അബുദാബി : ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തി വടകര എന്‍ ആര്‍ ഐ ഫോറം അബുദാബി യില്‍ സംഘടിപ്പിച്ച വടകര മഹോത്സവം പലഹാര പ്പെരുമ യാലും നാട്ടുകാഴ്ച കള്‍ കൊണ്ടും ശ്രദ്ധേയ മായി.
കേരള സോഷ്യല്‍ സെന്ററില്‍ ഒരുക്കിയ തട്ടുകട കളില്‍ നിരന്ന വിഭവങ്ങള്‍ കണ്ട് അബുദാബി യിലെ മലയാളി സമൂഹം വിസ്മയ ഭരിതരായി.
മുട്ടമാല, പിഞ്ഞാണത്തപ്പം, കലത്തപ്പം, കുഞ്ഞിപ്പത്തല്‍, ചീരോക്കഞ്ഞി, ഉന്നക്കായ, ചട്ടിപ്പത്തിരി, കോഴിയട, കൊഴുക്കട്ട, ഏലാഞ്ചി, പോള, റൊട്ടി നിറച്ചത്, കടലപ്പത്തിരി, മത്തി അച്ചാര്‍, പിലായില, മുട്ടസുറുക്ക, പത്തല്‍, പൊട്ട്യാപ്പം, അച്ചപ്പം, ബിണ്ടി തുടങ്ങിയ വിഭവങ്ങളും പലതരം പായസ ങ്ങളും ഇറച്ചി ക്കറികളും കൊതിയൂറുന്ന കാഴ്ചകളായി തട്ടില്‍ നിരന്നു.
മറ്റൊരു വശത്ത് ഗ്രാമീണമായ കാഴ്ച വസ്തുക്കള്‍. പാനൂസ്, തഴപ്പായ, കിണ്ടി, കോളാമ്പി, ഇസ്തിരി പ്പെട്ടി, കിണ്ണം, ഉലക്ക, ഉരല്‍, കുഴി അമ്മി, മുളനാഴി, അപ്പച്ചട്ടി, കടകോല്, മുളപുട്ടുകുറ്റി, ഭരണി, നിലോതിക്ക, തള, തെരുവ, കലപ്പ, ഉറി, വട്ടക്കിണര്‍ എന്നിങ്ങനെ ഉള്ളതെല്ലാം നഗര ങ്ങളില്‍ ജീവിക്കുന്ന പുതിയ തലമുറയ്ക്ക് കൗതുക ക്കാഴ്ചകളാണ്.
തട്ടുകട കളില്‍ വടകര യിലെ മങ്കമാര്‍ നാടന്‍ പലഹാര ങ്ങള്‍ വിളമ്പുമ്പോള്‍ സ്റ്റേജില്‍ കടത്തനാടന്‍ കളരിപ്പയറ്റും ദഫ്മുട്ടും നാടന്‍ പാട്ടും അരങ്ങു തകര്‍ക്കുക യായിരുന്നു.
വടകര എന്‍ ആര്‍ ഐ ഫോറം ഒരുക്കിയ ഗ്രാമീണ മേളയ്ക്ക് പ്രസിഡന്റ് ഇബ്രാഹിം ബഷീര്‍, പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ ബാബു വടകര, ജനറല്‍ കണ്‍വീനര്‍ എന്‍ കുഞ്ഞഹമ്മദ്, ജനറല്‍ സെക്രട്ടറി വി. പി. കെ. അബ്ദുള്ള, ട്രഷറര്‍ പി. മനോജ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
- pma