
അബുദാബി : ദേശീയ ആയുർവ്വേദ ദിനാചരണത്തോട് അനുബന്ധിച്ച് അബുദാബി ഇന്ത്യൻ എംബസ്സിയുടെ സഹകരണത്തോടെ ‘ആയുർവ്വേദ ദിനം 2026’ എന്ന പേരിൽ എമിറേറ്റ്സ് ആയുർവ്വേദ ഗ്രാജ്വേറ്റ്സ് അസോസിയേഷൻ (EAGA) ബോധ വൽക്കരണ പരി പാടികൾ സംഘടിപ്പിച്ചു.
‘മെച്ചപ്പെട്ട ആരോഗ്യ ഫലങ്ങൾക്കായി സംയോജിത ആരോഗ്യ പരിപാലന മാതൃക’ (Integrative Healthcare Model) എന്ന വിഷയത്തിൽ ചർച്ച നടത്തി. യു.എ. ഇ. യിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ, പത്നി ഡോ. അൽപന മിത്തൽ, യു.എ.ഇ. ഇന്റഗ്രേറ്റീവ് മെഡിസിൻ കൗൺസിൽ അംഗം ഡോ. മറിയം അൽ അലി തുടങ്ങിയവർ സംബന്ധിച്ചു.
ഇന്ത്യയിലെ ആയുഷ് (AYUSH) മേഖലയിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ചും സംയോജിത ആരോഗ്യ പരിപാലന രീതിയുടെ ആവശ്യകതയെ ക്കുറിച്ചും ഇന്ത്യൻ അംബാസഡർ വിശദീകരിച്ചു.
‘ആരോഗ്യകരമായ നാളേയ്ക്കായി ആയുർവ്വേദ’ എന്ന വിഷയത്തിലുള്ള ബോധ വൽക്കരണ വീഡിയോയും പ്രമുഖ വ്യക്തികളുടെ അനുഭവക്കുറിപ്പുകളും ഉൾപ്പെടുത്തി ക്കൊണ്ടാണ് പരിപാടി അരങ്ങേറിയത്. ഡോ. ഐശ്വര്യ ഗോപാലകൃഷ്ണൻ ചർച്ചക്ക് നേതൃത്വം നൽകി. അബുദാബിയിലെ ആരോഗ്യ പ്രവർത്തകരും മേഖല യിലെ സംരംഭകരും ഉൾപ്പെടെ നൂറോളം ചർച്ചയിൽ പങ്കെടുത്തു.
ആയുഷ് മന്ത്രാലയ ത്തിന്റെ ആഹ്വാന പ്രകാരം 2016 മുതല്‍ ആയുർവ്വേദത്തിന്റെ പ്രചരണാര്‍ത്ഥം ദേശീയ ആയുർവ്വേദ ദിനം ആചരിച്ചു വരുന്നു.

































