അബുദാബി : യു. എ. ഇ. യിലെ റോഡിന് മലയാളിയുടെ പേരു നൽകി യു. എ. ഇ. സർക്കാർ. പത്തനംതിട്ട തുമ്പമൺ സ്വദേശി ഡോക്ടർ ജോർജ്ജ് മാത്യുവിൻ്റെ പേര് നൽകിയത് അബുദാബി അല്‍ മഫ്‌റഖ് ശൈഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിക്ക് സമീപത്തുള്ള റോഡിനാണ്.
യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനൊപ്പം പ്രവർത്തിച്ച്, രാജ്യത്തിൻ്റെ ആരോഗ്യ മേഖലയിൽ നൽകിയ നിർണ്ണായക സംഭാവനകൾക്കുള്ള ആദരവാണ് ഈ അംഗീകാരം.
യു. എ. ഇ. ക്കു വേണ്ടി ദീര്‍ഘ വീക്ഷണത്തോടെ പ്രവര്‍ത്തിച്ചവരെ അനുസ്മരിക്കുന്നതിനായി പാതകള്‍ നാമകരണം ചെയ്യുന്നതിൻ്റെ ഭാഗമായി അബുദാബി മുനിസിപ്പാലിറ്റി & ട്രാന്‍സ്പോര്‍ട്ട് വകുപ്പാണ് മഫ്‌റഖ് ആശുപത്രിക്കു സമീപമുള്ള റോഡിന് ഡോക്ടർ ജോർജ്ജ് മാത്യുവിൻ്റെ പേര് നല്‍കിയത്. ഈ റോഡ് ഇനി മുതൽ ജോർജ്ജ് മാത്യു സ്ട്രീറ്റ് എന്നറിയപ്പെടും.
രാജ്യത്തിനു വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ചതിൻ്റെ അംഗീകാരം തന്നെയാണ് ഈ ആദരവ് എന്നും ഡോ. ജോർജ്ജ് മാത്യു പറഞ്ഞു. നേരത്തെ യു. എ. ഇ. പൗരത്വവും സാമൂഹിക സേവനത്തിനുള്ള പരമോന്നത സിവിലിയൻ ബഹുമതിയായ അബുദാബി പുരസ്കാരവും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
അൽ ഐനിലെ ആദ്യ സർക്കാർ ഡോക്ടർ എന്ന അംഗീകാരവും ജോർജ്ജ് മാത്യുവിനാണ്. ശൈഖ് സായിദിൻ്റെ ആശീർവാദത്തോടെ ആദ്യ ക്ലിനിക്കും പ്രവർത്തനം തുടങ്ങി. 57 വർഷമായി ഡോ. ജോർജ്ജ് മാത്യു യു. എ. ഇ. യിലുണ്ട്. 84-ാംവയസ്സിലും സേവന നിരതനായ അദ്ദേഹം പ്രസിഡൻഷ്യൽ ഡിപ്പാർട്ട് മെന്റിന് കീഴിലുള്ള പ്രൈവറ്റ് ഹെൽത്തിൻ്റെ തലവൻ ഡോ. അബ്ദുൽ റഹീം ജാഅഫറിനൊപ്പമാണ് പ്രവർത്തിക്കുന്നത്.
പത്തനംതിട്ട തുമ്പമണിലെ പടിഞ്ഞാറ്റിടത്ത് വീട്ടിലാണ് ജോര്‍ജ് മാത്യു വളര്‍ന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് 1965 ല്‍ എം. ബി. ബി. എസ്. പാസായി. പഠനം പൂര്‍ത്തിയായ ഉടന്‍ വിവാഹം. തിരുവല്ല സ്വദേശിനി വത്സയാണ് ഡോക്ടറുടെ പ്രിയതമ. കുവൈറ്റില്‍ നിന്ന് ഇരുവരും ഒരുമിച്ചാണ് 1967 ല്‍ യു. എ. ഇ. യിലേക്ക് എത്തിയത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-bus, dubai-road-transport, expat, nri, personalities, social-media, അബുദാബി, പ്രവാസി, ബഹുമതി, യു.എ.ഇ.