അബുദാബി : യു. എ. ഇ. ആരോഗ്യ മേഖലയുടെ വര്‍ത്തമാനവും ഭാവിയും പങ്കു വെക്കുന്ന അബുദാബി ഗ്ലോബല്‍ ഹെല്‍ത്ത് വീക്കില്‍ രാജ്യത്തിന്റെ ആരോഗ്യ മേഖല യിലെ അതികായനും മലയാളി യുമായ ഡോക്ടര്‍ ജോര്‍ജ് മാത്യു വിന് ആദരം.
പ്രമുഖ ഇമാറാത്തി ഓങ്കോളജിസ്റ്റ് പ്രഫ. ഹുമൈദ് അല്‍ ഷംസിയുടെ ‘ഹെല്‍ത്ത് കെയര്‍ ഇന്‍ ദി യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് ഡോ. ജോര്‍ജിന്റെ സംഭാവനകളെ ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ ആദരിച്ചത്. ആരോഗ്യ മേഖല കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ഡോ. ജോർജ്ജ് മാത്യു, യു. എ. ഇ. യുടെ ആരോഗ്യ വളര്‍ച്ച വ്യക്തമാക്കുന്ന പുസ്തകത്തിന്റെ ആദ്യ കോപ്പി ഡോ. ജോര്‍ജ് ഏറ്റു വാങ്ങുന്നത് ഏറെ അഭിമാനകരമാണെന്ന് പ്രഫ. ഹുമൈദ് പറഞ്ഞു.
പൊതു പരിപാടികളില്‍ അപൂര്‍വമായി മാത്രം പങ്കെടുക്കാറുള്ള ഡോ. ജോര്‍ജ് മാത്യു വിന്റെ വാക്കുകള്‍ കേള്‍ക്കാനായി ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധി പ്രമുഖരാണ് അബുദാബി ഗ്ലോബല്‍ ഹെല്‍ത്ത് വീക്കിലെ ബുര്‍ജീല്‍ ഹോൾഡിംഗ്‌സ് ബൂത്തിൽ എത്തിയത്. ബുർജീൽ സ്ഥാപകനും ചെയര്‍ മാനുമായ ഡോ. ഷംഷീര്‍ വയലില്‍, സി. ഇ. ഒ. ജോണ്‍ സുനില്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനൊപ്പം പ്രവർത്തിച്ച്, രാജ്യത്തിൻ്റെ ആരോഗ്യ മേഖലയിൽ നൽകിയ നിർണ്ണായക സംഭാവനകൾക്കുള്ള ആദരവായി പത്തനം തിട്ട തുമ്പമൺ സ്വദേശി ഡോക്ടർ ജോർജ്ജ് മാത്യുവിൻ്റെ പേര് നൽകിയത് അബുദാബി അല്‍ മഫ്‌റഖ് ശൈഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിക്ക് സമീപമുള്ള റോഡിനായിരുന്നു.
മാത്രമല്ല യു. എ. ഇ. പൗരത്വം, പരമോന്നത സിവിലിയൻ ബഹുമതിയായ അബുദാബി അവാർഡ് എന്നിവ യിലൂടെ യും ഡോ. ജോർജ് മാത്യുവിന്റെ സംഭാവന കളെ രാജ്യം ആദരിച്ചിട്ടുണ്ട്.