അബുദാബി : വി. പി. എസ്. ഹെൽത്ത് കെയറിലെ നഴ്‌സുമാർ ഗിന്നസ് ബുക്കിൽ ഇടം നേടി. അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിൽ അബുദാബി ബുർജീൽ മെഡിക്കൽ സിറ്റിയിൽ ഒരുക്കിയ പ്രത്യേക വേദിയിലാണ് ഈ അപൂർവ്വ നേട്ടം കൈവരിക്കാൻ നഴ്‌സുമാർക്ക് അവസരം കിട്ടിയത്. കൊവിഡ് മഹാമാരിയിൽ മുന്നണിയിൽ പ്രവർത്തിച്ച നഴ്‌സുമാരെ ആദരിക്കാൻ വി. പി. എസ്. ഹെൽത്ത് കെയർ ഒരുക്കിയ സംഗമ വേദിയിലാണ് ഈ പുരസ്‌കാര നേട്ടം. രണ്ടു വിഭാഗങ്ങളിലായിട്ടാണ് ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയത്.
നഴ്സിംഗ് യൂണിഫോമിൽ 1600 പേർ ബുർജീൽ മെഡിക്കൽ സിറ്റിയിൽ ഒന്നിച്ചതിലൂടെ സൃഷ്ടിച്ചത് പുതിയ ലോക റെക്കോർഡ്. നഴ്‌സിംഗ് തൊഴിലിന്‍റെ ആദർശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനുള്ള’ഫ്ലോറൻസ് നൈറ്റിംഗേല്‍ പ്രതിജ്ഞ’യാണ് ബുർജീൽ മെഡിക്കൽ സിറ്റിയിലെ വേദിയിൽ പിറന്ന രണ്ടാമത്തെ ഗിന്നസ് റെക്കോർഡ്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള 1600 നഴ്‌സുമാർ ഒന്നിച്ച് ഈ പ്രതിജ്‌ഞ എടുത്തു. എറ്റവും കൂടുതൽ പേർ ഒരുമിച്ച് എടുക്കുന്ന പ്രതിജ്ഞ എന്ന ലോക റെക്കോർഡ് ആണിത്.
ഗിന്നസ് ഒഫീഷ്യലുകളുടെയും സ്വന്തന്ത്ര നിരീക്ഷകരുടെയും സാന്നിദ്ധ്യത്തിൽ ആയിരുന്നു റെക്കോർഡ് സംഗമം. ലോക നഴ്‌സിംഗ് ദിനത്തിൽ രാവിലെ ഒൻപത് മണിയോടെയാണ് നഴ്‌സുമാർ ഗിന്നസിൽ ഇടം സ്വന്തമാക്കിയത്. വി. പി. എസ് ഹെൽത്ത് കെയറിന്‍റെ അബുദാബി, അൽ ഐൻ, ഷാർജ, ദുബായ് എന്നിവിട ങ്ങളിൽ നിന്നുള്ള നഴ്‌സുമാർ ഇതിനായി ഒത്തുചേർന്നു. മുൻപ് ഒരു വേദിയിൽ 691 നഴ്‌സുമാർ യൂണിഫോമിൽ ഒത്തു ചേർന്ന റെക്കോർഡാണ് 1600 പേരുടെ ഒത്തു ചേരലിലൂടെ തിരുത്തപ്പെട്ടത്.
മഹാമാരിക്ക് എതിരായ പോരാട്ട മുന്നണിയിൽ പ്രവർത്തിക്കുമ്പോൾ ജീവൻ നഷ്ടമായ ലെസ്‌ലി ഒറീൻ ഒക്കാമ്പോ എന്ന ബുർജീലിലെ നഴ്‌സിംഗ് സ്റ്റാഫിന് ആദരാഞ്ജലി അർപ്പിച്ചുള്ള പ്രാർത്ഥനയോടെയാണ് സംഗമം തുടങ്ങിയത്.
