അബുദാബി : എസ്. വൈ. എസ് പ്ലാറ്റിനം ഇയർ ആഘോഷങ്ങളുടെ ഭാഗമായി പ്രവാസ ലോകത്ത് ആയിരം ഇടങ്ങളിൽ യൂണിറ്റ് സമ്മേളനങ്ങൾ നടക്കും എന്ന് ഭാര വാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
‘ദേശാന്തരങ്ങളിലിരുന്ന് ദേശം പണിയുന്നവർ’ എന്ന പ്രമേയത്തിൽ 2024 നവംബർ 7, 8, 9, 10 തീയ്യതികളിൽ (വ്യാഴം, വെള്ളി, ശനി ഞായർ ദിവസ ങ്ങളിൽ) ചർച്ചകൾ സംഘടിപ്പിക്കും.
കുടിയേറ്റം സാമ്പത്തിക രംഗങ്ങളിൽ ഉണ്ടാക്കിയ മാറ്റങ്ങൾ നിരന്തരം പരാമർശിക്കപ്പെടാറുണ്ട്. വിദേശ പണത്തിൻ്റെ വരവ് ബാങ്കിലൂടെ ആവുമ്പോൾ അതിന് ഏകദേശ കൃത്യത ഉണ്ടാവും. അതേ സമയം സാമൂഹ്യ മേഖലകളിൽ പ്രവാസം ഏതൊക്കെ രീതിയിൽ പ്രതിഫലിക്കപ്പെട്ടു എന്നും ഗവേഷണം ചെയ്യപ്പെടണം.
ഇന്ത്യയിലെ രണ്ടു കോടിയോളം പൗരന്മാർ ജോലി തേടി ലോകത്തിലെ 181 രാജ്യത്ത് ജീവിക്കുന്നു എന്നാണ് കണക്ക്. 2023 ലെ കേരള മൈഗ്രേഷൻ റിപ്പോർട്ട് റിപ്പോർട്ട് പ്രകാരം 21.54 ലക്ഷം മലയാളികൾ പ്രവാസികളാണ്. ഇത് എത്ര മാത്രം വസ്തുതാ പരമാണ് എന്നത് മറ്റൊരു കാര്യം.
അതേ സമയം 2018 നെ അപേക്ഷിച്ച് 2023-ൽ കേരള ത്തിലേക്ക് എത്തിയ പ്രവാസി പണത്തിൽ 154 % വർദ്ധനവാണ് ഉണ്ടായത്. അതായത് 2018-ൽ 85092 കോടി രൂപയാണ് കേരളത്തിൽ എത്തിയത് എങ്കിൽ 2023 -ൽ അത് 2.16 ലക്ഷം കോടിയായി ഉയർന്നു.
ലോക ബാങ്കിന്റെ കണക്ക് പ്രകാരം 2023 -ൽ ഇന്ത്യ യിലേക്കുള്ള പ്രവാസികളുടെ പണമയക്കൽ 10.38 ലക്ഷം കോടി രൂപയാണ്. സാമ്പത്തികമായി രാജ്യ ത്തിനു വലിയ സംഭാവന നൽകുന്ന പ്രവാസിക്ക് രാജ്യം എന്ത് തിരിച്ചു നല്കുന്നു എന്നതും ചിന്തിക്കേണ്ടതുണ്ട്. ഒരു പ്രവാസിയും പൊതു ഇടങ്ങളിലെ പ്രതിനിധിയല്ല. ജനാധിപത്യ വ്യവസ്ഥക്കു പുറത്താണ് അവർ.
റേഷൻ കാർഡിൽ നിന്ന് പേരുകൾ ഒഴിവാക്ക പ്പെട്ടവരായി, വേരറുക്കപ്പെടുന്ന സമൂഹമായി മാറുന്നത് രാജ്യത്തെ അസ്വസ്ഥപ്പെടുത്തേണ്ടതാണ്. ഗൾഫ് പ്രവാസത്തിലൂടെ സമാനതകളില്ലാത്ത നേട്ടങ്ങൾ കൈവരിച്ചിട്ടും അതേക്കുറിച്ചുള്ള ആവിഷ്കാരങ്ങളിൽ ആ തോതിലുള്ള പങ്കു വെക്കലു കൾ ഉണ്ടായിട്ടുണ്ടോ എന്നും നമ്മൾ ഗൗരവ പൂർവ്വം ആലോചിക്കേണ്ടതുണ്ട്.
