ദുബായ് : അമ്മമാർക്ക് ആദരവ് അർപ്പിക്കുവാൻ യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം തുടങ്ങിയ മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിനിലേക്ക് ഒരു മില്യൺ ദിർഹം (2.25 കോടി രൂപ) സംഭാവന പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിംഗ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ.
സ്വന്തം അമ്മമാരോടുള്ള ആദര സൂചകമായി സംഭാവന നൽകാൻ ആഹ്വാനം ചെയ്യുന്ന ഉദ്യമം വിദ്യാഭ്യാസത്തിലൂടെ അധഃസ്ഥിതരായ വ്യക്തികളെ പിന്തുണക്കുവാനും ശാക്തീകരിക്കാനുമാണ് ലക്ഷ്യമിടുന്നത്. മാതാ പിതാക്കളെ ബഹുമാനിക്കുന്ന മൂല്യങ്ങൾ, ദയ, അനുകമ്പ, ഐക്യ ദാർഢ്യം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതോടൊപ്പം മാനുഷിക ദൗത്യങ്ങളിലെ യു. എ. ഇ. യുടെ പങ്ക് ഉയർത്തിക്കാട്ടുക കൂടിയാണ് മദേഴ്‌സ് എൻഡോവ്‌മെൻ്റ്.
ലോകത്തിലെ ദുരിതങ്ങൾ ലഘൂകരിച്ചു കൊണ്ട് ദയയിലും അനുകമ്പയിലും ഊന്നിയ യു. എ. ഇ. യുടെ സന്ദേശം വ്യാപിപ്പിക്കുകയാണ് ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം ആരംഭിച്ച മദേഴ്‌സ് എൻഡോവ് മെൻ്റ് ക്യാംപയിൻ എന്ന് ഡോ. ഷംഷീർ പറഞ്ഞു. മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം ഗ്ലോബൽ ഇനിഷ്യേറ്റീ വിൻ്റെ സാമൂഹ്യ പ്രതിബദ്ധതക്കും യു. എ. ഇ. യുടെ സഹായ സന്നദ്ധത പിന്തുണ ഏകിയാണ് ക്യാംപയിനിലേക്കുള്ള സംഭാവന എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോള തലത്തിലെ മാനുഷികവും വികസന പരവുമായ സംരംഭങ്ങൾക്കുള്ള ഏറ്റവും വലിയ പ്രാദേശിക ഫൗണ്ടേഷൻ, മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം ഗ്ലോബൽ ഇനിഷ്യേറ്റീവിന് കീഴിലാണ് മദേഴ്‌സ് എൻഡോവ്‌മെൻ്റ് പുരോഗമിക്കുന്നത്. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നിർദ്ദേശ പ്രകാരം മുൻ വർഷങ്ങളിൽ നടപ്പാക്കിയ മാനുഷിക ഉദ്യമങ്ങളുടെ നേട്ടങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ പരിപാടി.