ഷാര്‍ജ : കവിതയുടെ സ്വാഭാവിക രീതി ശാസ്ത്രങ്ങളെ തിരസ്കരിച്ചു കൊണ്ട് തനിക്കു മാത്രം അവകാശപ്പെട്ട ഒരു കാവ്യ രീതിയിലുടെ സഞ്ചരിച്ച മലയാള കവിതയിലെ അത്ഭുതമായിരുന്ന ശ്രീ എ. അയ്യപ്പന് മാസ് ഷാര്‍ജയുടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി മാസ് ഷാര്‍ജ സെക്രട്ടറി അറിയിച്ചു.
കാല്‍പനിക വല്കരിക്കപ്പെട്ട പ്രണയത്തെ കോറിയിടുമ്പോഴും തെല്ലും ചിതറി തെറിക്കാത്ത മൂര്‍ത്തമായ രാഷ്ട്രീയ ബോധത്തിന്റെ തീ പൊരികള്‍ വാക്കുകളില്‍ അദ്ദേഹം കാത്തു വെച്ചു. അനാഥവും അരക്ഷിതവുമായ ജീവിതങ്ങളെ ശ്ളഥ ബിംബങ്ങളിലൂടെ കാവ്യവല്‍കരിക്കുകയും അത് സ്വ ജീവിതത്തിലേക്ക് പകര്‍ത്തുകയും ചെയ്തു അദ്ദേഹം. കാല്പനികമായ ഒരു അന്യഥാ ബോധം അദ്ദേഹത്തിന്റെ കവിതകളിലെ അന്തര്‍ധാര യായിരുന്നു.
സമകാല മലയാള കവിതയിലെ ഏറ്റവും തിളക്കമാര്‍ന്ന വ്യക്തിത്വമാണ് ശ്രീ അയ്യപ്പന്റെ മരണത്തോടെ അവസാനിച്ചത്. ജീവിതം മുഴുവന്‍ കാവ്യ ഭിക്ഷയ്ക്കായി നീക്കി വെച്ച കവിയായിരുന്നു അദ്ദേഹം. പൊയ്മുഖമില്ലാതെ ജീവിച്ചു മരണത്തിലേക്ക് അനാഥനായി നടന്നു പോയ മലയാളത്തിന്റെ മനുഷ്യ ഭാവം അയ്യപ്പന് മാസ് ഷാര്‍ജയുടെ ആദരാഞ്ജലികള്‍. രൂപത്തേക്കാള്‍ ഉള്ളടക്കം തന്നെയാകാന്‍ ഇഛിച്ച അയ്യപ്പന്റെ വിയോഗ ദുഃഖത്തില്‍ തങ്ങളും പങ്കു ചേരുന്നു.
സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം , 25 /10 /2010 തിങ്കളാഴ്ച വൈകുന്നേരം ഷാര്‍ജ ഇന്ത്യന്‍ അസ്സോസിയേഷന്‍ ഹാളില്‍ മാസ്സ് ഷാര്‍ജയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന അനുശോചന യോഗത്തിലേക്ക് അയ്യപ്പനെ സ്നേഹിച്ച എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും മാസ് ഷാര്‍ജ സെക്രട്ടറി അറിയിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കവിത, കേരള സാംസ്കാരിക വ്യക്തിത്വം, ചരമം, സംഘടന