ദുബായ് : മേഖലാ അടിസ്ഥാനത്തിലുള്ള പ്രവാസി ഭാരതീയ ദിവസ് ഗള്‍ഫില്‍ എപ്പോള്‍ നടത്തുമെന്ന കാര്യം കേന്ദ്ര പ്രവാസി കാര്യ വകുപ്പ് വ്യക്തമാക്കണമെന്നു മാധ്യമ പ്രവര്‍ത്തകനും ദുബായിലെ ഇന്ത്യന്‍ മീഡിയാ ഫോറം മുന്‍ ജനറല്‍ സെക്രട്ടറിയുമായ ബിജു ആബേല്‍ ജേക്കബ് ആവ്യശ്യപ്പെട്ടു. അമേരിക്കയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ ഫോക്കാനയുടെ ഭാരവാഹികള്‍ക്കു ദില്ലിയിയില്‍ കോണ്‍ഗ്രസ് സൌത്ത് ഇന്ത്യന്‍ ഫോറം നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കു കയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഒന്‍പതു വര്‍ഷങ്ങളിലെ പ്രവാസി ഭാരതീയ ദിവസ് പരിപാടികളില്‍ ഒന്നില്‍ പോലും ഗള്‍ഫ് ഇന്ത്യക്കാര്‍ക്കു വേണ്ടത്ര പരിഗണനയോ പ്രാധാന്യമോ ലഭിച്ചില്ല. ഇത്തവണയും ഇതു തന്നെ ആവര്‍ത്തിച്ചു. ഈ പശ്ചാത്തലത്തിലാണ് മേഖല പ്രവാസി ഭാരതീയ ദിവസ് ഗള്‍ഫില്‍ നടത്തണമെന്നു ആവശ്യം വിവിധ കോണുകളില്‍ നിന്നു ഉയര്‍ന്നിരിക്കുന്നത്.
എന്നാല്‍ ഇത്തരം ഒരു ആവ്യശ്യത്തിനു നേരെ കേന്ദ്ര പ്രവാസി കാര്യ വകുപ്പ് അനുകൂലമായി പ്രതികരിക്കാത്തതു സങ്കടകരമാണെന്നും ആബേല്‍ പറഞ്ഞു. കേരളത്തിന്റെ വികസനത്തില്‍ വിദേശ ഇന്ത്യക്കാരുടെ പങ്കാളിത്തം സജീവമാക്കുവാനും പ്രവാസികള്‍ക്കു ശക്തമായ ക്ഷേമ പദ്ധതി യാഥാര്‍ത്ഥ്യ മാകുവാനുമായി അമേരിക്ക, ഗള്‍ഫ് തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവത്തിക്കുന്ന മലയാളി സംഘടനകള്‍ക്കിടയില്‍ ഏകോപനം ഉണ്ടാകണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ദില്ലി ടാജ് പാലസില്‍ നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് സൌത്ത് ഇന്ത്യന്‍ ഫോറം പ്രസിഡണ്ട് രാജീവ് ജോസഫ് അദ്ധ്യക്ഷനായിരുന്നു. ഫൊക്കാന പ്രസിഡണ്ട് ജി. കെ. പിള്ള, മുന്‍ പ്രസിഡണ്ട് പോള്‍ കറുകപിള്ളി, ട്രഷറര്‍ ഷാജി മേച്ചേരി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
ഫോട്ടോ: കോണ്‍ഗ്രസ് സൌത്ത് ഇന്ത്യന്‍ ഫോറം ദില്ലിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ രാജീവ് ജോസഫ്, ബിജു ആബേല്‍ ജേക്കബ്, ജി. കെ. പിള്ള, പോള്‍ കറുകപിള്ളി, ഷാജി മേച്ചേരി എന്നിവര്‍.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രവാസി, ബഹുമതി, മാധ്യമങ്ങള്‍