കുവൈത്ത് സിറ്റി: കുവൈറ്റ് – ഇറാഖ് വിമാന സര്‍വീസ് പുനരാരംഭിക്കുന്നു. 20 വര്‍ഷത്തിലേറെ നീണ്ട കാലത്തിനുശേഷം ആണ് കുവൈത്തില്‍നിന്ന് യാത്രക്കാരെയും കൊണ്ട് ഒരു വിമാനം ഇറാഖിന്‍െറ മണ്ണില്‍ ഇറങ്ങുന്നത്. ഇറാഖും കുവൈത്തും തമ്മിലുള്ള പ്രശ്നങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള നല്ലൊരു ചുവടുവെപ്പാണിതെന്ന് ഇക്കാര്യം സ്ഥിരീകരിച്ച ഇറാഖ് ഗതാഗത മന്ത്രിയുടെ ഉപദേശകന്‍ കരീം അല്‍ നൂരി അഭിപ്രായപ്പെട്ടു.
കുവൈത്തിലെ ഏക സ്വകാര്യ വിമാനക്കമ്പനിയായ ജസീറ എയര്‍വെയ്സാണ് ഇറാഖിലേക്ക് സര്‍വീസ് നടത്തുന്നത്. തലസ്ഥാനമായ ബഗ്ദാദിലേക്കും നജഫ് നഗരത്തിലേക്കും ആഴ്ചയില്‍ നാലു വീതം സര്‍വീസുകള്‍ നടത്താനാണ് ജസീറ എയര്‍വേയ്സിന് അനുമതി നല്‍കിയിരിക്കുന്നതെന്ന് ഇറാഖ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാന്‍ നാസര്‍ ഹുസൈന്‍ അല്‍ ബന്ദര്‍ അറിയിച്ചു.
സദ്ദാം ഹുസൈന്‍െറ സൈന്യം 1990ല്‍ കുവൈത്തില്‍ അധിനിവേശം നടത്തിയ ശേഷം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വിമാന സര്‍വീസ് ഉണ്ടായിട്ടില്ല. അധിനിവേശ കാലത്ത് കുവൈത്തില്‍നിന്ന് ഇറാഖ് സൈന്യം വിമാനങ്ങള്‍ കടത്തിക്കൊണ്ടുപോയിരുന്നു. ഇത് സംബന്ധിച്ച് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കം അന്താരാഷ്‌ട്ര ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. കുവൈറ്റില്‍ നിന്നും പത്തോളം വിമാനങ്ങള്‍ ഇറാഖ് കടത്തികൊണ്ടു പോയിരുന്നു. ഈ കേസില്‍ ഇറാഖ് 120 കോടി ഡോളര്‍ കുവൈറ്റിനു നഷ്ടപരിഹാരം നല്‍കണമെന്ന് ലണ്ടന്‍ കോടതി വിധി വന്നിരുന്നു. എന്നാല്‍ ഇറാഖ് ഇത് നല്‍കിയിരുന്നില്ല. സമീപകാലത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്‍െറ ഭാഗമായി കുവൈത്തില്‍ സന്ദര്‍ശനം നടത്തിയ ഇറാഖ് പ്രധാനമന്ത്രി നൂരി അല്‍ മാലികി നഷ്ടപരിഹാരമായി 50 കോടി ഡോളര്‍ നല്‍കാമെന്ന് സമ്മതിച്ചതോടെയാണ് വ്യോമയാന രംഗത്തെ തര്‍ക്കത്തിന് അയവുവന്നത്. ഇതിനുപിന്നാലെയാണ് ജസീറ എയര്‍വേയ്സിന് ഇറാഖിലേക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുവൈറ്റ്