ദുബായ് : പഴശ്ശിരാജ സ്മാരക ട്രസ്റ്റ് വീരകേരളവര്‍മ പഴശ്ശിരാജയുടെ പേരില്‍ ഏര്‍പ്പെടുത്തിയ പഴശ്ശിരാജ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രവാസി രത്ന പുരസ്കാരം ദുബായിലെ വ്യവസായ പ്രമുഖനായ കെ. പി. ജിജി കുമാറിനാണ് ലഭിച്ചത്. ചുരുങ്ങിയ മുതല്‍ മുടക്കില്‍ വ്യാപാരം ആരംഭിച്ച് ഇന്ന് യു.എ.ഇ. യിലെ കെട്ടിട നിര്‍മ്മാണ രംഗത്ത് എയര്‍ കണ്ടീഷനിംഗ് രംഗത്ത് ഏറ്റവും അധികം അറിയപ്പെടുന്ന നാമമായി മാറിയ ദുബായ് എയര്‍ കണ്ടീഷനിംഗ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനാണ് ജിജി കുമാര്‍. ഊര്‍ജ്ജ സംരക്ഷണത്തില്‍ ഊന്നിയ, ഏറ്റവും നൂതന സാങ്കേതിക വിദ്യകളില്‍ അധിഷ്ടിതമായ, സാങ്കേതിക മികവുറ്റ രൂപകല്പ്പനകളിലൂടെ എയര്‍കണ്ടീഷന്‍ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുവാന്‍ അദ്ദേഹത്തിന്റെ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. യു.എ.ഇ. യിലെ പ്ലാറ്റിനം റേറ്റിംഗ് ലഭിച്ച ആദ്യത്തെ ഗ്രീന്‍ ബില്‍ഡിംഗിന് പുറകില്‍ പ്രവര്‍ത്തിച്ചത് ഇദ്ദേഹത്തിന്റെ സ്ഥാപനമാണ്. തൃശൂര്‍ സ്വദേശിയായ ഇദ്ദേഹം ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നു.
വീര പഴശ്ശിരാജയുടെ ഇരുന്നൂറ്റി ആറാം വീരാഹൂതി ദിനത്തോടനുബന്ധിച്ച് കോഴിക്കോട് നടന്ന ചടങ്ങിലാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.
മറ്റു പുരസ്കാരങ്ങള്‍ : ധര്‍മഖഡ്ഗം പുരസ്‌കാരം – നിളാഭട്ട്, ആചാര്യ ശ്രേഷ്ഠ പുരസ്‌കാരം – മന്ത്രി ആര്യാടന്‍ മുഹമ്മദ്, വ്യവസായ പ്രതിഭ പുരസ്‌കാരം – മുകേഷ് അംബാനി, സര്‍ഗ പ്രതിഭ പുരസ്‌കാരം – അഡ്വ. പി. എസ്. ശ്രീധരന്‍ പിള്ള, ആചാര്യ രത്‌ന പുരസ്‌കാരം – വെട്ടിക്കോട്ട് പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സംഗീത രത്‌ന പുരസ്‌കാരം – എസ്. പി. ബാലസുബ്രഹ്മണ്യം, അഭിനയ കലാ രത്നം – ചിരഞ്ജീവി, വൈദ്യഭൂഷണ്‍ പുരസ്‌കാരം – ഡോ. പി. വി. ഗംഗാധരന്‍.
ജനുവരിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 00971 50 7861269 എന്ന നമ്പറില്‍ ബന്ധപ്പെടുക.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, nri, personalities, ജീവകാരുണ്യം, പ്രവാസി, ബഹുമതി