പുതിയ റെക്കോർഡ് പ്രഖ്യാപനത്തെ നഴ്‌സുമാർ കയ്യടികളോടെയും ആർപ്പു വിളികളോടെയുമാണ് വരവേറ്റത്. കരിയറിലെ ഏറ്റവും അവിസ്മരണീയമായ അന്താരാഷ്ട്ര നഴ്‌സസ് ദിന ആഘോഷങ്ങളിൽ ഒന്നാണിത് എന്ന് വി. പി. എസ്. ഹെൽത്ത് കെയറിലെ ചീഫ് നഴ്‌സിംഗ് ഓഫീസർ റാണി എൽസ ഉമ്മൻ പറഞ്ഞു.
“22 വർഷത്തെ നഴ്‌സിംഗ് ജീവിതത്തിനിടെ നഴ്‌സുമാർക്ക് വേണ്ടിയുള്ള നിരവധി പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. എന്നാൽ അന്താരാഷ്‌ട്ര നഴ്‌സസ് ദിനം പോലെയുള്ള ഒരു സുപ്രധാന ദിവസത്തിൽ ഒത്തൊരുമിച്ചു റെക്കോർഡ് നേട്ടം കൈവരിക്കാൻ ആയതിൽ ഏറെ സന്തോഷമുണ്ട്.”
നഴ്‌സുമാർ ലോകത്തിന് നൽകുന്ന അമൂല്യമായ സംഭാവനകൾക്കുള്ള ആദരമാണ് ഈ ചടങ്ങ് എന്ന് വി. പി. എസ്. ഹെൽത്ത് കെയർ ബിസിനസ്സ് ഡെവലപ്പ്മെന്‍റ് പ്രസിഡണ്ട് ഒമ്രാൻ അൽ ഖൂരി പറഞ്ഞു.
കൊവിഡ്-19 ന്ന് എതിരായ പോരാട്ടത്തിന്‍റെ മുന്നണിയിലുള്ള നഴ്‌സുമാരിൽ പലർക്കും രണ്ടു വർഷത്തെ ഇടവേളക്കു ശേഷം ഇത്രയും വലിയ സംഗമത്തിൽ പങ്കെടുത്തത് പുതിയ അനുഭവമായി.
“മഹാമാരി കാരണം ജോലിക്കിടെ ഏറെ വെല്ലു വിളികൾ നേരിട്ട സമയമാണ് കടന്നു പോകുന്നത്. ഈ പശ്ചാത്തല ത്തിൽ നിരവധി സഹ പ്രവർത്തകരെയും സഹ നഴ്സുമാരെയും ഒരു വേദിയിൽ കണ്ടത് സന്തോഷകരമായ ഒത്തു ചേരലായി. നഴ്‌സിംഗ് സേവനത്തിന്‍റെ ആദർശങ്ങൾ ഉയർത്തി പ്പിടിക്കുന്ന ഫ്ലോറൻസ് നൈറ്റിംഗേൽ പ്രതിജ്ഞ ഒറ്റക്കെട്ടായി ഏറ്റു ചൊല്ലിയത് പ്രത്യേക അനുഭൂതിയും,” ബുർജീൽ മെഡിക്കൽ സിറ്റിയിലെ ഇൻപേഷ്യന്‍റ് നഴ്‌സ് കെവിൻ ബയാൻ പറഞ്ഞു.
നഴ്‌സുമാരുടെ പ്രത്യേക ദിനത്തിൽ തന്നെ അവർ പുതിയ റെക്കോർഡ് എഴുതി ചേർത്തതിൽ ഏറെ സന്തോഷം എന്ന് റെക്കോർഡ് പ്രഖ്യാപിച്ചു കൊണ്ട് ഗിന്നസ് പ്രതിനിധി കൻസീ എൽ ഡെഫ്‌റാവി പറഞ്ഞു. നഴ്സുമാരുടെ നിസ്വാർത്ഥ സേവനങ്ങളെ സമൂഹം വ്യത്യസ്തമായി ആദരിക്കുന്നതിന് ഉദാഹരണമാണ് ഈ അംഗീകാരം എന്നും കൻസീ കൂട്ടിച്ചേർത്തു.
- Burjeel Medical City YouTube
- ആരോഗ്യ പ്രവർത്തകർക്ക് മോഹൻ ലാലിന്റെ ആദരം
- ഫോബ്സ് പട്ടികയില്‍ ഡോക്ടര്‍. ഷംഷീര്‍ വയലില്‍ ഒന്നാമത്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: health, vps-burjeel, ബഹുമതി, വ്യവസായം