ദുബായ് : ദുബായിൽ അമേരിക്കൻ കപ്പലിൽ നിന്നും വെടിയേറ്റ് മരിച്ച ശേഖർ എന്ന മൽസ്യ ബന്ധന തൊഴിലാളിയുടെ സഹപ്രവർത്തകരായ 150 ഓളം പേർ ദുരിതത്തിൽ കഴിയുന്നു. അമേരിക്കൻ ആക്രമണത്തിൽ തങ്ങളുടെ സഹ പ്രവർത്തകൻ കൊല്ലപ്പെട്ടതിന്റെ ആഘാതത്തിലാണ് ഇപ്പോഴും ഇവർ കഴിയുന്നത്. സംഭവത്തിനു ശേഷം ഇവർക്ക് കടലിൽ മൽസ്യ ബന്ധനത്തിനായി പോകാൻ ഭയമാണ്. നിരവധി ബോട്ടുകളിലായി ജോലി ചെയ്യുന്ന ഇവർ പിടിക്കുന്ന മൽസ്യം വിറ്റു കിട്ടുന്ന വരുമാനം കൊണ്ടു വേണം ഇവരുടെ ശമ്പളം നൽകാൻ എന്നത് കൊണ്ട് ഇവരുടെ തൊഴിൽ ദാതാക്കൾക്കും ഇവരെ സഹായിക്കാൻ കഴിയാത്ത നിസ്സഹായാവസ്ഥയാണ് ഉള്ളത്.
അമേരിക്കൻ കപ്പൽ ആക്രമണത്തിൽ ശേഖറിനോടൊപ്പം വെടിയേറ്റ മറ്റ് തൊഴിലാളികളും ഈ ക്യാമ്പിൽ തന്നെയാണ് കഴിയുന്നത്. സംഭവം വാർത്തയാകുകയും നയതന്ത്ര അന്താരാഷ്ട്ര തലങ്ങളിൽ ശ്രദ്ധ നേടുകയും ചെയ്തത് കൊണ്ട് പരിക്കേറ്റവരെ സഹായിക്കാൻ ഇന്ത്യൻ കോൺസുലേറ്റ് ശ്രദ്ധിക്കുന്നുണ്ട്. എന്നാൽ ഇവരോടൊപ്പം അതേ ക്യാമ്പിൽ കഴിയുന്ന മറ്റ് മൽസ്യ തൊഴിലാളികൾ തൊഴിലും കൂലിയുമില്ലാതെ ദുരിതത്തിലാണ്. ഇവരുടെ ദുരിതം കണ്ടറിഞ്ഞ ചില സാമൂഹ്യ പ്രവർത്തകരുടെ ഇടപെടൽ മൂലം ഇന്നലെ മുതൽ ഇവർ പട്ടിണിയിൽ നിന്നും രക്ഷപ്പെട്ടു.
വടകര എൻ. ആർ. ഐ. ഫോറം ദുബായ് ഘടകത്തിന്റെ പ്രവർത്തകർ സംഭവം അറിയുകയും പ്രമുഖ ധന വിനിമയ സ്ഥാപനമായ യു. എ. ഇ. എക്സ്ചേഞ്ചിന്റെ സഹായത്തോടെ ഇവരുടെ താമസ സ്ഥലത്ത് ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. യു. എ. ഇ. എക്സ്ചേഞ്ച് മാനേജർ വിനോദ് നമ്പ്യാർ, വടകര എൻ. ആർ. ഐ. ഫോറം പ്രവർത്തകരായ ചന്ദ്രൻ ആയഞ്ചേരി, ബാലൻ മേപ്പയൂർ, സി. സുരേന്ദ്രൻ, റഫീക്ക് മേമുണ്ട എന്നിവർ നേതൃത്വം നൽകി.
– വാർത്ത അയച്ചു തന്നത് – ഇ. കെ. ദിനേശൻ
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ജീവകാരുണ്യം, തൊഴിലാളി, സംഘടന, സാമൂഹ്യ സേവനം