അബുദാബി : മണ്ണും മണലും ചേര്‍ന്ന് പ്രവാസ സാഹിത്യം രൂപപ്പെടുന്ന മുഹൂര്‍ത്ത ത്തിലേക്കാണ് പ്രവാസി ജീവിതം എത്തിച്ചേരുന്നത് എന്ന് സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും പ്രമുഖ എഴുത്തുകാരനുമായ വി. മുസഫര്‍ അഹമ്മദ് അഭിപ്രായപ്പെട്ടു.
അബുദാബി കേരള സോഷ്യല്‍ സെന്റര്‍ ‘കുടിയേറ്റക്കാരന്റെ ലിഖിതങ്ങള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സാഹിത്യ സംവാദത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മണലിന്റെ ജൈവികത മലയാള സാഹിത്യം തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു. ഇത് ശക്തമായ ഒരു സാഹിത്യ ഉണര്‍വിന്റെ ഭാഗമാണ് എന്നും അദ്ദേഹം പറഞ്ഞു.
കെ. എസ്. സി. ആക്റ്റിംഗ് പ്രസിഡന്റ് അഷ്‌റഫ് കൊച്ചിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം, കവി പി. ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു.
പ്രവാസി മലയാളികളുടെ സാഹിത്യ സര്‍ഗാത്മകതയെ കുറിച്ച് അനൂപ് ചന്ദ്രന്‍, സര്‍ജു ചാത്തന്നൂര്‍, അഷ്‌റഫ് പേങ്ങാട്ടയില്‍, റഫീഖ് ഉമ്പാച്ചി എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് നടന്ന പ്രവാസ സാഹിത്യ രംഗത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ യു. എ. ഇ. യിലെ നിരവധി എഴുത്തുകാര്‍ പങ്കെടുത്തു.
വി. മുസഫര്‍ അഹമ്മദ് എഴുതിയ ‘കുടിയേറ്റക്കാരന്റെ വീട്’ എന്ന പുസ്തകം സെന്ററിനു വേണ്ടി അഷ്‌റഫ് കൊച്ചി ഏറ്റുവാങ്ങി. ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി സ്വാഗതവും സാഹിത്യ വിഭാഗം സെക്രട്ടറി ചന്ദ്രശേഖരന്‍ നന്ദിയും പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സോഷ്യല്‍ സെന്റര്‍, സാംസ്കാരികം, സാഹിത്യം