
ദുബായ് : മിഡിൽ ഈസ്റ്റിലെ പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ ബുർജീൽ ഹോൾഡിംഗ്‌സ്, ദുബായ് സിലിക്കൺ ഒയാസിസിലെ സിലിക്കൺ സെൻട്രൽ മാളിൽ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ബുർജീൽ മെഡിക്കൽ സെന്റർ പ്രവർത്തനം ആരംഭിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി പുതിയ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ബുർജീൽ ഹോൾഡിംഗ്‌സ് ചെയർമാനും സി. ഇ. ഒ. യു മായ ഡോ. ഷംഷീർ വയലിൽ, എമിറേറ്റ്‌സ് എയർ ലൈൻ ഡെപ്യൂട്ടി പ്രസിഡണ്ടും ചീഫ് ഓപ്പറേഷൻസ് ഓഫീസറുമായ അദേൽ അഹമ്മദ് അൽ റെദ, ദുബായ് സിലിക്കൺ ഒയാസിസ് അതോറിറ്റി സീനിയർ ഡയറക്ടർ ഒമർ അൽ ഫാഹിം, ബുർജീൽ റോയൽ ഹോസ്പിറ്റലിലെ ഗ്യാസ്ട്രോ എൻട്രോളജി കൺസൾട്ടന്റ് ഡോ. സയീദ് അൽ ഷെയ്ഖ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
![]()
പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട് മെഡിക്കൽ സെന്ററാണ് സിലിക്കൺ സെൻട്രൽ മാളിൽ സജ്ജമാക്കിയത്. അപ്പോയിന്റ്‌മെന്റുകൾ മുതൽ മരുന്ന് വാങ്ങുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും ഡിജിറ്റൽ ശൃംഖല യുമായി ബന്ധിപ്പിച്ചു. ആയതിനാൽ രോഗികൾക്ക് വളരെ വേഗത്തിൽ സേവനങ്ങൾ ലഭ്യമാകും.
ആദ്യഘട്ടത്തിൽ ഇന്റേണൽ മെഡിസിൻ, പീഡിയാട്രിക്‌സ്, ഗൈനക്കോളജി, പൾമണോളജി എന്നീ വിഭാഗങ്ങളാണ് ഇവിടെ പ്രവർത്തിക്കുക. എക്സറേ, അൾട്രാസൗണ്ട്, ലബോറട്ടറി സേവനങ്ങൾ, ഐ. വി. ഇൻഫ്യൂഷൻ സൗകര്യവും ബുർജീൽ ഫാർമസിയും ഇവിടെ ഒരുക്കിയിട്ടുണ്ട്.
രണ്ടാം ഘട്ടത്തിൽ ഇ. എൻ. ടി, ഡെന്റൽ, ഡെർമറ്റോളജി വിഭാഗങ്ങളും സജ്ജമാകും.
യു. എ. ഇ. യിലെ വിവിധ നഗരങ്ങളിലുള്ള ബുർജീൽ ആശുപത്രികളുമായി ഈ സെന്റർ നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ളതിനാൽ കൂടുതൽ വിദഗ്ധ ചികിത്സ ആവശ്യം ഉള്ളവർക്ക് തടസ്സം ഇല്ലാത്ത സേവനം ഉറപ്പാക്കാൻ സാധിക്കും.
യു. എ. ഇ. : വലിയ ആത്മ വിശ്വാസം നൽകുന്ന രാജ്യം
ജനങ്ങൾക്കും ബിസിനസ് സംരംഭങ്ങൾക്കും എന്നും വലിയ ആത്മ വിശ്വാസം നൽകുന്ന രാജ്യമാണ് യു. എ. ഇ. ആ വിശ്വാസം ശക്തമായി തുടരുകയാണ് എന്നും ബുർജീൽ മെഡിക്കൽ സെന്റർ ഉദ്ഘാടനം ചെയ്തു കൊണ്ട് എം. എ. യൂസഫലി പറഞ്ഞു.
രാജ്യത്തുടനീളം പുതിയ പദ്ധതികൾ ആരംഭിക്കാനും നിക്ഷേപം നടത്താനും ബിസിനസ് ലോകം മുന്നോട്ട് വരുന്നത് ഇതിന്റെ തെളിവാണ്. ആരോഗ്യ മേഖല ഏതൊരു സമൂഹത്തിനും ഏറ്റവും പ്രധാനപ്പെട്ടതാണ്. ഇത്തരം സംരംഭങ്ങൾ ഗുണമേന്മയുള്ള ചികിത്സ ജനങ്ങളിലേക്ക് നേരിട്ടു എത്തിക്കുവാൻ സഹായിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു. എ. ഇ. യോടുള്ള പ്രതിബദ്ധത ദീർഘ കാല അടിസ്ഥാനത്തിൽ ഉള്ളതും സുസ്ഥിരവും ആണെന്നും ഡോ. ഷംഷീർ വയലിൽ പറഞ്ഞു. ഗുണ നിലവാരം ഉള്ള ആരോഗ്യ പരിരക്ഷ ജനങ്ങൾക്ക് കൂടുതൽ പ്രാപ്യം ആക്കുന്നതിനായി ബുർജീൽ ശൃംഖല വിപുലീകരിക്കുന്നത് തുടരും.
ക്ലിനിക്കൽ മികവും സ്മാർട്ട് സിസ്റ്റങ്ങളും സമന്വയിപ്പിക്കുന്ന ഇത്തരം സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ മെഡിക്കൽ സെന്ററുകൾ അനായാസമായ ഒ. പി. സേവനങ്ങൾ ലഭ്യമാക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു ദശലക്ഷം ദിർഹത്തിന്റെ ആരോഗ്യ പദ്ധതി
സിലിക്കൺ ഒയാസിസ് നിവാസികൾക്കായി 10 ലക്ഷം ദിർഹത്തിന്റെ കമ്മ്യൂണിറ്റി ഹെൽത്ത് ഇനീഷ്യേറ്റീവ് ബുർജീൽ ഹോൾഡിംഗ്‌സ് പ്രഖ്യാപിച്ചു. ഈ പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന ഇവിടത്തെ 1,000 താമസ ക്കാർക്ക് 1,000 ദിർഹം വീതമുള്ള ഹെൽത്ത് ക്രെഡിറ്റുകൾ ലഭിക്കും.
രോഗ പരിശോധനകൾ, കൺസൾട്ടേഷനുകൾ, വെൽനസ് പ്രോഗ്രാം എന്നിവക്കായി ഈ തുക പുതിയ സെന്ററിൽ ഉപയോഗപ്പെടുത്താം. താല്പര്യം ഉള്ളവർക്ക് സെന്ററിന്റെ സോഷ്യൽ മീഡിയ പേജുകൾ വഴി ഈ ആനുകൂല്യത്തിനായി രജിസ്റ്റർ ചെയ്യാം.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: health, lulu-group, vps-burjeel, ദുബായ്, പ്രവാസി, യൂസഫലി, വ്യവസായം, സാമ്പത്തികം





























