അബുദാബി : പ്രമുഖ നര്‍ത്തകി കലാമണ്ഡലം കൃഷ്ണ ശ്രീജിത്തിന്‍റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന മുസ്സഫ യിലെ നാട്യ ഡാന്‍സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളുടെ ഭരതനാട്യം അരങ്ങേറ്റവും നാട്യയുടെ വാര്‍ഷിക ആഘോഷവും 2023 ജനുവരി 7 ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ അബുദാബി ഭവന്‍സ് സ്കൂളില്‍ അരങ്ങേറും എന്ന് നാട്യ ഭാരവാഹി കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കലാമണ്ഡലം കാര്‍ത്തികേയന്‍ (വായ്പ്പാട്ട്), കലാ മണ്ഡലം കിരണ്‍ ഗോപിനാഥ് (മൃദംഗം), പത്മകുമാരി മഞ്ചേരി (വയലിന്‍), കേരള കലാ മണ്ഡലത്തിലെ ഓര്‍ക്കസ്ട്ര ടീമും പരിപാടി യില്‍ അണി നിരക്കും.
നാട്യയുടെ സഹോദര സ്ഥാപനമായ കലാ മന്ദിര്‍ അബു ദാബിയുടെ വാദ്യ മേള സായാഹ്നം “കലാ മന്ദിര്‍ മേളോല്‍സവം 2023 പഞ്ചാരിമേളം” എന്ന പേരില്‍ അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്‍ററില്‍ (ISC) ജനുവരി 8 ഞായറാഴ്ച വൈകുന്നേരം 4.30 ന് കലാ നിലയം സുരേഷ് അവതരിപ്പിക്കുന്ന സിംഗിള്‍ തായമ്പകയോടെ തുടക്കം കുറിക്കും.
തുടര്‍ന്ന് അറുപതോളം വാദ്യ കലാകാരന്മാര്‍ മേള വിസ്മയം തീര്‍ക്കും. കലാമണ്ഡലം ശിവദാസ്, ഹരി അവിട്ടത്തൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. മേളോല്‍സവത്തിലേക്ക് പ്രവേശനം സൗജന്യം ആയിരിക്കും.
പരിപാടികളെ കുറിച്ച് വിശദീകരിക്കുവാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ കലാ മണ്ഡലം കൃഷ്ണ ശ്രീജിത്ത്, കലാ മന്ദിരം ശോഭാ കൃഷ്ണന്‍ കുട്ടി, കാളി കണ്ണന്‍, ബിജു അബുദാബി, ജോമോന്‍ വര്‍ഗ്ഗീസ് എന്നിവര്‍ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, കുട്ടികള്‍, നൃത്തം, സംഗീതം