അബുദാബി : ഇന്ത്യ സോഷ്യല്‍ & കള്‍ച്ചറല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന ഐ. എസ്. സി. – യു. എ. ഇ. തല ഓപ്പണ്‍ യൂത്ത് ഫെസ്റ്റിവല്‍ 2023 ജനുവരി 20 ന് (വെള്ളി) തുടക്കമാവും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന യൂത്ത് ഫെസ്റ്റിവലില്‍ വിവിധ കലാ വിഭാഗങ്ങളിലായി യു. എ. ഇ. യിലെ എല്ലാ എമിറേറ്റുകളിലേയും ഇന്ത്യന്‍ സ്കൂളുകളില്‍ നിന്നുമായി നാനൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും എന്ന് ഐ. എസ്. സി. ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രായത്തിന്‍റെ അടിസ്ഥാനത്തില്‍ കിഡ്‌സ് (3-6 വയസ്സ്), സബ് ജൂനിയര്‍ (7-9 വയസ്സ്), ജൂനിയര്‍ (10-12 വയസ്സ്), സീനിയര്‍ (13-15 വയസ്സ്), സൂപ്പര്‍ സീനിയര്‍ (16-18 വയസ്സ്) എന്നിങ്ങനെ അഞ്ച് കാറ്റഗറികളിലാണ് മല്‍സരങ്ങള്‍ അരങ്ങേറുക.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികൾ ജനുവരി16 നു മുൻപായി ഓണ്‍ ലൈന്‍ ലിങ്ക്, സ്‌കൂളുകള്‍ വഴി, ഐ. എസ്. സി. വെബ് സൈറ്റ് വഴിയും റജിസ്റ്റര്‍ ചെയ്യാം.
വിജയികള്‍ക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ വ്യക്തിഗത സമ്മാനങ്ങള്‍ക്കു പുറമേ പോയിന്‍റ് അടിസ്ഥാന ത്തില്‍ ഐ. എസ്. സി. പ്രതിഭ-2023, ഐ. എസ്. സി. തിലക് – 2023 എന്നീ പുരസ്കാരങ്ങളും സമ്മാനിക്കും.
ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, സെമി ക്ലാസിക്കല്‍, ഫോക്ക് ഡാന്‍സ്, ഒഡീസി, കഥക്, തുടങ്ങിയ നൃത്ത ഇനങ്ങളും കര്‍ണാട്ടിക്, ഹിന്ദുസ്ഥാനി, ലളിത ഗാനം, സിനിമാ ഗാനങ്ങള്‍ (കരോക്കെ), ഇന്‍സ്ട്രുമെന്‍റ് (വാദ്യോപകരണ സംഗീതം), മോണോ ആക്ട്, ഫാന്‍സി ഡ്രസ്സ്, ഡ്രോയിംഗ്, പെയിന്‍റിംഗ് തുടങ്ങിയ മല്‍സര ഇനങ്ങള്‍ ഇന്ത്യാ സോഷ്യല്‍ സെന്‍ററിന്‍റെ അഞ്ച് വേദികളിലായി അരങ്ങേറും.
ഐ. എസ്. സി. പ്രസിഡണ്ട് ഡി. നടരാജന്‍, ജനറല്‍ സെക്രട്ടറി പി. സത്യബാബു, ട്രഷറര്‍ ലിംസണ്‍ കെ. ജേക്കബ്, ലിറ്റററി സെക്രട്ടറി ദീപക് കുമാര്‍ ഡാഷ്, യൂത്ത് ഫെസ്റ്റിവൽ പ്രായോജക പ്രതിനിധികളായ ഭവന്‍സ് സ്‌കൂള്‍ ചെയര്‍മാന്‍ സൂരജ് രാമചന്ദ്രന്‍, മെഡിയോര്‍ & എല്‍. എല്‍. എച്ച്. ഹോസ്പിറ്റല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ഡോ. നവീന്‍ ഹൂദ് അലി, അഹല്യ ഹോസ്പിറ്റല്‍ ബിസിനസ്സ് ഡവലപ്പ് മെന്‍റ് മാനേജര്‍ ഹരിപ്രസാദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍, കുട്ടികള്‍, ചിത്രകല, നൃത്തം, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, സംഗീതം, സംഘടന, സാംസ്കാരികം