ദോഹ : പ്രവാചകന്‍ മുഹമ്മദ് നബിയുടെ അനുയായികളില്‍ പ്രമുഖനായ ബിലാല്‍ ( റ:അ: ) യുടെ ജിവിത കഥയെ ആസ്പദമാക്കി “തനിമ” കലാ സാംസ്കാരിക വേദി ഒരുക്കുന്ന “നക്ഷത്രങ്ങള്‍ കരയാറില്ല” എന്ന മ്യൂസിക്കല്‍ ഡോക്യു ഡ്രാമ ഖത്തറിൽ അരങ്ങേറും .
ആറാം നൂറ്റാണ്ടിലെ അറേബ്യയില്‍ നില നിന്നിരുന്ന അടിമത്ത സമ്പ്രദായവും അവിടെ യജമാനന്മാരുടെ പീഡനത്തിന് ഇരയാകേണ്ടി വന്ന ബിലാല്‍ അടക്കമുള്ളവരുടെ ജീവിത യാത്രയുമാണ് “നക്ഷത്രങ്ങള്‍ കരയാറില്ല ” എന്ന ഡ്രാമയുടെ ഇതിവൃത്തം. അടങ്ങാത്ത പ്രവാചക സ്നേഹം കൊണ്ട് വീർപ്പുമുട്ടിയ അവരുടെ അതിജീവനത്തിന്റെയും , സമൂഹത്തിന്റെ ഉന്നത തലങ്ങളിലേക്ക് ഉയർത്തപ്പെടുന്നതിന്റെയും നേർചിത്രമാണ് ഈ ഡോക്യു ഡ്രാമയെന്ന് തനിമ ഡയറക്ടർ അസീസ് മഞ്ഞിയില്‍ , പ്രോഗ്രാം കണ്‍വീനർ അഹമ്മദ് ഷാഫി എന്നിവര്‍ പറഞ്ഞു. ദോഹയിലെ അമ്പതോളം പ്രവാസി മലയാളികള്‍ വേഷമിടുന്ന ഇത്തരം ഡോക്യു ഡ്രാമ ദോഹയില്‍ ആദ്യമാണെന്നും , മൂന്ന് സ്റ്റേജുകളിലായാണ് പരിപാടി അരങ്ങേറുകയെന്നും ഇതിന്റെ സംഘാടകര്‍ അറിയിച്ചു. ഉസ്മാന്‍ മാരാത്ത് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ഈ ഡ്രാമയിലെ ഗാന രചന ജമീല്‍ അഹമ്മദ് , പി. ടി. അബ്ദുറഹ്മാൻ, കാനേഷ് പൂനൂര്‍ , ഖാലിദ് കല്ലൂര്‍ എന്നിവരും സംഗീതം ഷിബിലി , അമീൻ യാസര്‍ , അൻഷാദ് തൃശൂര്‍ എന്നിവരും ആണ്.
മീഡിയ പ്ലസുമായി സഹകരിച്ച് തനിമ ഒരുക്കുന്ന രണ്ട് മണിക്കൂറോളം ദൈര്‍ഘ്യമുളള ഈ ഡ്രാമ അറേബ്യന്‍ ഉപ ഭൂഖണ്ഡത്തിലെ പുരാതന ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ഒന്നായിരിക്കുമെന്ന് ഉസ്മാന്‍ മാരാത്ത് അഭിപ്രായപ്പെട്ടു.
പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്ന ഈ പരിപാടി മെയ് 18 ന് വൈകീട്ട് ഏഴിന് അബൂഹമൂറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്കൂളിലാണ് അരങ്ങേറുക.
– കെ. വി. അബ്ദുല്‍ അസീസ്, ചാവക്കാട് – ദോഹ – ഖത്തര്‍
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഖത്തര്‍, നാടകം, മതം, സംഗീതം, സാംസ്കാരികം