അബുദാബി :അബുദാബി യുടെ ഹൃദയ ഭാഗത്തെ പ്രമുഖ വാണിജ്യ കേന്ദ്രമായ മദീനാ സായിദ് ഷോപ്പിംഗ് സെന്ററില്‍ ഒരുമാസം നീണ്ടു നില്‍ക്കുന്ന വാണിജ്യോല്‍സവം മാര്‍ച്ച് 8 വ്യാഴാഴ്ച മുതല്‍ ആരംഭിക്കും.’ മഹര്‍ജാന്‍ ‘ എന്ന പേരില്‍ വാരാന്ത്യങ്ങളില്‍ ആയിരിക്കും ഉത്സവം നടക്കുക. കുട്ടികള്‍ക്കും കുടുംബങ്ങള്‍ ക്കുമായി സമ്മാനങ്ങള്‍ വാരിക്കൂട്ടാവുന്ന മല്‍സരങ്ങള്‍ , കലാ സാംസ്കാരിക പരിപാടികള്‍ അടങ്ങിയ കലാ മേളയും എന്നിവ ഉണ്ടായിരിക്കും എന്ന് സംഘാടകര്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മദീനാ സായിദ് ഷോപ്പിംഗ് സെന്ററിന്റെ വികസന വുമായി ബന്ധപ്പെട്ട് ഒരുക്കുന്ന ഈ പരിപാടിയില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, അബുദാബി കോ – ഓപ്പറേറ്റീവ് സൊസൈറ്റി, കെ.എം. ട്രേഡിംഗ്, അല്‍ജസീറ ഗ്രൂപ്പ് ജ്വല്ലറി, സാലം അല്‍ ശുഐബി ജ്വല്ലറി തുടങ്ങി വലതും ചെറുതുമായ നാനൂറ്റി അമ്പതോളം വാണിജ്യ സ്ഥാപനങ്ങളും പ്രമുഖ ഭക്ഷണ വിതരണ ശൃംഖലയായ ടേബിള്‍സ് ഗ്രൂപ്പിന്റെ കീഴിലുള്ള ഉത്തരേന്ത്യന്‍ ഭക്ഷണ കേന്ദ്രമായ ദേ താലി, അറബിക് – ഇറാനിയന്‍ ഭക്ഷണ കേന്ദ്രമായ തന്ജാര എന്നിവരും ഇതില്‍ പങ്കാളികള്‍ ആവുന്നു.
വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ അറബ് പാരമ്പര്യ കലകളും കലാമത്സര ങ്ങളും ഗെയിം ഷോകളും മാന്ത്രിക പ്രകടനങ്ങളും കലാമേള യുടെ ഭാഗമായി നടക്കും. പത്ത് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ വ്യാപിച്ചു കിടക്കുന്ന ഈ വാണിജ്യ കേന്ദ്രം അബുദാബി യിലെ ഏറ്റവും വലിയ ബിസിനസ് കേന്ദ്രമായി ഇനി അറിയപ്പെടും. ഈ കേന്ദ്രത്തിന്റെ വികസനം പൊതുജന പങ്കാളിത്ത ത്തോടെ ആഘോഷിക്കാനാണ് ഒരു മാസം നീണ്ടു നില്‍ക്കുന്ന കലാമേള ഒരുക്കുന്നതെന്ന് സംഘാടകരായ ലൈന്‍ ഇന്‍വെസ്റ്റ്‌മെന്റ് അധികൃതര്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളന ത്തില്‍ ലൈന്‍ ഇന്‍വെസ്റ്റ്‌മെന്റിന്റെ ഡയറക്ടര്‍ രാജാ അബ്ദുള്‍ ഖാദര്‍ , ജനറല്‍ മാനേജര്‍ എ. എം. അബൂബക്കര്‍ , എം. കെ. ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍സ് മാനേജര്‍ വി. നന്ദകുമാര്‍ , പബ്ലിക് റിലേഷന്‍സ് മാനേജര്‍ മുഹമ്മദ് ഗസാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- pma