിത്യ കലാ ദര്‍ശനങ്ങളുടെ മേല്‍വിലാസങ്ങളും, നൈതികതയും തിരിച്ചു പിടിക്കേണ്ടതുണ്ട്.
അതിനുള്ള ഒരു എളിയ ചുവടു വെയ്പാണ് ഫെബ്രുവരി 4-ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ പ്രേരണ സംഘടിപ്പിക്കുന്ന ഏക ദിന സാഹിത്യ സമ്മേളനം.
‘കണ്ടെത്താത്ത വിലാസം’ എന്ന പ്രമേയം അടിസ്ഥാനമാക്കിയ സാഹിത്യ സമ്മേളനത്തിന്റെ ആദ്യ ഭാഗത്ത് മൂന്ന് പഠനങ്ങളാണ് ഉദ്ദേശിച്ചിട്ടുള്ളത്.
പ്രബന്ധാവതരണവും ചര്‍ച്ചയും
- ‘സമകാലീന മലയാള കവിതയും മലയാള ജനതയുടെ നൈതികതയും’ – പി. എന്‍. ഗോപീകൃഷ്ണന്‍
- ‘കുടിയേറ്റ രാഷ്ട്രീയം മലയാള കവിതയില്‍‘ – സര്‍ജു
- അരാജക വാദത്തിന്റെ ജൈവ രസതന്ത്രവും രാഷ്ട്രീയവും‘ – ഡോ. അബ്ദുല്‍ ഖാദര്‍
രണ്ടാം ഘട്ടം
- സമര്‍പണം അയ്യപ്പന്
- അയ്യപ്പന്‍ അനുസ്മരണ പ്രഭാഷണം
- അയ്യപ്പന്റെ കവിതകളുടെയും അയ്യപ്പനെ കുറിച്ചുള്ള കവിതകളുടെയും ചൊല്ലി അവതരണം
മൂന്നാം ഘട്ടം
സിനിമാ പ്രദര്‍ശനം – ‘ആന്റോണിം ആര്‍ടോഡിന്റെ കൂടെ എന്റെ ജീവിതവും കാലവും‘ – ജെറാള്‍ഡ് മോര്‍ഡിലാറ്റ്. ഫ്രഞ്ച് കവിയും നാടക പ്രവര്‍ത്തകനുമായ ആന്റോണിം ആര്‍ടോഡിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമ.