
അബുദാബി: അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം 2025) നവംബർ 5 ബുധനാഴ്ച രാവിലെ 8 മണി മുതൽ 2 മണി വരെ മുസഫ യിലെ അഹല്യ ആശുപത്രി കോൺഫറൻസ് ഹാളിൽ നടക്കും എന്ന് അഹല്യ ആശുപത്രി അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ആരോഗ്യ വിഭാഗത്തിന്റെ അംഗീകാരത്തോടെ സംഘടിപ്പിക്കുന്ന അഗം മീറ്റിൽ യു. എ. ഇ. യിലെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള നൂറിൽ അധികം ആയുർവ്വേദ-ഹോമിയോ ഡോക്ടർമാരും തെറാപ്പിസ്റ്റു കളും പങ്കെടുക്കും. യു. എ. ഇ. യിലെ ആദ്യ തുടർ മെഡിക്കൽ വിദ്യാഭ്യാസ പദ്ധതി (സി. എം.ഇ.) കൂടിയാണിത്.
ഓട്ടിസവും ആയുർവ്വേദവും, മാനസികാരോഗ്യ പരിപാലനം, നൂതന ഹോമിയോ ചികിത്സാ രീതികൾ, സന്ധിരോഗ ചികിത്സയിൽ റേഡിയോളജിയുടെ പങ്ക്, സ്ത്രീരോഗ പരിപാലനം, ത്വക് രോഗങ്ങളും പഞ്ച കർമയും തുടങ്ങി വിവിധ വിഷയങ്ങളിൽ പ്രമുഖ ഡോക്ടർമാർ പ്രബന്ധം അവതരിപ്പിക്കും. ആധുനിക ലോകത്ത് വ്യത്യസ്ത ചികിത്സാ രീതികൾ സമന്വയിപ്പിക്കുന്നതിന്റെ പ്രാധാന്യവും ഗവേഷണവും സമ്മേളനം ചർച്ച ചെയ്യും.
ഉദ്ഘാടന ചടങ്ങിൽ സായിദ് ഹെർബൽ സെന്റർ ആക്ടിംഗ് ഡയറക്ടർ ഡോ. ഗാനിം അലി മുഹമ്മദ് അൽബസ്സനി, അഹല്യ മെഡിക്കൽ ഗ്രൂപ്പ് സ്ഥാപകനും എം. ഡി. യുമായ ഡോ. വി. എസ്. ഗോപാൽ, ഇന്ത്യൻ എംബസി പ്രതിനിധി തുടങ്ങിയവർ പങ്കെടുക്കും.
ഈ വർഷത്തെ മികച്ച ക്ലിനിക്കൽ ആൻഡ് വെൽനസ് സെന്റർ ഓഫ് ദ് ഇയർ പുരസ്കാരം യു. എ. ഇ. സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ സമ്മാനിച്ചതായും അധികൃതർ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ അഹല്യ ഗ്രൂപ്പ് സീനിയർ മാനേജർ ഓപ്പറേ ഷൻസ് സൂരജ് പ്രഭാകരൻ, ആൾട്ടർ നേറ്റിവ് മെഡിസിൻസ് മാനേജർ സജീഷ് കൃഷ്ണ, ഡോ. പ്രജിഷ ഷരീഷ്, ഡോ. ഷിജി സന്തോഷ്, ഡോ. അഹല്യ രത്നാകരൻ, ഡോ. നാദിയ അബ്ദുൽ റഫീഖ്, മറ്റു ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ahalia-hospital, ayurveda, health, ആരോഗ്യം, പ്രവാസി, യു.എ.ഇ., വ്യവസായം, സാമൂഹ്യ സേവനം, സ്ത്രീ





