പ്രവാസ ലോകത്തിൻ്റെ വൈവിധ്യമാർന്ന വിഷയങ്ങൾ സമൂഹത്തിനും ഭരണകൂടത്തിനും മുന്നിൽ കൊണ്ടു വരാനാണ് ‘ദേശാന്തരങ്ങളിലിരുന്ന് ദേശം പണിയുന്നവർ’ എന്ന പ്രമേയത്തിലൂടെ ശ്രമിക്കുന്നത് എന്നും ഭാര വാഹികൾ പറഞ്ഞു.
യൂണിറ്റ് സമ്മേളനത്തിൻ്റെ ഭാഗമായി നിരവധി സംരംഭ ങ്ങൾക്കും തുടക്കമിടുന്നുണ്ട്. ആരായിരിക്കും ആദ്യത്തെ ഗൾഫ് പ്രവാസി മലയാളി എന്ന കൗതുക കരമായ അന്വേഷണം അതിലൊന്നാണ്.
1950 കളിൽ പ്രവാസം നടത്തിയവരെക്കുറിച്ചുള്ള അന്വേഷണം തുടരുന്നു. നിരവധി പ്രതികരണങ്ങൾ ഇതിന് ലഭിച്ചു.
സമ്മേളനത്തിൻ്റെ ഭാഗമായി സാന്ത്വന സേവന പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തും. ‘സ്പർശം’ എന്ന പേരിലുള്ള പദ്ധതിയിൽ രാജ്യത്തെ നിയമ സംവിധാന ങ്ങൾക്ക് ഉള്ളിൽ നിന്നു കൊണ്ടുള്ള സേവന പ്രവർത്തനങ്ങൾ നടക്കും.
രോഗി സന്ദർശനം, സഹായം, ജയിൽ സന്ദർശനം, ക്ളീനപ്പ് കാമ്പയിൻ, രക്ത ദാനം, രക്ത ഗ്രൂപ്പ് നിർണയം, മെഡി ക്കൽ ക്യാമ്പ്, എംബസി, പാസ്സ്‌പോർട്ട് – വിസാ മാർഗ്ഗ നിർദ്ദേശങ്ങൾ, നോർക്ക സേവനങ്ങൾ, നാട്ടിൽ പോകാൻ കഴിയാത്തവർക്ക് എയർ ടിക്കറ്റ്, ജോലി ഇല്ലാതെയും മറ്റും സാമ്പത്തികമായി തകർന്നവർക്ക് ഫുഡ്, റൂം വാടക നൽകുക തുടങ്ങിയ സേവന പ്രവർത്തനങ്ങൾ പ്രവാസ ലോകത്ത് നടന്നു വരുന്നു.
നാട്ടിൽ വീട്, കിണർ, വിവാഹ – ഉപരിപഠന സഹായം, ഡയാലിസിസ്, കിഡ്നി, ക്യാൻസർ രോഗികൾക്ക് സഹായം, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ആശ്വാസ പ്രവർത്തനങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും.
സമ്മേളനത്തിൻ്റെ സ്മാരകമായി ‘രിഫായി കെയർ’ എന്ന പേരിൽ കാരുണ്യ പദ്ധതി നടപ്പാക്കും. ഓട്ടിസം ബാധിച്ച കുട്ടി കളോടുള്ള സമൂഹത്തിന്റെ മനോഭാവം മാറ്റാൻ ആവശ്യമായ ബോധ വൽക്കരണവും ചികിത്സക്കും പരിചരണ ത്തിനും സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ആയിരം കുടുംബങ്ങളെ സാമ്പത്തികമായി സഹായി ക്കുന്നതാണ് ‘രിഫായി കെയർ’ പദ്ധതി.
സംഘടനയുടെ നേതൃത്വത്തിൽ ഗൾഫ് മേഖലയിൽ പ്രസിദ്ധീകരിച്ചു വരുന്ന പ്രവാസി വായന യുടെ പത്താം വർഷത്തെ കാമ്പയിനും ഇതിൻ്റെ ഭാഗമായി നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
മുസ്തഫ ദാരിമി കടാങ്കോട്, ഹമീദ് പരപ്പ, ഉസ്മാൻ സഖാഫി തിരുവത്ര, അബ്ദുൽ നാസർ കൊടിയത്തൂർ, ഹംസ അഹ്‌സനി എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു. FB PAGE
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: rsc-icf, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, മതം, സംഘടന